'മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം ഫത്ഉല്‍ മുഈന്‍ നോക്കിയിട്ടാണോ ക്രമീകരിക്കുന്നത്' മര്‍ക്കസ് അധ്യാപകന്റെ ശരീഅത്ത് പ്രയോഗത്തെ തള്ളി പേരോട് അബ്ദുറഹ്മാന്‍ സഖാഫി...വിഡിയോ..
കോഴിക്കോട്: കെ.എം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമുയരുന്നതിനിടെ സര്‍ക്കാറിനെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട മര്‍കസു സഖാഫത്തു സുന്നിയ്യയിലെ അധ്യാപകന്റെ നിലപാടിനെ തള്ളി പേരോട് അബ്ദുറഹ്മാന്‍ സഖാഫി.
'ചിലര്‍ക്ക് എല്ലാറ്റിനും മസ്അലയാണ്, മനപൂര്‍വമല്ലാതെ വധിച്ചാല്‍ അതിനെ അയാള്‍ക്ക് ജോലികൊടുക്കെരുത് എന്നുണ്ടോ എന്നൊരാള്‍ ചോദിച്ചതായി അറിഞ്ഞെന്നും, കേട്ടാല്‍ തോന്നും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമെല്ലാം ഫത്ഉല്‍ മുഅീന്‍ നോക്കിയിട്ടാണ് ക്രമീകരിക്കുന്നതെന്ന്' അദ്ദേഹം പരിഹസിച്ചു. ശ്രീരാം വെങ്കിട്ടരാമനെ ഒരു ജില്ലയുടെ കലക്ടര്‍ പദവിയിലിരുത്താന്‍ പറ്റില്ലെന്നും അത് എല്ലാവരും മനസിലാക്കണമെന്നും പേരോട് കൂട്ടിച്ചേര്‍ത്തു.
തന്റെ ഫെയസ്ബുക്ക് പേജിലൂടെയാണ് ഡോ. അബ്ദുല്‍ ഹകീം സഅദി വിചിത്രമായ ന്യായീകരണവുമായി രംഗത്ത് വന്നത്.
പോസ്റ്റ് വിവാദമായതിനെത്തുടര്‍ന്ന് അധ്യാപകന്‍ പിന്നീട് പോസ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിരുന്നു. ബോധപൂര്‍വ്വമുള്ള കൊലപാതകം(അംദ്) സ്ഥിരപ്പെട്ടാല്‍ ഘാതകന് വധശിക്ഷ നല്‍കണം. ബോധപൂര്‍വമല്ലാത്ത കൊലപാതകമാണെങ്കില്‍(ശിബ്ഹു അംദ്, ഖത്വ്അ്) ബ്ലഡ് മണി നിര്‍ബന്ധമാകും. കൊലപാതകത്തിന്റെ ഈ മൂന്നിനത്തിലും പ്രായശ്ചിത്തവും(കഫ്ഫാറത്ത്) നിര്‍ബന്ധമാണ്. എന്നാല്‍ അതിലുപരിയായി, കൊലപാതക കുറ്റം ചെയ്തവന് തൊഴില്‍ നല്‍കരുതെന്ന് ഇസ്ലാമിക ശരീഅത്ത് നിയമത്തില്‍ എവിടെയെങ്കിലും ഉണ്ടോ എന്നാണ് ഇയാള്‍ ചോദിക്കുന്നത്.
ഇസ്ലാമിക ഭരണകൂടം നിലനില്‍കുന്ന രാജ്യത്തെ ഇസ്ലാമിക കോടതികള്‍ നടപ്പാക്കേണ്ട നിയമങ്ങള്‍ വെച്ചാണ് ജനാധിപത്യ രാജ്യത്തെ സര്‍ക്കാറിന്റെ ഒരു നടപടിയെ ഇയാള്‍ ന്യായീകരിക്കുന്നത്. ജനാധിപത്യം സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് വിശ്വാസികള്‍ ആ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ പിന്തുടരാമെന്നാണ് ഇസ്ലാമിക കര്‍മശാസ്ത്രം പറയുന്നത്.
ഒരു മാധ്യമ പ്രവര്‍ത്തകനെ വാഹനമോടിച്ചു കൊന്ന കേസില്‍ നിന്ന് തന്റെ ഉദ്യോഗസ്ഥരാഷട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുകയും പിന്നീട് ഒരു ജില്ലയുടെ കലക്ടറായി ചുമതല ഏല്‍ക്കുകയും ചെയ്ത വെങ്കിട്ടാരമനെ ന്യായീകരിക്കാനാണ് ഇയാള്‍ ഇസ്ലാമിക രാജ്യത്ത് മാത്രം പ്രബല്യത്തിലുള്ള നിയമത്തെ കൂട്ടിപിടിച്ചത്. കാന്തപുരം വിഭാഗവും കേരള മുസ്ലിം ജമാഅത്തും സിറാജ് ജീവനക്കാരും പത്രപ്രവര്‍ത്തക യൂണിയനും സര്‍ക്കാറിനെതിരേ രംഗത്ത് വരുമ്പോഴാണ് മര്‍കസിലെ അധ്യാപകനായ ഡോ. അബ്ദുല്‍ ഹകീം സഅദി സര്‍ക്കാറിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കുറിപ്പിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.
എന്നാല്‍ തന്റെ പോസ്റ്റ് വിവാദമായതോടെ നേരത്തെ പങ്കുവെച്ച കുറിപ്പ് പരോക്ഷമായി പിന്‍വലിക്കുന്ന രീതിയില്‍ വീണ്ടും ഒരു കുറിപ്പുമായി ഇദ്ദേഹം വീണ്ടും രംഗത്ത് വന്നു. ഇതാണ് ആ കുറിപ്പ് 'അതെ. കുറ്റവാളികളെ ഇമാം, സുല്‍ത്വാന്‍, ഖാളി(ജഡ്ജി) എന്നീ തസ്തികകളില്‍ നിയമിക്കരുതെന്നുണ്ട്. ചില കുറ്റകൃത്യങ്ങള്‍ ഇത്തരം തസ്തികകളിലുള്ളവര്‍ സ്ഥാനഭ്രഷ്ടാവുന്നതിന് നിമിത്തമാകുന്നതുമുണ്ട്. വിശദാംശങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."