അഷ്ടമിരോഹിണി ആഘോഷങ്ങള്‍ക്ക് ഗുരുവായൂരില്‍ വന്‍ തിരക്ക്
ഗുരുവായൂര്‍: അഷ്ടമിരോഹിണി ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി. കണ്ണും കാതും മനവും നിറച്ച ഉറിയടിഘോഷയാത്രകളും ഭക്തജനങ്ങളും കൂടിച്ചേര്‍ന്നതോടെ ഗുരുവായൂര്‍ അക്ഷരാര്‍ഥത്തില്‍ വീര്‍പ്പുമുട്ടി. നടവഴികളെല്ലാം ആളുകളെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു.
ക്ഷേത്രത്തില്‍ മൂന്നുനേരവും ശീവേലിക്ക് സ്വര്‍ണക്കോലം എഴുന്നെള്ളിച്ചു. രാവിലെയും ഉച്ചയ്ക്കും കാഴ്ചശീവേലിക്ക് ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ സ്വര്‍ണക്കോലമേറ്റി. ക്ഷേത്രത്തിനകത്ത് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മേളവും ചോറ്റാനിക്കര വിജയന്റെ നേതൃത്വത്തില്‍ പഞ്ചവാദ്യവും ഗുരുവായൂര്‍ ശശിമാരാരുടെ നേതൃത്വത്തില്‍ തായമ്പകയുമുണ്ടായി.
രാവിലെ 10 മുതല്‍ അന്നലക്ഷ്മി ഹാളിലും വടക്കെ നടയിലെ പന്തലിലുമായി ഭക്തര്‍ക്ക് വിഭവസമൃദ്ധമായ പിറന്നാള്‍സദ്യ നല്‍കി. ഇരുപത്തയ്യായിരത്തോളം പേര്‍ സദ്യയില്‍ പങ്കുകൊണ്ടു. അഷ്ടമിരോഹിണി ദിവസത്തെ പ്രധാന വഴിപാടായ നെയ്യപ്പവും പാല്‍പായസവും ശീട്ടാക്കുവാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.രാവിലെ മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്നും നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഉറിയടി ഘോഷയാത്ര ക്ഷേത്രസന്നിധിയിലെത്തി.
ഗോപികാനൃത്തച്ചുവടുകളോടെ ശ്രീകൃഷ്ണവേഷധാരികളായ കുട്ടികള്‍ പങ്കെടുത്ത ഉറിയടി ഭക്തരുടെ മനം കവര്‍ന്നു. പെരുന്തട്ട ശിവക്ഷേത്രത്തില്‍ നിന്നും ശിവകൃഷ്ണ ഭക്തസേവാസമിതിയുടെ നേതൃത്വത്തിലുള്ള ഉറിയടി ഘോഷയാത്രയും ക്ഷേത്രസന്നിധിയിലെത്തി. വൈകുന്നേരം മമ്മിയൂര്‍ ക്ഷേത്രത്തില്‍ നിന്നും നിരവധി കെട്ടുകാഴ്ചകളോടെയുള്ള ഘോഷയാത്ര ഗുരുവായൂരിനെ വലംവെച്ച് സമാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."