തലയ്ക്കു മീതേ വൻ പാറകൾ അഭയമെവിടെ ?
കെ.പി ശോമിത്ത്
പേരാവൂർ (കണ്ണൂർ) • 'ഉരുൾപൊട്ടൽ നാളെയും വരില്ലേ, വലിയപാറകളാണ് തലയ്ക്കു മീതേ ഇനിയുള്ളത്, മഴ പെയ്താൽ പ്രാർഥിക്കുകയല്ലാതെ മറ്റുവഴിയില്ല, മലവെള്ളം കുത്തിയൊലിച്ച് തോടുകളിലെ ഭിത്തികളെല്ലാം തകർത്ത് ഗതിമാറി പോകുകയാണ്. മൂന്ന് ജീവനുകളാണ് കഴിഞ്ഞദിവസം പോയത്, സമാധാനത്തോടെ ഇനി ഞങ്ങളെങ്ങനെ ജീവിക്കും'.
ഉരുൾപൊട്ടലുണ്ടായ പൂളക്കുറ്റി വെള്ളറയിലെ ഭീതിയിൽ കഴിയുന്ന കുടുംബങ്ങളുടെ വാക്കുകളാണിത്. നേരത്തെ ചെറിയരീതിയിൽ ഉരുൾപൊട്ടലുകൾ ഉണ്ടായെങ്കിലും ആദ്യമായാണ് ഭീകരമായ പ്രകൃതിക്ഷോഭം മേഖലയിൽ നേരിടേണ്ടിവന്നത്. താൽക്കാലികമായുള്ള സുരക്ഷ ഉറപ്പുവരുത്തൽ കൂടാതെ ജീവിക്കാനുള്ള സാഹചര്യവും ഒരുക്കണമെന്നാണ് ഇവർ പറയുന്നത്.
കണിച്ചാർ പഞ്ചായത്തിലെ നിടുംപുറംചാൽ, താഴെവെള്ളറ, മേലെവെള്ളറ, കേളകം പഞ്ചായത്തിലെ കണ്ടംതോട് പ്രദേശങ്ങളിലാണ് തിങ്കളാഴ്ച രാത്രി ഉരുൾപൊട്ടലുണ്ടായത്. രണ്ടുദിവസം പിന്നിട്ടിട്ടും ജനങ്ങൾ സാധാരണനിലയിലേക്കു തിരിച്ചെത്തിയിട്ടില്ല. ഒരുപാടുപേരുടെ വീടുകൾ ഭാഗികമായി തകർന്നിരിക്കുകയാണ്. മലവെള്ളപ്പാച്ചിലിൽ ഒഴുകിവന്ന കൂറ്റൻ പാറകൾ വീട്ടുമുറ്റങ്ങളിൽ അതേപടി കിടപ്പാണ്. വീടുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് കഴിഞ്ഞദിവസങ്ങളിൽ നടന്നത്. ഇതുകൂടാതെ വലിയ രീതിയിൽ കൃഷിനാശവും.
കണിച്ചാർ വെള്ളറ കോളനിയിലെ മണാളി ചന്ദ്രൻ (55), അരുവിക്കൽ ഹൗസിൽ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെയും പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി നിടിയകാലായിൽ ഷഫീഖിന്റെയും രണ്ടര വയസുകാരി മകൾ നുമ തസ്‌ലിം എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."