എ.കെ.ജി സെന്റര്‍ ആക്രമണത്തിന് ഒരു മാസം; ഇരുട്ടില്‍ തപ്പി അന്വേഷണ സംഘം: ഉദ്യോഗസ്ഥരുടെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്നു പ്രതിപക്ഷം
തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണം നടന്നിട്ട് ഒരു മാസം തികയുമ്പോഴും പ്രതിയെക്കുറിച്ച് വിവരമില്ല. കേരളത്തിലാകമാനം പ്രതിഷേധങ്ങളും അക്രമങ്ങളും സൃഷ്ടിച്ച കേസിലെ പ്രതിയെ കുറിച്ച് ഇതുവരെ ഒരു സൂചന പോലും പൊലിസിന് ലഭിച്ചിട്ടില്ല എന്നതാണ് ആശ്ചര്യകരം. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്. അതേ സമയം ആക്രമണം നടത്തിയവരെ പൊലിസിനറിയാമെന്നും സി.പി.എമ്മും പൊലിസും അയാളെ സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. പൊലിസും അന്വേഷണ ഉദ്യോഗസ്ഥരും സര്‍ക്കാരിന്റെ തടവിലാണെന്നും അവരുടെ കയ്യും കാലും കെട്ടിയിട്ടിരിക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.
സംഭവത്തിന് പിന്നാലെ എ.കെ.ജി സെന്ററിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിരുന്നു. പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടായിട്ടും പ്രതിയെ പിടികൂടാന്‍ കഴിയാത്തതിലൂടെ സി.പി.എം കെട്ടിചമച്ച കഥയാണ് ബോംബേറിന്റേതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിലും വിഷയം കത്തി. ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചന പോലും കിട്ടാതായത്തോടെ പ്രത്യേക പൊലിസ് സംഘത്തില്‍ നിന്നും കേസ് ക്രൈം ബ്രാഞ്ചിനു കൈമാറി.
കഴിഞ്ഞ മാസം 30ന് രാത്രി 11.25 ഓടെയായിരുന്നു സ്‌കൂട്ടറിലേത്തിയ ആള്‍ സി.പി.എം ആസ്ഥാനത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ ഒരു മാസം കഴിഞ്ഞിട്ടും കഴിഞ്ഞില്ല. ഇതിനകം അന്‍പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തിലേറെ ഫോണ്‍ രേഖകളും പൊലിസ് പരിശോധിച്ചു.
പരിശോധിച്ച ദൃശ്യത്തിന്റെ പിക്സല്‍ കുറവായതിനാല്‍ വ്യക്തത വരുത്താന്‍ സാധിക്കാതെ വന്നതും തിരിച്ചടിയായി.
ക്രൈംബ്രാഞ്ച് എസ് പി എസ്. മധുസൂദനന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ അന്വേഷണ സംഘം കേസില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. പ്രതിയെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ചിനു കഴിയുമോ എന്നത് വരുദിവസങ്ങളില്‍ കണ്ടറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."