പാഠ്യപദ്ധതി പരിഷ്‌കരണം; പ്രസിദ്ധീകരിച്ചത് നിർദേശം മാത്രം, എല്ലാം നടപ്പാക്കില്ല
തിരുവനന്തപുരം • പാഠ്യ പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കരിക്കുലം കോർകമ്മിറ്റിയുടെ പ്രസിദ്ധീകരിച്ച നിർദേശങ്ങൾ പൂർണമായും നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇതുസംബന്ധിച്ച് പ്രാഥമിക നിർദേശങ്ങൾ മാത്രമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലെ എല്ലാ നിർദേശങ്ങളും അടുത്ത ദിവസം തന്നെ പൂർണമായും നടത്താൻ വേണ്ടിയുള്ളതല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. ഈ മാസവും അടുത്ത മാസവുമായി ഇതിന്റെ വിവിധ തലങ്ങളിലെ ചർച്ചകൾ നടത്തും. കൂടാതെ എല്ലാതലത്തിലുമുള്ള നിർദേശങ്ങളും വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾകൊണ്ട ശേഷം മാത്രമേ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കരിക്കുലം കോർ കമ്മിറ്റി നിർദേശങ്ങളിലെ ലിംഗസമത്വത്തിലധിഷ്ഠിതമായ ക്ലാസ് റൂം സംവിധാനമടക്കം വിഷയങ്ങളിൽ സമസ്തയും പോഷക സംഘടനകളും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണവുമായി എത്തിയത്.
അതേസമയം ലിംഗസമത്വ യൂനിഫോമിൽ സർക്കാരിന് പ്രത്യേകമായ നിർബന്ധബുദ്ധി ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഏതെങ്കിലും തരത്തിലുളള പ്രത്യേകമായ യൂനിഫോം കോഡ് അടിച്ചേൽപ്പിക്കുന്നതിനായി സർക്കാർ തീരുമാനം എടുത്തിട്ടില്ല. പൊതുവെ സ്വീകാര്യമായതും കുട്ടികൾക്ക് സൗകര്യപൂർവം ധരിക്കാവുന്നതുമായ യൂനിഫോം എന്നത് പൊതുസമൂഹത്തിൽ അംഗീകരിക്കപ്പെട്ട ഒരു കാര്യമാണ്. എന്നാൽ പാഠപുസ്തകത്തിൽ ലിംഗസമത്വവുമായി ബന്ധപ്പെട്ട ഓഡിറ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ആദ്യ ഭാഗത്തെ നിർദേശങ്ങൾ ഈ വർഷം പൂർണമായും നടപ്പാക്കും. വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന്റെ രണ്ടാം ഭാഗം സമർപ്പിക്കപ്പെട്ടാൽ ഉടനെ ആവശ്യമായ നടപടികൾ സ്വീകരിക്കും. ഉച്ചഭക്ഷണ പ്രതിസന്ധി ദ്രുതഗതിയിൽ പരിഹരിക്കും. ഇതിനായി പ്രതീക്ഷിത കേന്ദ്ര വിഹിതമടക്കം 126 കോടി അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകൾക്കും, പാചക തൊഴിലാളികൾക്കും തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇതിനോടകം സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. 142 കോടി നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഒക്ടോബർ മാസത്തോടെ അക്ഷരമാല ഉൾപ്പെടുത്തിയ പുസ്തങ്ങൾ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."