സിവിക് ചന്ദ്രനെതിരേ മറ്റൊരു ലൈംഗിക പീഡന പരാതി, സിവിക് ഇപ്പോഴും ഒളിവില്‍, ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും
കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരനായ സിവിക് ചന്ദ്രനെതിരേ മറ്റൊരു കേസുകൂടി. കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ കേസെടുത്തത്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുംവരേ അറസ്റ്റ് ചെയ്യരുതെന്ന് പൊലിസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവ എഴുത്തുകാരി കൊയിലാണ്ടി പൊലിസ് സ്റ്റേഷനില്‍ തന്നെ പരാതിയുമായെത്തിയത്. 2020ല്‍ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. നേരത്തെയും സിവികിനെതിരേ ചില മീറ്റൂ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിലൊന്നാണ് പരാതിയായി രംഗത്തെത്തിയത്.
ആദ്യ കേസില്‍ ഈ മാസം 30-ാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണ കുമാറാണ് പൊലിസിന് നിര്‍ദേശം നല്‍കിയിരുന്നത്.
അതേ സമയം സിവിക് ചന്ദ്രന്റെ അറസ്റ്റ് വൈകുന്നതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. എഴുത്തുകാരി സി.എസ്. ചന്ദ്രിക. അറസ്റ്റ് വൈകുന്നതിനെതിരേ രംഗത്തെത്തിയിരുന്നു. പരാതി നല്‍കിയ അതിജീവിത ദലിത് കുടുംബത്തില്‍ നിന്നുള്ള സ്ത്രീയാണ്. ഒട്ടേറെ കഷ്ടപ്പാടുകള്‍ക്കുള്ളില്‍ നിന്ന് സ്വന്തം പരിശ്രമം കൊണ്ട് പഠിച്ചുയര്‍ന്ന് വന്നിട്ടുള്ള വ്യക്തിയാണ്. അതിജീവിതയെ സമൂഹത്തിനു മുന്നില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള ബോധപൂര്‍വ്വമായ നീക്കം നടക്കുന്നതായും സി.എസ്. ചന്ദ്രിക പറഞ്ഞു.
അതേ സമയം സിവിക് ചന്ദ്രനെതിരെ പരാതിപ്പെട്ട അതിജീവിതയുടെ വാക്കുകള്‍ വിശ്വസിക്കില്ലെന്നും സി.പി.എം വിരുദ്ധനായതുകൊണ്ട് ഈ കേസ് സി.പി.എം ഗൂഡാലോചനയാണെന്ന് സംശയിക്കുന്നു എന്നും കേസ് തെളിയുന്നതുവരെ സിവിക് ചന്ദ്രനെ തള്ളിപ്പറയില്ല എന്നും ചരിത്രകാരിയായ ജെ. ദേവിക പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലിസ് യുവ എഴുത്തുകാരിയുടെ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണ്. സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം രേഖപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."