പ്രതി ഹാജറുണ്ട്
മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിക്കുകയും നടുറോഡില്‍ ഒരാളുടെ ജീവനെടുക്കുകയും തെളിവു നശിപ്പിക്കാന്‍ ആവുന്നതൊക്കെ ചെയ്യുകയും ചെയ്ത സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥനെ ഇതില്‍പരം എങ്ങനെയാണ് ശിക്ഷിക്കുകയെന്ന് ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയതിനെതിരേ തെരുവില്‍ ഇറങ്ങിയ കാന്തപുരം വിഭാഗക്കാരെങ്കിലും പറയണം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കെ.എം ബഷീറിനെ വണ്ടിയിടിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയു ചെയ്ത കേസിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ശ്രീറാമിനെ കൊവിഡിന്റെ മൂര്‍ധന്യകാലത്ത് കൊവിഡ് ഡാറ്റാ മാനേജ്‌മെന്റ് ഓഫിസറായി തിരിച്ചുകയറ്റിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്, അയാളങ്ങനെ പണിയെടുക്കാതെ ശമ്പളം പറ്റണ്ട, എന്തെങ്കിലും പണിയെടുപ്പിക്കുമെന്നാണ്. ശ്രീറാമിനെ പിന്നെ പിണറായി സര്‍ക്കാര്‍ നിരന്തരം പീഡിപ്പിച്ചു. ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയാക്കി, കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന്റെ എം.ഡിയാക്കി. ഏറ്റവും ഒടുവില്‍ ജില്ലാ മജിസ്‌ട്രേറ്റാക്കി. ഇനി ശ്രീറാമിന് നിന്നുതിരിയാന്‍ കഴിയില്ല. പണിയെടുത്ത് പണിയെടുത്ത് തിന്നട്ടെ.
രാഷ്ട്രീയ നേതൃസ്ഥാനത്ത് എത്ര ചൊങ്കനായാലും ഉദ്യോഗസ്ഥര്‍ ഒന്നു മനസ്സ് വച്ചാല്‍ അതു കേരളത്തില്‍ നടന്നിരിക്കും. സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചുകയറ്റിയപ്പോള്‍ പത്രപ്രവര്‍ത്തക യൂനിയനുമായി ചര്‍ച്ച ചെയ്താണ് ഇതെന്ന് അവകാശപ്പെട്ടത് ഈ ഉദ്യോഗസ്ഥ ലോബിയുടെ തന്ത്രമായിരുന്നു. പത്രപ്രവര്‍ത്തക യൂനിയനില്‍ ആരുമായി ചര്‍ച്ച നടത്തിയെന്ന് ചോദിച്ചപ്പോള്‍ ഉത്തരം മുട്ടി. സംസ്ഥാനത്തെ ഉദ്യോഗസ്ഥ ലോബിക്ക് ഭീഷണി ഉയര്‍ത്തിയ മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഷനു പിറകെ സസ്‌പെന്‍ഷന്‍ നല്‍കി സര്‍വിസില്‍ നിന്ന് അകറ്റിനിര്‍ത്തിയ അതേ സര്‍ക്കാരാണ് മദ്യപിച്ച് വാഹനം ഓടിക്കുക മാത്രമല്ല, തെളിവ് നശിപ്പിക്കാന്‍ കുതന്ത്രങ്ങള്‍ മെനയുകയും ചെയ്ത വ്യക്തിയെ വിഷാദ-മറവി രോഗിയാണെന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തത്. തെളിവു നശിപ്പിച്ചതിന് ചലച്ചിത്ര താരം ദിലീപിനെ മുള്‍മുനയില്‍ നിര്‍ത്തുന്നവര്‍ തന്നെ ശ്രീറാം വെങ്കിട്ടരാമനെ ജില്ലാ മജിസ്‌ട്രേറ്റ് ആക്കാതെ വയ്യ എന്ന നിലപാടെടുക്കുന്നു.
എം.ബി.ബി.എസും പൊതുജനാരോഗ്യത്തില്‍ ഹാര്‍വാര്‍ഡില്‍ നിന്ന് ഫുള്‍ബ്രൈറ്റ് ഫെല്ലോഷിപ്പോടെയുള്ള ബിരുദാനന്തര ബിരുദവുമുള്ള ഐ.എ.എസുകാരനെ കേസില്‍ സഹായിക്കാന്‍ ഭരണസംവിധാനം ആകെ രംഗത്തുണ്ടായെന്നാണ് അപകടം നടന്ന ഉടനെ സംഭവിച്ചതെല്ലാം വ്യക്തമാക്കുന്നത്. ആശുപത്രിയിലെത്തിയ ഉടനെ രക്തത്തിലെ മദ്യത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്തേണ്ട സർക്കാർ ജനറലാശുപത്രിയിലെ ഡോക്ടര്‍മാര്‍ അത് ചെയ്യാതെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറാന്‍ അനുവദിച്ചും കൂടെ നിന്നപ്പോള്‍ ഒരു പരുക്കും ഇല്ലാതിരുന്നിട്ടും പഞ്ചനക്ഷത്ര സൗകര്യമുള്ള മുറിയില്‍ പ്രവേശനം നല്‍കി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സഹായിച്ചു. ഒടുവില്‍ സർക്കാർ ആശുപത്രിയിലേക്ക് പോയത് സ്‌ട്രെക്ചറില്‍. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെ കാര്യങ്ങള്‍ മാത്രം ഓര്‍മയില്‍ നില്‍ക്കാത്ത റെട്രോഗ്രേഡ് അംനേഷ്യ എന്ന അസുഖമുണ്ടെന്ന സര്‍ട്ടിഫിക്കറ്റു കൂടിയായപ്പോള്‍ ജയിലില്‍ കിടക്കുന്നതെങ്ങനെ? കുറ്റപത്രം വൈകിച്ച പൊലിസ് ജാമ്യത്തിന് പഴുതുണ്ടാക്കി. കുറ്റപത്രം വന്നപ്പോള്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അപായ ഡ്രൈവിങ്, തെളിവു നശിപ്പിക്കല്‍ വകുപ്പുകള്‍ ചുമത്തി പ്രതിപ്പട്ടികയില്‍ ഒന്നാമതായി ശ്രീറാമുണ്ടായി.
ഒരു ജില്ലയിലെ ജനങ്ങള്‍ക്കാകെ നീതി ഉറപ്പുനല്‍കേണ്ട ഉദ്യോഗസ്ഥനാണ് ജില്ലാ കലക്ടര്‍. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് അറിയാമായിരുന്നിട്ടും അത് ചെയ്തയാള്‍, തെളിവുകള്‍ നശിപ്പിക്കുന്നത് അതിനേക്കാള്‍ ഭീകര കുറ്റമാണെന്ന് അിറയാമായിരുന്നിട്ടും അത് വകവയ്ക്കാത്തൊരാള്‍, നരഹത്യ കേസില്‍ പ്രതിയായ ആള്‍, മറവിരോഗി എങ്ങനെ ഈ സുപ്രധാന തസ്തികയില്‍ പ്രവര്‍ത്തിക്കും എന്നാണ് കേരള പത്രപ്രവര്‍ത്തക യൂനിയനടക്കം ചോദിക്കുന്നത്.
ദി കിംഗിലെ ജില്ലാ കലക്ടര്‍ ജോസഫ് അലക്‌സിനെയും ദി കമ്മീഷണറിലെ ഭരത് ചന്ദ്രനെയും നെഞ്ചേറ്റുന്ന ശ്രീറാം ക്രിക്കറ്ററും ബാസ്‌കറ്റ് ബോള്‍ താരവുമാണ്. സുവോളജി അധ്യാപകനായ പി.ആര്‍ വെങ്കിട്ടരാമന്റെയും ബാങ്കുദ്യോഗസ്ഥയായ രാജത്തിന്റെയും മകനെ ഡോക്ടറായിക്കാണാനാണ് അഛന്‍ ആഗ്രഹിച്ചത്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും കട്ടക് ശ്രീരാമചന്ദ്ര ഭഞ്ജ മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡിയും കരസ്ഥമാക്കി. 2012ല്‍ ഐ.എ.എസ് നേടിയത് രണ്ടാം റാങ്കോടെ. സബ് കലക്ടറായി തിരുവല്ലയിലും ദേവികുളത്തും. ദേവികുളത്തേത് മൂന്നാറിലെ നിയമവിരുദ്ധ കെട്ടിടങ്ങള്‍ക്കെതിരായ നടപടിയുടെ കാലം. നൂറു ഹോംസ്റ്റേകള്‍ക്കും കെട്ടിടങ്ങള്‍ക്കും നിയമവിരുദ്ധമെന്ന് കാട്ടി നോട്ടിസ് കൊടുത്തു. ലൗഡേല്‍ എന്ന ഹോംസ്റ്റേ കെട്ടിടം ഏറ്റെടുത്ത് ദേവികുളം വില്ലേജ് ഓഫിസിന്റെ ബോര്‍ഡ് സ്ഥാപിച്ചു. അതുക്ക് പിന്നാലെ ശ്രീറാമിനെ സ്ഥലം മാറ്റുകയും ചെയ്തു.
സര്‍ക്കാരിനെതിരായ വാര്‍ത്തകളില്‍ 'വാസ്തവം' തെരയാന്‍ നിയോഗിച്ച വിശ്വസ്ത ഉദ്യോഗസ്ഥനായിരുന്നു ശ്രീറാം വെങ്കിട്ടരാമന്‍. കേസ് വന്നപ്പോള്‍ ഒഴിവാക്കിയെന്ന് മാത്രം. പ്രതിപക്ഷ കക്ഷികള്‍ക്ക് പുറമെ സഖ്യകക്ഷി സമാനര്‍ വരെ പ്രതിഷേധം കനപ്പിക്കുമ്പോള്‍ എത്ര കാലം?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."