ജാതി അടിസ്ഥാനത്തിൽ കായിക ടീമുകൾ; വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭക്ക് കീഴിൽ വിദ്യാർഥികളുടെ കായിക ടീമുകൾ രൂപവത്കരിക്കുന്നതിൽ ജനറൽ വിഭാഗത്തിനും പട്ടിക ജാതി-വർഗ വിഭാഗത്തിനും പ്രത്യേകം ടീമുകൾ ഉണ്ടാക്കുന്നുവെന്ന വിവാദത്തിൽ പ്രതികരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. നേരത്തെയുള്ള ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും തെറ്റായി വ്യാഖ്യാനിച്ചത് ഖേദകരമാണെന്നും മേയർ വിശദീകരിച്ചു.
നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ് സി) എന്ന പേരിൽ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പാക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്. ജനറൽ ഫണ്ടും എസ് സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്. സർക്കാർ മാനദണ്ഡം അനുസരിച്ച് ജനറൽ /എസി ഫണ്ടുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം നൽകാൻ സാധിക്കും. ഓരോ ഇനത്തിലും ആൺ-പെൺ വിഭാഗങ്ങളിൽ നിന്ന് 25പേർ വീതം കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും ഒരുമിച്ച് പരിശീലനം നൽകി ഓരോ ഇനത്തിലും നഗരസഭയുടെ ഓരോ ടീം ആണ് രൂപീകരിക്കുക എന്നതാണ് ആശയമെന്നും വിഷയത്തിൽ ചർച്ചകളും വിപുലീകരണവും ആവശ്യമാണെന്നും ഇതിനായി കായിക പ്രേമികളുമായും വിദഗ്ദരുമായും ചർച്ച നടത്തുമെന്നും മേയർ പറഞ്ഞു. ഇത്തരം ഒരു പദ്ധതിയെ വിവാദത്തിൽപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
നേരത്തെ ടീം തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയറുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കടുത്ത വിമർശനം നേരിട്ടു. തുടർന്നാണ് മേയർ വിശദീകരണം നൽകിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."