മഴ: മുത്തങ്ങ പുഴ കരകവിഞ്ഞു; വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം: ശക്തമായ മഴയെത്തുടര്‍ന്ന് മുത്തങ്ങ പുഴ കരകവിഞ്ഞു. ദേശീയ പാത 766 തകരപ്പാടിയില്‍ വെളളം കയറി. ഗതാഗതം തടസപ്പെട്ടു. ചുണ്ടക്കുനി കോളനിയിലെ 5 കുടുംബങ്ങളെ ഫയര്‍ ഫോഴ്‌സെത്തി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു. ചെമ്പ്ര, സൂചിപ്പാറ, ബാണാസുര മീന്‍മുട്ടി, കുറുവ ദ്വീപ് എന്നിവിടങ്ങളില്‍ നാളെ മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികള്‍ക്ക് പ്രവേശനം നിരോധിച്ചതായി സൗത്ത് വയനാട് ഡി എഫ് ഒ അറിയിച്ചു.
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതീതീവ്ര മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ ജില്ലാ പോലിസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി.. ജില്ലാ പോലീസ് ഓഫീസ് കേന്ദ്രികരിച്ചു 24 മണിക്കൂറും കണ്ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പോലിസ് സഹായത്തിനായി പൊതുജനങ്ങള്‍ക്ക് 04936-202521, 9497980833 എന്നീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
മണ്ണിടിച്ചില്‍ ഭീഷണി ഉള്‍പ്പെടെയുള്ള ദുരന്തസാധ്യതയുള്ളതിനാല്‍ മലയോരമേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കുക.
കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളില്‍ പെട്ടെന്ന് വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഇടിമിന്നല്‍ സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ തുറസ്സായ സ്ഥലത്ത് നില്‍ക്കുന്നവര്‍ ജാഗ്രത പാലിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."