ക്ഷേമരാഷ്ട്രമോ? അതൊന്നും നടക്കില്ല!
ജനങ്ങൾ ക്ഷേമത്തോടെ ജീവിക്കുന്നതിൽ മോദി സർക്കാരിനു കാര്യമായ വിരോധമുണ്ട്. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപ്പാർട്ടികൾ സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയെ ബാധിക്കുമെന്നും സാമ്പത്തിക ദുരന്തങ്ങളിലേക്ക് നയിക്കുമെന്നുമാണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ ആദ്യലക്ഷ്യം ആംആദ്മി പാർട്ടിയാണ്. ഡൽഹിയിൽ സൗജന്യ വൈദ്യുതിയും വെള്ളവും ആംആദ്മിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്നു. അതു പാലിക്കുകയും ചെയ്തു. പഞ്ചാബിലും ഇതുതന്നെയായിരുന്നു വാഗ്ദാനം. പഞ്ചാബും പിടിച്ചു. അവിടെയും ഇപ്പോൾ വൈദ്യുതി സൗജന്യമായി നൽകുന്നു. ഇനി ഗുജറാത്തിലേക്കാണ് അരവിന്ദ് കെജ്‌രിവാളിന്റെ നോട്ടം. നഗര മധ്യവർഗം രാഷ്ട്രീയം നിയന്ത്രിക്കുന്ന ഗുജറാത്തിൽ ബി.ജെ.പിക്ക് ആംആദ്മി പാർട്ടിയുടെ വരവ് ഭീഷണിയാണ്. കെജ്‌രിവാൾ ഇടയ്ക്കിടെ ഗുജറാത്ത് സന്ദർശിക്കുകയും ഡൽഹിയെയും പഞ്ചാബിനെയും ചൂണ്ടിക്കാട്ടുകയും ചെയ്യുന്നുണ്ട്.
അടുത്ത വർഷം ഫെബ്രുവരിയിലോ അതിനുമുമ്പോ ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കും. ബി.ജെ.പിക്ക് അവിടെ തീവ്രഹിന്ദുത്വവാദം കൊണ്ട് മാത്രം പിടിച്ചുനിൽക്കാൻ കഴിയില്ല. ജനക്ഷേമ പദ്ധതികളെന്തെങ്കിലും കൊടുത്തേ പറ്റൂ. എന്നാൽ, അതിനുള്ള സമയം കഴിഞ്ഞിരിക്കുന്നു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയാണ് ഓരോ മനുഷ്യനും ജീവിക്കുന്നത്. മോദി സർക്കാർ വന്ന ശേഷം ഉണ്ടായിരുന്ന ജനക്ഷേമ പദ്ധതികളെല്ലാം എടുത്തുകളഞ്ഞു. നോട്ടുനിരോധിച്ച് ചെറുകിട വ്യവസായത്തെ തകർത്തു. കൊവിഡ് കാലത്ത് കരുതലില്ലാതെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സാധാരണക്കാരെ തെരുവിലാക്കി. പാചകവാതക സബ്‌സിഡി ഇല്ലാതാക്കി. പെട്രോളിനും ഡീസലും പാചകവാതകത്തിനും കൊള്ളവിലയാണ്. ജി.എസ്.ടി കൂടി നടപ്പാക്കിയാൽ വിലകുറയുമെന്ന് പ്രഖ്യാപിച്ചതിനെല്ലാം വിലകൂടി.
കേന്ദ്രസർക്കാർ തന്നെ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ അരിയുടെ വില 24 ശതമാനവും ഗോതമ്പുപൊടി 28 ശതമാനവും പയറുവർഗങ്ങൾ 20-30 ശതമാനം വരെയും കൂടി. ഭക്ഷ്യഎണ്ണ വില അനിയന്ത്രിതമായി ഉയർന്നു. കടുകെണ്ണ 71 ശതമാനം, വനസ്പതി 112 ശതമാനം, സൂര്യകാന്തി എണ്ണ 107 ശതമാനം, പാമോയിൽ 128 ശതമാനം എന്നിങ്ങനെയാണ് വിലക്കയറ്റം. ഉരുളക്കിഴങ്ങിനു 65 ശതമാനവും ഉള്ളിക്ക് 69 ശതമാനവും തക്കാളിയുടെ വില 155 ശതമാനവും കൂടി. പാലിന്റെ വില 25 ശതമാനം വർധിച്ചു. ചായപ്പൊടിവിലയിൽ 41 ശതമാനത്തിന്റെ വർധനവുണ്ടായി. അയോഡൈസ്ഡ് ഉപ്പിന്റെ വില 8 ശതമാനം വർധിച്ചു. അതായത്, എല്ലാ അവശ്യവസ്തുക്കൾക്കും പൊന്നുംവിലയാണ്.
കാർഷിക മേഖലയിലെ പ്രതിസന്ധികൊണ്ടല്ല വില വർധിക്കുന്നത്. കാർഷിക മന്ത്രാലയത്തിന്റെ കണക്കുകൾപ്രകാരം കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്തെ കർഷകർ റെക്കോർഡ് ഭക്ഷ്യധാന്യ വിളവെടുപ്പ് നടത്തിയിട്ടുണ്ട്. 2014ൽ ധാന്യ ഉൽപാദനം 234.87 ദശലക്ഷം ടണ്ണായിരുന്നു. കഴിഞ്ഞ വർഷം ഇതു 285.28 ദശലക്ഷം ടണ്ണായി ഉയർന്നു. പയറുവർഗങ്ങളുടെ ഉൽപാദനം 17.15 ദശലക്ഷം ടൺ ആയിരുന്നത് കഴിഞ്ഞ വർഷം 25.46 ദശലക്ഷം ടണ്ണായി. ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുകയും സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ അത് എത്തിക്കുകയും ചെയ്യുന്ന ക്ഷേമരാഷ്ട്രമായി പ്രവർത്തിക്കാൻ സർക്കാരിന് താൽപര്യമില്ല. സംഭരണം, വ്യാപാരം, വിലനിർണയം എന്നിവ സ്വകാര്യവൽക്കരിക്കുകയും കാർഷിക മേഖല സ്വകാര്യകുത്തകകൾക്ക് എഴുതിനൽകാനുമുള്ള നടപടികളിലുമാണ് സർക്കാർ.
കഴിഞ്ഞ 75 വർഷത്തിനിടയിൽ അരി, ഗോതമ്പ്, പയറുവർഗങ്ങൾ, തൈര്, പനീർ, മാംസം, മത്സ്യം, ശർക്കര തുടങ്ങിയ ഭക്ഷ്യവസ്തുക്കൾക്ക് നികുതി ചുമത്തിയിരുന്നില്ല. ഇതെല്ലാമിപ്പോൾ ജി.എസ്.ടിയുടെ പരിധിയിൽ വന്നിരിക്കുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് സ്വന്തം സമ്പാദ്യം പിൻവലിക്കാൻ പോലും ചെക്കുകൾക്ക് 18 ശതമാനം ജി.എസ്.ടി നൽകണം. ജനം കഷ്ടതയനുഭവിക്കുമ്പോഴും ഗൗതം അദാനി ലോകത്തെ ഒന്നാമത്തെ സമ്പന്നനെന്ന പദവിയിലേക്കുള്ള കുതിപ്പിലാണ്. ഇതിനിടയിൽ പട്ടിണികിടക്കുന്ന മനുഷ്യർ നല്ല വാഗ്ദാനങ്ങളുടെ പിറകെ പോകും. അതു നടപ്പാക്കുമെന്ന് ഉറപ്പുകൂടിയുണ്ടെങ്കിൽ അതിലുറച്ചു നിൽക്കും. അതുതന്നെയാണ് കേന്ദ്ര സർക്കാരിനെ പേടിപ്പിച്ചിരിക്കുന്നത്.
ഡൽഹിയിൽ റേഷൻ വീടുകളിലെത്തിക്കുന്ന ഗർ ഗർ റേഷൻ യോജനാ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുരങ്കംവച്ചിട്ട് ഏറെ നാളുകളായിട്ടില്ല. പദ്ധതി നടപ്പാക്കാൻ വേണ്ടതെല്ലാം ഡൽഹി സർക്കാർ ചെയ്തതാണ്. വീടുകളിൽ റേഷൻ എത്തിക്കുന്നതിനു ഡെലിവറി ഏജന്റുമാരെ കണ്ടെത്തുന്ന നടപടിവരെ തുടങ്ങിയിരുന്നു. എന്നാൽ പദ്ധതിക്ക് ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയില്ല. ഡൽഹി ലെഫ്റ്റനന്റ് ഗവർണറുടെ അനുമതിയോ അംഗീകാരമോ ഇല്ലെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി പദ്ധതി തടയുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നതിനായി ഡെലിവറി ഏജന്റുമാരെ ക്ഷണിച്ച് ഡൽഹി സർക്കാർ പുറപ്പെടുവിച്ച മൂന്ന് ടെൻഡറുകളും കോടതി റദ്ദാക്കി.
വീടുകളിലേക്ക് റേഷൻ എത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ ഡൽഹി സർക്കാരിന് അധികാരമുണ്ടെങ്കിലും പദ്ധതി സംബന്ധിച്ച് ലെഫ്റ്റനന്റ് ഗവർണറെ മന്ത്രിസഭ അറിയിക്കുകയും അദ്ദേഹത്തിന് അതിൽ എതിരഭിപ്രായമില്ലെന്ന് ഉറപ്പാക്കുകയും വേണമെന്നായിരുന്നു കോടതിവിധി. പദ്ധതിക്കെതിരേ ബി.ജെ.പി ബന്ധമുള്ള ഡൽഹി സർക്കാറി റേഷൻ ഡീലേഴ്‌സ് സംഘ്, ഡൽഹി റേഷൻ ഡീലേഴ്‌സ് യൂനിയൻ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിക്കാരെ കോടതിയിൽ കേന്ദ്രസർക്കാർ പിന്തുണച്ചു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ചോദ്യംചെയ്തുള്ള സുപ്രിംകോടതിയിലെ കേസിലെ ഹരജിക്കാരൻ ബി.ജെ.പി നേതാവ് അശ്വനികുമാർ ഉപാധ്യായയാണ്. ജന്തർ മന്തറിൽ മുസ്‌ലിംകൾക്കെതിരേ വംശഹത്യാ ആഹ്വാനം നടത്തിയതിന് കേസ് നേരിടുന്നയാളാണ് ഉപാധ്യായ. ഹരജിയിലെ ആവശ്യത്തെ സുപ്രിംകോടതിയിൽ കേന്ദ്രസർക്കാർ പിന്തുണച്ചു. പൊതുപണമെടുത്ത് സൗജന്യങ്ങൾ നൽകാൻ പാടില്ലെന്ന വാദത്തിൽ കോടതിയും പിന്തുണച്ചേക്കും.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വാഗ്ദാനമായിരുന്നു എല്ലാ കർഷകർക്കും പ്രതിവർഷം 6,000 രൂപ നൽകുന്ന പദ്ധതി. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിലും നിലവിലുള്ള 6,000ത്തിന് പുറമെ മറ്റൊരു ആറായിരം കൂടി ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം വിഴുങ്ങിയാണ് സർക്കാരിന്റെ കരണംമറിച്ചിൽ.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിയന്ത്രിക്കാൻ ഭരണ, പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ, നീതി ആയോഗ്, ഫിനാൻസ് കമ്മിഷൻ, നിയമകമ്മിഷൻ, റിസർവ് ബാങ്ക് പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാനിരിക്കുകയാണ് സുപ്രിംകോടതി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇ.ഡിക്കുള്ള അധികാരങ്ങൾ സുപ്രിംകോടതി ശരിവച്ചതിന്റെ നേട്ടങ്ങൾ സർക്കാർ കൊയ്യുന്നുണ്ട്. വിധിപറയുന്നത് സുപ്രിംകോടതിയാകും. ഭരിക്കുന്ന ബി.ജെ.പി അതിന്റെ നേട്ടം കൊയ്യുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."