സി.പി.എം സ്വാതന്ത്ര്യസമര സേനാനി പട്ടികയിൽ സവർക്കർ; വിവാദം സവർക്കറെ അംഗീകരിച്ചത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി മുരളീധരൻ
തിരുവനന്തപുരം •സി.പി.എം മുഖപുസ്തകത്തിൽ പ്രസിദ്ധീകരിച്ച ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ വി.ഡി സവർക്കറും.
കുപ്രസിദ്ധമായ ആൻഡമാൻ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട ധീര യോദ്ധാക്കളിൽ 80 ശതമാനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടിരുന്നവരാണെന്ന അടിക്കുറിപ്പോടെയാണ് കഴിഞ്ഞ ദിവസം സി.പി.എം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ സവർക്കറടക്കമുള്ളവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
1909 മുതൽ 1921 വരെ ജയിലിലായ സമരനേതാക്കളുടെ പേരിനൊപ്പം 103 ഓളം പേരുടെ പട്ടികയിൽ മൂന്നാമതായാണ് വി.ഡി സവർക്കറും ഇടംപിടിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ചാണ് പട്ടികയും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ സി.പി.എം പട്ടികയിലെ സവർക്കറുടെ പേരുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയർന്നിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തകരും ഇത് ഏറ്റുപിടിച്ചതോടെ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടടക്കം സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്.
അതേസമയം വി.ഡി സവർക്കറെ സി.പി.എം സ്വാതന്ത്ര്യസമര സേനാനിയായി അംഗീകരിച്ചത് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്തെത്തി.
സി.പി.എം നിലപാടുകളിലെ മറ്റൊരു കാപട്യം കൂടിയാണ് ഇപ്പോൾ വെളിച്ചത്തായിരിക്കുന്നതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ധീരസ്വാതന്ത്ര്യസമര സേനാനികളുടെ ഗണത്തിൽ വി.ഡി സവർക്കറുമുണ്ടെന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തിരിച്ചറിവ് നല്ലതാണ്.
സവർക്കർ ധീരദേശാഭിമാനിയെന്നത് ബംഗാൾ സി.പി.എം പണ്ടേ പുസ്തകം പ്രസിദ്ധീകരിച്ചു അംഗീകരിച്ചതാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."