വിക്രാന്ത് നാവികസേനയ്ക്ക് സ്വന്തം
സ്വന്തം ലേഖകൻ
കൊച്ചി • തദ്ദേശീയമായി നിർമിച്ച ആദ്യത്തെ വിമാനവാഹിനി യുദ്ധക്കപ്പൽ വിക്രാന്ത് നാവികസേനയ്ക്ക് കൊച്ചി കപ്പൽശാല കൈമാറി. സമുദ്രപരീക്ഷണങ്ങളുടെ നാല് ഘട്ടങ്ങളും പൂർത്തിയാക്കിയ വിക്രാന്ത് ഓഗസ്റ്റിലാണ് കമ്മിഷൻ ചെയ്യുക. കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് നിർമിച്ച ഈ എയർക്രാഫ്റ്റ് കാരിയർ പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മിഷൻ ചെയ്യുന്നതോടെ രാജ്യത്തിന്റെ അഭിമാനമായി മാറും. ഇന്ത്യ വിമാനവാഹിനിക്കപ്പൽ രൂപകൽപന ചെയ്യാനും നിർമിക്കാനും കഴിവുള്ള എലൈറ്റ് ക്ലബ്ബിന്റെ ഭാഗമാവുകയും ചെയ്യും.
കൊച്ചി കപ്പൽശാലയിൽ ഇന്നലെ നടന്ന ചടങ്ങിൽ ഷിപ്‌യാർഡ് ചെയർമാനും മാനേജിങ് ഡയരക്ടറുമായ മധു എസ്. നായരും കപ്പലിന്റെ കമാൻഡിങ് ഓഫിസറുടെ ചുമതലയുള്ള കമ്മഡോർ വിദ്യാധർ ഹാർകെയും കൈമാറ്റ കരാറിൽ ഒപ്പുവച്ചു. കമാൻഡർമാരായ വിവേക് ഥാപ്പർ, സമീർ അഗർവാൾ, ഇഷാൻ ടണ്ടൻ, വി. ഗണപതി, കപ്പൽശാല ടെക്‌നിക്കൽ ഡയരക്ടർ ബിജോയ് ഭാസ്‌കർ, ഫിനാൻസ് ഡയരക്ടർ വി.ജെ ജോസ് തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. 45,000 ടൺ ഭാരമുള്ള വിക്രാന്ത് രാജ്യത്ത് ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. 21,500 ടൺ സ്‌പെഷൽ ഗ്രേഡ് സ്റ്റീലാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഏകദേശം 2,300 കിലോമീറ്റർ കേബിളിങ്, 120 കിലോമീറ്റർ പൈപ്പിങ്, 2,300ലധികം കംപാർട്ടുമെന്റുകൾ എന്നിവ കപ്പലിലുണ്ട്. സംയോജിത വാതകത്തിൽ പ്രവർത്തിക്കുന്ന നാല് കൂറ്റൻ ഗ്യാസ് ടർബൈനുകൾ ഉപയോഗിച്ചാണ് കപ്പൽ പ്രവർത്തിക്കുന്നത്. നെറ്റ്‌വർക്ക് സെൻട്രിക് ഡാറ്റ പ്രോസസിങ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ, സങ്കീർണമായ ഏവിയേഷൻ ഫെസിലിറ്റി കോംപ്ലക്‌സ്, അത്യാധുനിക ആയുധങ്ങൾ, സെൻസറുകൾ എന്നിവയുൾപ്പെടെ നിരവധി ഉയർന്ന സാങ്കേതികവിദ്യകൾ യുദ്ധക്കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നു.
കൂടാതെ, ഏറ്റവും ശക്തമായ പ്രൊപ്പൽഷൻ, പവർ ജനറേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സംവിധാനങ്ങളുമുണ്ട്. ഇന്ത്യൻ നാവികസേനയുടെ ഡയരക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപന ചെയ്ത യുദ്ധക്കപ്പലിന്റെ എൻജിനീയറിങ് സാങ്കേതികവിദ്യ കൊച്ചി കപ്പൽശാലയാണ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തത്. രാജ്യത്ത് ആദ്യമായിട്ടാണ് വിമാനവാഹിനികപ്പൽ പൂർണമായും 3ഡി മോഡൽ ഉപയോഗിച്ച് രൂപകൽപന ചെയ്യുന്നത്. 2013 ഓഗസ്റ്റ് 12നായിരുന്നു കപ്പലിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം. മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കിയ കപ്പലിന്റെ ആദ്യ സമുദ്രപരീക്ഷണം 2021 ഓഗസ്റ്റിലാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."