മമ്പുറം തങ്ങളും മതപണ്ഡിതരും
മതങ്ങൾക്കിടയിൽ ഭിന്നതയുടെ മതിൽ പണിയുകയും സാമുദായികാന്തരീക്ഷങ്ങളെ വർഗീയധ്രുവീകരണങ്ങളാൽ മലീമസമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളും പിന്നോക്കവിഭാഗങ്ങളും അരികുവത്കരണത്തിന്റെയും അപരവത്കരണത്തിന്റെയും ഇരകളായി കഴിയുന്ന വർത്തമാനകാലത്ത് പുനർവായനക്കും ഗവേഷണങ്ങൾക്കും വിധേയമാക്കേണ്ട അതുല്യ വ്യക്തിത്വമാണ് മമ്പുറം ഖുഥ്ബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി.
മലബാറിന്റെ മത-സാമൂഹിക-രാഷ്ട്രീയ മേഖലകളിൽ കൃത്യമായ ഇടപെടലുകൾ നടത്തി, മതപണ്ഡിതർക്കും സാമൂഹിക പരിഷ്‌കർത്താക്കൾക്കും മികച്ച മാതൃക കാണിച്ചാണ് അദ്ദേഹം വിടവാങ്ങിയത്. 1761-ൽ ഹള്‌റമൗത്തിലെ തരീം പട്ടണത്തിലെ വിശ്വപ്രസിദ്ധമായ ബാഅലവി സയ്യിദ് കുടുംബത്തിലാണ് ജനനം. ബാല്യം തൊട്ടേ വിജ്ഞാനദാഹവും സഞ്ചാര കൗതുകവും പ്രകടിപ്പിച്ച അദ്ദേഹം തന്റെ പതിനേഴാം വയസ്സിൽ ഹിജ്‌റ 1183 റമദാൻ 19ന് യമനിലെ മുകല്ല തുറമുഖത്തു നിന്നു മലബാറിലേക്ക് കപ്പൽ കയറി. ആദ്യം കോഴിക്കോട്ടും തുടർന്ന് മമ്പുറത്തും താമസമാക്കി.
തികഞ്ഞ മതപണ്ഡിതനും ആത്മീയാചാര്യനുമായ അദ്ദേഹം ആയുഷ്‌കാലമത്രയും ജാതി-മത വൈജാത്യങ്ങൾക്കതീതമായി സാമൂഹിക ക്ഷേമപ്രവർത്തനങ്ങളിൽ വ്യാപൃതരായ അപൂർവ വ്യക്തിത്വമായിരുന്നു. നിശിത മതനിഷ്ഠ അനുവർത്തിക്കുന്നതോടൊപ്പം സാമൂഹിക വിഷയങ്ങളിൽ മതാതീതമായ ഇടപെടലുകൾ നടത്തി, സർവരാലും പൊതുസമ്മിതി നേടിയ മഹാമനീഷി കൂടിയായിരുന്നു. മത വിഷയങ്ങളെ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പണ്ഡിതനായി ജീവിക്കാൻ താത്പര്യപ്പെട്ടില്ല. പ്രത്യുത, മതപരവും സാമൂഹികവും രാഷ്ട്രീയപരവുമായ സർവ വിഷയങ്ങളെ അഭിമുഖീകരിക്കാനും സമൂഹത്തിന് വേണ്ട മാർഗദർശനം നടത്താനുമായിരുന്നു ജീവിതം നീക്കിവച്ചത്.
ആധ്യാത്മിക ജീവിതത്തിന്റെ സർവരഹസ്യങ്ങളും ആവാഹിച്ച മഹാജ്ഞാനി എന്നതു പോലെത്തന്നെ കർമശാസ്ത്ര വിഷയങ്ങളിലും സങ്കീർണ പൊതുകാര്യങ്ങളിലും തീർപ്പ് കൽപിച്ചിരുന്ന സമർഥനായ വിശാരദനും സാമൂഹിക പരിഷ്‌കർത്താവുമായി വർത്തിക്കാൻ അദ്ദേഹത്തിനു സാധിച്ചു. മത -സാമൂഹിക പ്രശ്‌നങ്ങൾക്കും ശാരീരിക-മാനസിക പ്രയാസങ്ങൾക്കും പ്രതിവിധി തേടി മമ്പുറം തങ്ങളെ സമീപിച്ചിരുന്നത് ജനസഞ്ചയമായിരുന്നു. ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മറ്റും ജന്മമെടുക്കുന്നതിന്റെ വർഷങ്ങൾക്കു മുൻപേ ഇവിടെ സാമൂഹിക ഉത്ഥാനത്തിന് നാന്ദികുറിച്ചത് മമ്പുറം തങ്ങളായിരുന്നുവെന്നതിൽ ഭിന്നാഭിപ്രായമുണ്ടാകില്ല. സമൂഹത്തിൽ വ്യാപിച്ചിരുന്ന ഉച്ച നീചത്വ ബോധങ്ങളെ നിഷ്‌കാസനം ചെയ്യുന്നതിനും മതങ്ങൾക്കതീതമായി മാനവികതയുടെ പ്രവിശാല പരിപ്രേക്ഷ്യത്തിൽ അവരെ സംഘടിപ്പിക്കുന്നതിനും അദ്ദേഹം സ്വീകരിച്ച ശൈലി പുതിയ കാല മതാചാര്യർക്കും രാഷ്ട്രീയക്കാർക്കും മികച്ച മാതൃകയാക്കാവുന്നതാണ്.
തീവ്രമായ ദേശീയതാവാദങ്ങളും ഫാസിസ്റ്റ് ആശയങ്ങളും ഭീതി പടർത്തുന്ന കാലിക സാഹചര്യത്തിൽ, മമ്പുറം തങ്ങളുടെ പക്വമാർന്ന സമീപനങ്ങളെയും പ്രവർത്തന ശൈലിയെയും കൂടുതൽ ഗവേഷണങ്ങൾക്കും ചരിത്രവിശകലനങ്ങൾക്കും വിധേയമാക്കേണ്ടതുണ്ട്.മത-ആത്മീയ മേഖലയിൽ വിരാജിക്കുമ്പോഴും താൻ ജീവിക്കുന്ന സാമൂഹിക പശ്ചാത്തലങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും അവശ്യഘട്ടങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്തു. മമ്പുറം തങ്ങളെ രാഷ്ട്രീയ പോരാളിയായി മാത്രം അവതരിപ്പിക്കുന്നതു ശരിയല്ല. ബ്രിട്ടിഷ് ആധിപത്യകാലത്ത് സ്വാതന്ത്ര്യ പോരാട്ടങ്ങൾ ശക്തമായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ രംഗപ്രവേശനം. അധിനിവേശവിരുദ്ധ പോരാട്ടങ്ങളെ ഹിന്ദു-മുസ്‌ലിം കലാപമാക്കി മാറ്റാനും അതുവഴി മലബാർ മേഖലയിൽ ആധിപത്യം സ്ഥാപിച്ചെടുക്കാനുമുള്ള അവരുടെ കുതന്ത്രങ്ങളെ തകർത്തതും ജാതി-മത ഭേദമന്യെ എല്ലാവരെയും സംഘടിപ്പിച്ച് നിലനിൽപ്പിനായുള്ള പോരാട്ടത്തിനു നേതൃത്വം നൽകിയതും മമ്പുറം തങ്ങളായിരുന്നു എന്നതാണ് വസ്തുത. പ്രവാചക കുടുംബ പരമ്പരയിലുള്ള സയ്യിദുമാർക്ക് മലബാറിൽ ലഭിച്ചിരുന്ന സഹജമായ ആദരവും ബഹുമാനവും ഇതര സമുദായങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ മമ്പുറം തങ്ങൾക്കു സാധിച്ചു. അവഗണനയുടെ ദുർവഹഭാണ്ഡം പേറിയിരുന്ന ദലിത്-പിന്നോക്ക വിഭാഗങ്ങൾക്ക് മാനുഷിക പരിഗണനയും സാന്ത്വന സ്പർശവും തങ്ങൾ വേണ്ടുവോളം നൽകി. മലബാറിലെ കീഴാള-കർഷക വിഭാഗത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്നായ കോഴിക്കളിയാട്ടം ഇന്നും ആരംഭം കുറിക്കുന്നത് മമ്പുറം മഖാമിൽ നിന്ന് ആശീർവാദം വാങ്ങിയ ശേഷമാണ്. കോന്തുനായർ എന്ന അമുസ്‌ലിമിനെ ഗുമസ്തനായി നിയമിച്ചതും തന്റെ വീടുപണിക്ക് കോയൻ കുറുപ്പിനെ ഏൽപിച്ചിരുന്നതും അവർണ വിഭാഗങ്ങളുടെ ഉൽകർഷത്തിനായി ബഹുമുഖ പ്രവർത്തനങ്ങൾ നടത്തിയതുമെല്ലാം ഇതര മതസ്ഥരോടുള്ള അദ്ദേഹത്തിന്റെ വിശാല കാഴ്ചപ്പാടിന്റെ നേർസാക്ഷ്യങ്ങളാണ്. എന്നാൽ മതസൗഹാർദത്തിന്റെ പേരിൽ തന്റെ ആദർശത്തെയും അനുഷ്ഠാനങ്ങളെയും ബലി നൽകാൻ തയാറായതുമില്ല.
പണ്ഡിതൻ എന്ന രീതിയിൽ തങ്ങൾ നടത്തിയ ഇടപെടലുകൾ പുതിയ കാലത്തെ പണ്ഡിതർക്ക് മാതൃകയാണ്. തന്റെ അനുയായികളെ നിയന്ത്രിച്ചതും നിർദേശം നൽകിയതുമെല്ലാം പ്രധാനമായും മലബാറിന്റെ വിവിധ ഇടങ്ങളിൽ താൻ നിർമിച്ച പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു. ബ്രിട്ടിഷ് ഭരണകൂടം മലബാറിൽ നടപ്പാക്കിയ ഭാരിച്ച നികുതിയും പുകയില, തടി തുടങ്ങിയവയിലെ കുത്തക വ്യാപാരവും മുതലാളിമാരുടെ പീഡനവും ജനജീവിതം ദുസ്സഹമാക്കിയപ്പോൾ അതിനെ സാമൂഹിക പ്രശ്‌നമായി തങ്ങൾ സമീപിച്ചു. ബ്രിട്ടിഷുകാർക്ക് നികുതി നൽകില്ലെന്ന് തുറന്നുപറയാൻ ചങ്കൂറ്റം കാണിച്ച കേരളത്തിന്റെ സ്വാതന്ത്ര്യ സമര നായകനും പണ്ഡിത വരേണ്യനുമായിരുന്ന വെളിയങ്കോട് ഉമർ ഖാസിക്ക് ഊർജ്ജവും സമരാവേശവും പകർന്നത് തന്റെ ആത്മീയ ഗുരുവായ തങ്ങളായിരുന്നു. സാമൂഹിക വിഷയങ്ങളെ അന്യമായി കാണാനോ അത്തരം പ്രശ്‌നങ്ങളിൽ മൗനിയാകാനോ തങ്ങൾക്ക് താൽപര്യമില്ലായിരുന്നു. ഭാവി സമൂഹം നേരിടുന്ന മഹാവിപത്തുകൾ സംബന്ധിച്ച് അദ്ദേഹം പ്രവചനം നടത്തി. സമൂഹം കരുതിയിരിക്കേണ്ടതും പ്രതിരോധം തീർക്കേണ്ടതുമായ പ്രത്യയശാസ്ത്രങ്ങൾ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പും നൽകി. മതവും രാഷ്ട്രീയവും ഭിന്ന ധ്രുവങ്ങളാക്കി ചിത്രീകരിക്കുന്നവർക്ക് മമ്പുറം തങ്ങളുടെ ജീവിതം കൂടുതൽ പഠനവിധേയമാക്കാവുന്നതാണ്.
അദ്ദേഹത്തിന്റെ വിയോഗാനന്തരം തൽസ്ഥാനത്തു വന്ന ഏകമകൻ സയ്യിദ് ഫദ്ൽ പൂക്കോയ തങ്ങൾ പിതാവിനേക്കാളേറെ ശക്തനും അധിനിവേശശക്തികൾക്കെതിരേ ധീരനുമായി നിലകൊണ്ടു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നേതൃസാന്നിധ്യം ഇല്ലായ്മ ചെയ്യാൻ ബ്രിട്ടിഷുകാർ ബഹുവിധ കുതന്ത്രങ്ങൾ ആവിഷ്‌കരിച്ചു. എട്ടു വർഷം പിന്നിട്ടപ്പോഴേക്കു അവരതിൽ വിജയം നേടി. തനിക്കും കുടുംബാംഗങ്ങൾക്കും പരിചാരകർക്കുമെല്ലാമായി വെച്ചു നീട്ടപ്പെട്ടത് ഹജ്ജ് തീർഥാടനമെന്ന കെണിയായിരുന്നു. 1852 മാർച്ച് മാസം സയ്യിദ് ഫദ്ൽ സാരഥിയായുള്ള ഹജ്ജ് സംഘം അറേബ്യയിലേക്ക് പുറപ്പെട്ടു. അതോടെ സംഭവിച്ചത് മമ്പുറം തങ്ങൾ കുടുംബം നാടുകടത്തപ്പെടുക എന്നതായിരുന്നു. പിന്നീട് ളുഫാറിലെ ഗവർണറും ഉസ്മാനി ഖലീഫമാരുടെ ഉപദേഷ്ടാവുമായ സയ്യിദ് ഫദ്ൽ ബാശയുടെ അഞ്ചാം തലമുറയെ ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയാണ് 2010-ൽ വീണ്ടും കേരളത്തിൽ കൊണ്ടുവന്നത്.
ഹിജ്‌റ 1260 (1845) മുഹർറം 7 ന് മമ്പുറം തങ്ങളുടെ സംഭവ ബഹുലമായ ജീവിതത്തിന് തിരശ്ശീല വീണെങ്കിലും അദ്ദേഹത്തിന്റെ ഒളിമങ്ങാത്ത സ്മരണകൾ ഇന്നും സമൂഹത്തിൽ അലയടിക്കുന്നു. ഓരോ ആണ്ടുനേർച്ചയും ആ മഹജ്ജീവിതം അനുസ്മരിക്കാനും പകർന്നുനൽകാനുമുള്ള അവസരങ്ങളാണ്. ആ ജീവിതം മാതൃകയാക്കി, രാജ്യവ്യാപകമായി മത-സാമൂഹിക ശാക്തീകരണം സാധ്യമാക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണിന്ന് മഖാം നടത്തിപ്പുകാരായ ദാറുൽഹുദാ കുടുംബം. കേരളേതര മുസ്്‌ലിം ജനതക്കിടയിൽ സാമൂഹിക ഉത്ഥാനം സാധിച്ചെടുക്കാനുള്ള ആത്മബലവും ഊർജ്ജവും നേടിയെടുക്കാനുള്ള പാഥേയം മമ്പുറം തങ്ങളുടെ കരുതലും സാമീപ്യവുമെന്നു തന്നെയാണ് ദൃഢവിശ്വാസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."