അമലിന്റെ ജപ്പാന് ഡയ്സ്
പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാഴ്ച, രണ്ടാഴ്ച നിരക്കില്‍ ജപ്പാന് സന്ദര്‍ശിക്കുകയുണ്ടായി. ശാന്തിനികേതനില്‍ ഒപ്പം പഠിച്ച ടോക്യോ സ്വദേശിയായ കുമിക്കോയുടെ വീട്ടുകാരെ പരിചയപ്പെടാനും ഇതെങ്ങനെയുള്ള രാജ്യം ആണെന്ന് അറിയാനുമുള്ളതായിരുന്നു ആ യാത്രകള്‍. അച്ഛന്, അമ്മ, രണ്ട് ചേച്ചിമാര്, ചേച്ചിമാരുടെ ഭര്ത്താക്കന്മാര്, ഈരണ്ട് മക്കള്‍. ഇതാണ് കുമിക്കോയുടെ കുടുംബം. ഇപ്പോള്‍ അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുള്ളത്. ചേച്ചിമാര് വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രണയവിവാഹം കഴിച്ച്, അടുത്തുതന്നെ മാറിത്താമസിക്കുന്നു. ഹൈസ്കൂള്‍ കഴിഞ്ഞാല്‍ സ്വയം ജോലി ചെയ്ത് സ്വന്തം ഇണയെ കണ്ടെത്തി മാറിത്താമസിക്കാന്‍ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. മാതാപിതാക്കള്‍ വഴക്കു പറയാനോ അധികാരം പ്രയോഗിക്കാനോ ഒരിക്കലും ശ്രമിക്കില്ല. എന്നാല്‍ പരസ്പരബഹുമാനവും വ്യക്തിഗത ബന്ധങ്ങളും കുടുംബവുമൊക്കെ ശക്തമായി ഉണ്ടുതാനും. സ്ത്രീധനമോ സ്വര്‍ണമോ അതേച്ചൊല്ലിയുള്ള കൊലകളോ ഇല്ലാത്ത നാട്. അതു നല്ല ഏര്‍പ്പാടായാണ് തോന്നിയത്. ഒരുമിച്ച് താമസിച്ചാലും കല്യാണം ഉടനൊന്നും ഉണ്ടാകില്ല. ഭാരിച്ച ചെലവാണ് ഒരു കാരണം. ഇരുവരും ജോലി ചെയ്ത് സമ്പാദിച്ച് ഭാവിയില്‍ സ്വയം തീയതി, സ്ഥലം, മറ്റുള്ളവരുടെ സൗകര്യം ഒക്കെ നോക്കി വിവാഹം തീരുമാനിക്കും. ക്ഷണിക്കപ്പെട്ട പത്തോ, ഇരുപതോ പേര് മാത്രം പങ്കെടുക്കുന്ന ചടങ്ങുകള്‍ ക്ഷേത്രങ്ങളും ഇതിനായി മാത്രമുള്ള ഇവന്റ് ഏജന്‍സികളും പ്രൊഫഷനലായി ചെയ്ത് നല്‍കും. (ഈ സ്വാതന്ത്ര്യത്തിന് അവിശ്വസനീയമാം വിധം മോശമായ മറുവശവും ഉണ്ട്. അത് പിന്നൊരിക്കല്‍ നോക്കാം) എല്ലാവരും കുമിക്കോയുടെ അപ്പൂപ്പനപ്പൂപ്പന്മാര്‍ തുടങ്ങി വച്ച പാരമ്പര്യകല്പ്പണിയുമായി ബന്ധപ്പെട്ട ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഓഫിസ് അതിനാല്‍ത്തന്നെ കുടുംബ സംഗമസ്ഥലമാണ്. സ്വതേയുള്ള നിശബ്ദതയും വിദേശി ആണെന്നറിഞ്ഞാല്‍ കുറച്ച് മാത്രം സംഭാഷണം നടത്തുന്ന സ്വഭാവവും മാറ്റിവച്ച് എന്നോട് വളരെ നന്നായി അങ്ങേയറ്റം സൗഹാര്‍ദത്തോടെ തന്നെ ഏവരും പെരുമാറി.
ഞാന്‍ എഴുത്തുകാരനാണ്, പുസ്തകം ഒക്കെ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോള്‍ വലിയ കാശുകാരനാണ് ഞാന്‍ എന്ന് അവര്‍ തെറ്റിദ്ധരിക്കുകയുണ്ടായി എന്നുമാത്രം. കാരണം, ഇവര്‍ കാണുന്ന എഴുത്തുകാരായ ഹാരുകി മുറകാമി പോലെയുള്ളവരൊക്കെ അതിസമ്പന്നരാണ്. കുമിക്കോയുടെ അച്ഛനുമായി ആദ്യം കണ്ട സംഭവം പിന്നീട് ‘പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനെക്കാണാന്‍ പോയ കഥ’ എന്ന പേരില്‍ കഥയാക്കുകയുണ്ടായി.
കൂടെപ്പോരാത്ത ‘കാഞ്ചി’
ഇന്ത്യായാത്ര മാത്രം സ്വപ്നത്തിലുള്ള ആളാണ് ഞാന്‍. ഒരൊറ്റ വിദേശരാജ്യത്ത് പോകണമെന്നും ഇന്നുവരെ മോഹമില്ല. ആ എന്നെ കുമിക്കോ ജപ്പാനില്‍ വരാന്‍ സഹായിച്ചു. ഭാഷ (ഇപ്പോഴും) വലിയ പ്രശ്നമാണ്. ആ ഒറ്റ കാരണം കൊണ്ടാകാം മലയാളികള്‍ ധാരാളം തൊഴില്‍ സാധ്യതകളുള്ള ഇവിടേക്ക് വരാത്തത്. ഇന്നും കാഞ്ചി എന്ന ചിത്രലിപി വായിക്കാനറിയാത്തതു കൊണ്ട് ദൈനംദിന ഭാഷാപര അബദ്ധങ്ങള്‍ക്ക് എനിക്കു യാതൊരു പഞ്ഞവുമില്ല. തീവണ്ടി മാറിക്കയറി എവിടെയെങ്കിലും ചെന്നിറങ്ങലൊക്കെ സാധാരണം. അതിനാല്‍ ആദ്യമേ തന്നെ കുമിക്കോ രണ്ടു വര്‍ഷം ഭാഷാസ്കൂളില് എന്നെ ചേര്‍ത്തു. നല്ല അനുഭവമായിരുന്നു അത്. എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നും ആളുണ്ടെങ്കിലും ശ്രീലങ്ക, വിയറ്റ്നാം, ബംഗ്ലാദേശ്, നേപ്പാള്‍, ഘാന, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരെക്കൊണ്ട് നിറഞ്ഞതാണ് സ്കൂള്‍ എല്ലാം. നാട്ടില്‍ പ്ലസ് ടു കഴിഞ്ഞ് ഇവിടെ ദ്വിവര്‍ഷ ഭാഷാജ്ഞാനം ചെയ്ത് ഏതെങ്കിലും തൊഴില്സ്കൂളില് പോയി ഡിപ്ലോമ നേടി നേരെ ജോലിയില്‍ കയറുക. ഇതാണ് അവരുടെ ലക്ഷ്യം. പാര്‍ട്ട് ടൈം ജോലികളും ചെയ്യാന്‍ കഴിയും. നല്ല ഫീസ് ആണ്. എങ്കിലും മലയാളികള്‍ക്ക് ഉപയോഗപ്പെടുത്താവുന്ന നല്ല മാര്‍ഗമാണിതെന്നു തോന്നുന്നു. സ്കൂളില്‍ ഒപ്പം പഠിച്ച ആഫ്രിക്കക്കാര്‍ വഴി വന്നുചേര്‍ന്ന നീണ്ട കഥ ‘കെനിയാ സാന്‍’ അതേ പേരിലുള്ള കഥാസമാഹാരത്തില്‍ ഉണ്ട്.
ജപ്പാനിലൊരു കേരള ബംഗാളി
ടോക്യോ ലോകത്തിലെ ഏറ്റവും ചെലവേറിയ പടുകൂറ്റന്‍ നഗരമായതിനാല്‍ എനിക്ക് കടുത്ത പ്രശ്നങ്ങളാണ് ആദ്യം ഉണ്ടായത്. (വന്ന് നാലു വര്‍ഷത്തോളം മറ്റൊരു മലയാളിയെയും കണ്ടിട്ടില്ലാത്ത ഭീകരാവസ്ഥയും അതില്‍പ്പെടും). ഒരു ശ്രീലങ്കന്‍ വിദ്യാര്‍ഥി വഴി യമാത്തോ എന്നൊരു കൂറ്റന്‍ കൊറിയര്‍ കമ്പനിയുടെ ഫാക്ടറി സമാനമായ ഹെഡ് ഓഫിസിലാണ് ആദ്യം ജോലി കിട്ടിയത്. നാട്ടില്‍ അവസാനം ചെയ്ത ജോലി കോളജ് അധ്യാപനമാണ്. അതിനുമുന്നേ അര ഡസനിലധികം വിവിധ ജോലികള്‍ ചെയ്ത് പരിചയം ഉണ്ടായിരുന്നതിനാല്‍ എന്തു ജോലി ചെയ്യാനും ഒരുക്കമായിരുന്നു. ശരിക്കും നാട്ടിലെ ബംഗാളികളുടെ അവസ്ഥയില്‍ ഞാന്‍ എന്നെ കാണാന്‍ തുടങ്ങിയ കാലമായിരുന്നു അത്. ബംഗാളി കലാപം എന്ന നോവല്‍ എഴുതുന്നതിന് ഒരു ഷോക്ക് തന്നത് ആ ജോലിക്കാലമായിരുന്നു. അതുവിട്ട് ഒരു ഇറ്റാലിയന്‍ റസ്റ്ററന്റില്‍ കയറി. രാവിലെ പോയാല്‍ പാതിരാത്രി ആകും തിരികെ വരാന്‍. എഴുത്തിനെ ഭീകരമായി ബാധിക്കുന്നു എന്നതിനാല്‍ ആദ്യം മുതല്‍ തന്നെ യാതൊരുവിധത്തിലും ഒത്തുപോകാന്‍ പറ്റാത്തതായിരുന്നു ആ ജോലി. മാനസികമായി തളര്‍ത്തുന്ന ജോലി. എങ്കിലും ഇപ്പോഴും അതു തുടരുന്നു. ഇതിനിടെ രണ്ട് വര്‍ഷം ഒരു ആശുപത്രിയിലും ജോലി നോക്കി. മറ്റൊരു ജോലി ചെയ്യുന്നത് ഡോണറ്റ് എന്ന അമേരിക്കന്‍ പലഹാരം ഉണ്ടാക്കുന്ന ഫുഡ് ഫാക്ടറിയിലാണ്. നാലഞ്ച് തവണ ജപ്പാനീസ് ഭാഷാപ്രാവീണ്യപരീക്ഷ എഴുതി. ഇതുവരെ പാസായിട്ടില്ല. കലാധ്യാപക ജോലിക്ക് അപേക്ഷകള്‍ അയച്ചെങ്കിലും ഒന്നും ലഭിച്ചിട്ടില്ല.
വിവാഹം
ഇതിനിടെ ടോക്യോയിലുള്ള ഒരു ബുദ്ധക്ഷേത്രത്തില്‍ വച്ച് കുമിക്കോയുമായി വിവാഹം നടന്നു. നാട്ടില്‍ നിന്ന് അമ്മ ബേബി, ചേട്ടന് ജിത്ത്, ചേട്ടന്റെ ഭാര്യ അതുല്യ, അനിയന് അമിത് രാജ് എന്നിവര്‍ വന്നിരുന്നു. ഓര്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്നു. കൊറോണ സമയത്ത് എനിക്കും കുമിക്കോക്കും ഒരു മകന് ജനിച്ചു. അമോന്‍ എന്നാണ് പേര്. കുമിക്കോ സ്വന്തം വീട്ടിലേക്ക് ആ സമയം പോകുകയുണ്ടായി. ചെറിയ അപ്പാര്‍ട്ട്മെന്റ് എന്നെ മാനസികമായി തളര്‍ത്തിയ സമയം കൂടിയാണ് അത്. നാട്ടില്‍ പോകാനോ വരാനോ ഒന്നും പറ്റാത്ത ആ രണ്ട് കൊറോണവര്ഷങ്ങള് കടുത്ത മാനസികസമ്മര്‍ദത്തിലൂടെയാണ് കടന്നുപോയത്. എഴുത്ത് തീരെ കുറഞ്ഞുപോയി. എങ്കിലും ഒരു നോവലും കുറച്ച് മാത്രം കഥകളും എഴുതാനായത് ജീവാശ്വാസമായി.
ഒരു മിനിട്ടുപോലും വൈകാത്ത ട്രെയിന്‍
വര്‍ക്ക് ഹോളിക്, അല്ലെങ്കില്‍ ജോലിയോട് അമിതമായ ഭ്രാന്തുള്ള ജനതയാണ് ഇതെന്ന് തോന്നുന്നു. (എഴുത്തുജോലിയോട് മാത്രമേ എനിക്കാ ഭ്രാന്തുള്ളൂ) ജോലിക്കായി ജീവിതം തന്നെ സമര്‍പ്പിച്ച അവസ്ഥ. അതിന് തെളിവാണ് ലോകത്ത് ഇന്ന് ജപ്പാന് നേടിയെടുത്ത സ്ഥാനം. ആരംഭിച്ച് അമ്പത് വര്‍ഷം ആയിട്ടും ഒരു മിനുട്ട് പോലും വൈകിയോടിയ ചരിത്രമില്ലാത്ത ബുള്ളറ്റ് ട്രെയിന്‍ പോരേ ഇവരുടെ സാങ്കേതികത്തികവറിയാന്. ഓരോ അഞ്ച് മിനുട്ട് ഇടവിട്ടും ബുള്ളറ്റ് ട്രെയിന്‍ ഓടുന്നുണ്ടെന്നുകൂടി അറിയുമ്പോഴേ വിസ്മയം പൂര്‍ണമാകൂ. എന്തിന്, വെള്ളപ്പൊക്കം ഉണ്ടായാല്‍ നിമിഷങ്ങള്‍ക്കകം അധികവെള്ളം ഒഴുക്കി അപകടം ഒഴിവാക്കാന്‍ വിട്ട് ബ്രഹ്മാണ്ഡപടുകൂറ്റന് അണ്ടര്‍ഗ്രൗണ്ട് ടണല്‍ പോലും വര്‍ഷങ്ങള്‍ക്കു മുമ്പേ ഇവിടെ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. എന്റെ അനുഭവത്തില്‍ ഇന്നേവരെ കറന്റ് പോയിട്ടേയില്ല. പിന്നെ ഓരോ ആവശ്യത്തിനും റോബോട്ടുകള്‍... അങ്ങനെ
കേരളത്തിലേക്ക് തിരിച്ചുവരണം
സാങ്കേതികവിദ്യയുടെ ഈറ്റില്ലമായ ഇവിടം എല്ലാവര്ക്കും ഇഷ്ടമായിരിക്കാം, പക്ഷേ അങ്ങേയറ്റം യാന്ത്രികമായ ഇവിടത്തെ നഗരജീവിതം സാഹിത്യജീവിയായ, കുഗ്രാമസ്നേഹിയായ എനിക്ക് ഇഷ്ടമല്ല എന്നതാണ് സത്യം. എഴുത്തിന് വിഷയങ്ങള്‍ തരുന്ന, എന്നാല്‍ എഴുതാന്‍ സമയമോ മനസമാധാനമോ തരാത്ത യന്ത്രനഗരത്തില് നിന്ന് മാറി നില്ക്കാന് പണിപ്പെടുകയാണ് ഞാന്‍. ശാന്തരായ മനുഷ്യരും, ജീവിക്കാന്‍ ഏറ്റവും സുരക്ഷിതവും നല്ലതുമായ ഇടമായിട്ടുകൂടി എനിക്ക് യോജിച്ചുപോകാന്‍ കഴിയാത്തത് എന്റെ ജോലികള്‍ എന്നില്‍ ഏല്‍പ്പിക്കുന്ന അസന്തുഷ്ടികള്‍ കൊണ്ട് മാത്രമാണ് എന്ന് ദയവായി മനസ്സിലാക്കുക. ടോക്യോ പോലെയുള്ള നഗരഭാഗം കഴിഞ്ഞാല്‍ പഴയ കേരളം പോലെയാണ് ഇവിടെ കാഴ്ചകള്‍. എങ്ങും ഇളംപച്ച വയലും നദികളും മലകളും. മനോഹരമായ ടൂറിസ്റ്റ് ഇടങ്ങളും മ്യൂസിയങ്ങളും കലാപ്രദര്‍ശനങ്ങളും ക്യോട്ടോയിലെ പോലെ പുരാതന ക്ഷേത്രങ്ങളും ഗ്രാമങ്ങളും ജീവിതകാലം കാണാനുള്ളത് ഉണ്ട്. കുറച്ചുനാള്‍ കഴിഞ്ഞ് തിരികെപ്പോകുന്ന ഒരു സഞ്ചാരി ആയിട്ടാണ് നമ്മള് വരുന്നതെങ്കില്‍ സ്വര്‍ഗം തന്നെയാണ്, ഒരു സംശയവുമില്ല.
ചെറിയൊരു ഗ്രാമത്തില്‍ നിന്ന് വന്ന എനിക്ക് അന്ന് തോന്നിയ അപരിചിതത്വവും അന്യതാബോധവും വിസ്മയവും കലര്‍ന്ന ഭാവം ഇന്നും അത് പോലെ തന്നെ ഉണ്ട്. എത്ര ശ്രമിച്ചാലും എനിക്കീ നഗരത്തിന്റെ ഭാഗമാകാന്‍ കഴിയില്ല. ആകുകയും വേണ്ട. എനിക്ക് തിരിച്ച് നാട്ടില്‍ പോകണം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."