മന്ത്രി ഒഴിഞ്ഞെങ്കിലും സ്റ്റാഫിന് പണികിട്ടി
സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫിന് പുനർനിയമനം
പി.കെ മുഹമ്മദ് ഹാത്തിഫ്
തിരുവനന്തപുരം • ഭരണഘടനാവിരുദ്ധ പ്രസംഗത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സജി ചെറിയാന്റെ പഴ്സനൽ സ്റ്റാഫുകൾക്ക് പുനർനിയമനം. സജി ചെറിയാൻ കൈകാര്യം ചെയ്ത വകുപ്പുകൾ വിഭജിച്ചു നൽകിയ മന്ത്രിമാരുടെ സ്റ്റാഫിലേക്കാണ് ഇവരെ നിയമിച്ചത്. ഇതിൽ ഒരാൾക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലും നിയമനം നൽകി. സജി ചെറിയാന്റെ സ്റ്റാഫ് അംഗമായിരുന്ന കണ്ണൂർ സ്വദേശി കെ.വി ഷിംജിത്തിനെയാണ് മുഖ്യമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയത്.
അഞ്ചുപേരെ വീതം വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ പഴ്സനൽ സ്റ്റാഫിലേക്ക് മാറ്റി നിയമിച്ചു. ഇതോടെ മൂന്ന് മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. വി. അബ്ദുറഹ് മാന്റെ സ്റ്റാഫിലേക്ക് ആറുപേരെയാണ് ഉൾപ്പെടുത്തിയത്. സജി ചെറിയന്റെ പ്രൈവറ്റ് സെക്രട്ടറി മനു സി. പുളിക്കലിനെ മന്ത്രി അബ്ദുറഹ്മാന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതിനു പുറമെ എ.കെ സിദ്ദീഖ് (അഡിഷനൽ പ്രൈവറ്റ് സെക്രട്ടറി), ഷേർലി പുഞ്ചയിൽ, ഐ. സീതാലക്ഷ്മി (അഡിഷനൽ പഴ്സനൽ അസിസ്റ്റന്റ്), പി.എം രഖിൽ, ജഗത് രാമചന്ദ്രൻ (ഓഫിസ് അറ്റന്റന്റ്) എന്നിവരും അബ്ദുറഹ് മാന്റെ സ്റ്റാഫിൽ ഉൾപ്പെട്ടു.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സ്റ്റാഫിലേക്ക് വി.വി സൈനൻ (അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), കെ. സവാദ്, എം.ആർ സജയൻ (ക്ലർക്), പി. വിഷ്ണു, ജിബിൻ ഗോപിനാഥ് (ഓഫിസ് അറ്റന്റന്റ്) എന്നിവരാണ് പുതുതായി വന്നത്. മന്ത്രിമാരുടെ സ്റ്റാഫുകളുടെ എണ്ണം 30ലേക്ക് ഉയർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."