വീടുണ്ടായിരുന്നെങ്കിലെന്ന്
കവിത
ഷിഫാന സലിം
എനിക്കൊരു
വീടുണ്ടായിരുന്നെങ്കിലെന്ന്
തോന്നി.
അമ്മയെപ്പോലെ മടക്കം
കാത്തിരിക്കുന്ന ഒരു വീട്.
ഞാനനാഥയായിരുന്നു,
ബഹളങ്ങൾക്കിടയിൽ
തീർത്തും ഒറ്റപ്പെട്ടു പോയവൾ.
എന്റെ സ്നേഹത്തിന്റെ
പൂർണ സങ്കൽപങ്ങളെയെല്ലാം
ഞാൻ എന്റെ ദൈവത്തിൽ
അടിച്ചേൽപ്പിച്ചു.
അങ്ങനെ
ആ വെളിച്ചത്തെ മാത്രം
സ്നേഹിച്ചു.
ഞാൻ സ്നേഹിക്കുന്ന
മനുഷ്യരിലെല്ലാം ഞാൻ
ദൈവത്തെ കണ്ടു!
എങ്കിലും വേദനകളുടെ
അങ്ങേ അകലങ്ങളിൽ
ഞാൻ ആ സ്നേഹത്തെയും
ഉപേക്ഷിച്ചു.
അനാഥകൾക്ക്
ഹൃദയമുണ്ട്
നിങ്ങൾക്കറിയാമോ?
തീർത്തും ഒരിലപോലും
തനിക്കു വേണ്ടി
കാത്തിരിക്കാനില്ലെന്ന
അനാഥത്വത്തിന്റെ
തീക്ഷ്ണത!
എല്ലാവരുമുണ്ടാകിലും
ശൂന്യതയുടെ വെളുത്ത
വിരിപ്പിൽ മുടി കൊഴിഞ്ഞു
ആത്മാവ് നശിച്ചു
കിടക്കുന്നവരെ
പോലെ..,
വേദനകളുടെ തിണർത്ത
പാടുകളിൽ മാതൃസ്നേഹത്തിന്റെ
ചൂടുതേടുന്ന അസഭ്യം പോലെ
നിരർഥകരമായതെന്തുണ്ട്.
എങ്കിലും എനിക്കൊരു
വീടുണ്ടായിരുന്നെങ്കിലെന്ന്
തോന്നി,
ആ വീടൊരു
മനുഷ്യനായെങ്കിലെന്ന്.
ആത്മാവിൽ വെളിച്ചമുള്ള
എന്റെ പ്രതിബിംബം
പേറുന്ന ആ ഒരേയൊരു
മനുഷ്യൻ
എന്റെ വീടായെങ്കിലെന്ന്
തോന്നി...
വെറുതെ തോന്നി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."