പോക്‌സോ: അധ്യാപകന് 79 വർഷം കഠിനതടവ് 2.75 ലക്ഷം രൂപ പിഴ
തളിപ്പറമ്പ് • അഞ്ച് സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകന് 79 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ.
പെരിങ്ങോം പൊലിസ് പരിധിയിലെ എൽ.പി സ്‌കൂൾ അധ്യാപകനായിരുന്ന ആലപ്പടമ്പ് ചൂരൽ സ്വദേശി പി.ഇ ഗോവിന്ദൻ നമ്പൂതിരിയെ(50)യാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി. മുജീബ് റഹ്മാൻ ശിക്ഷിച്ചത്.
2013 ജൂൺ മുതൽ 2014 ജനുവരി വരെ വിദ്യാർഥിനികളെ ക്ലാസ് മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചിട്ടും അധികൃതരെ വിവരം അറിയിക്കാതിരുന്നതിന് സ്‌കൂൾ പ്രഥമാധ്യാപിക, ഹെൽപ് ഡെസ്‌ക് ചുമതലയുള്ള അധ്യാപിക എന്നിവരെയും പ്രതി ചേർത്തിരുന്നുവെങ്കിലും വെറുതേവിട്ടു.
അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഒരു കേസിൽ പരാതിക്കാർ കൂറുമാറിയതിനാൽ വെറുതെ വിട്ടിരുന്നു. പരാതിയെ തുടർന്ന് 2014 ഫെബ്രുവരി 23നാണ് ഗോവിന്ദനെ പൊലിസ് അറസ്റ്റ് ചെയ്തത്. 21നു തന്നെ എ.ഇ.ഒ അന്വേഷണം നടത്തി സസ്‌പെൻഡ് ചെയ്തിരുന്നു.
പിന്നീട് ഗോവിന്ദനെ സർവിസിൽനിന്നു നീക്കി. നാല് കേസുകളിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് 79 വർഷം തടവും 2.75 ലക്ഷം രൂപ പിഴയും വിധിച്ചത്. വാദിഭാഗത്തിനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ഷെറിമോൾ ജോസ് ഹാജരായി. 2020ൽ തളിപ്പറമ്പിൽ പോക്‌സോ അതിവേഗ കോടതി സ്ഥാപിച്ചതിനു ശേഷം ആദ്യവിചാരണ തുടങ്ങിയ കേസിലാണ് സുപ്രധാന വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."