കരിപ്പൂരിലെ വിമാനവിലക്ക് പിൻവലിക്കാൻ സമ്മർദമുണ്ടാകണം
കരിപ്പൂരിലെ വിമാനാപകടം സംഭവിച്ച് രണ്ടു വർഷം തികയാൻ പോകുകയാണ്. 2020 ഓഗസ്റ്റ് ഏഴിനാണ് 21 പേർ മരിക്കാനിടയായ അപകടമുണ്ടായത്. മരണമടഞ്ഞവരിൽ രണ്ടു വൈമാനികരുമുണ്ടായിരുന്നു. 169 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിലുള്ളതല്ല കരിപ്പൂർ വിമാനത്താവളമെന്ന് ആരോപിച്ചായിരുന്നു അപകടശേഷം വലിയ വിമാനങ്ങൾക്ക് മൺസൂൺ വിലക്ക് ഏർപ്പെടുത്തിയത്. റൺവേയിൽ വെള്ളം കെട്ടിക്കിടന്നിരുന്നില്ല. വെള്ളത്തിൽ തെന്നിയായിരുന്നില്ല അപകടമുണ്ടായത്. അപകടകാരണം അന്വേഷിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ വ്യോമയാന വകുപ്പിന് നൽകിയ റിപ്പോർട്ടിൽ പറഞ്ഞത്, വിമാനത്താവളത്തിന്റെ അപാകതയല്ല അപകട കാരണമെന്നായിരുന്നു. അന്വേഷണസംഘം ബ്യൂറോ ഫ്‌ളൈറ്റ് ഡാറ്റ റെക്കോർഡറും കോക്പിറ്റ് വോയിസ് റെക്കോർഡറും വിശദമായി പരിശോധിച്ചതിന് ശേഷമായിരുന്നു ഈ നിഗമനത്തിലെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിന്റെ ടേബിൾടോപ്പ് പ്രതലമാണ് അപകടത്തിനു കാരണമെന്ന തരത്തിലും പ്രചാരണമുണ്ടായി. അതിന്റെയൊക്കെ മുനയൊടിക്കുന്നതായിരുന്നു അന്വേഷണ റിപ്പോർട്ട്. അമേരിക്കയിലെ നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും ബോയിങ് സംഘവും അന്വേഷണ സംഘത്തെ സഹായിക്കുകയുണ്ടായി. മൺസൂൺ കാലത്തേക്കായിരുന്നു ഡി.ജി.സി.എ (ഡയരക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) അപകടശേഷം വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് പറഞ്ഞായിരുന്നു ഈ താൽക്കാലിക വിലക്ക്. അപകടം നടന്ന്, രണ്ട് ദിവസം കഴിഞ്ഞാണ് താൽക്കാലിക ഉത്തരവ് എന്ന രീതിയിൽ മഴക്കാല വിലക്ക് ഡി.ജി.സി.എ ഏർപ്പെടുത്തിയത്.
റൺവേ നവീകരണത്തിന്റെ പേരിൽ നേരത്തെയും വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ വിലക്കേർപ്പെടുത്തിയതാണ്. നാലു മാസം നീണ്ടുനിന്നു ഈ വിലക്ക്. പിന്നാലെയാണ് അപകട കാരണം പറഞ്ഞ് മൺസൂൺ വിലക്ക് ഏർപ്പെടുത്തിയത്. അതിപ്പോഴും അനിശ്ചിതമായി തുടരുകയാണ്. പ്രവാസികൾ ഉൾപ്പെടെയുള്ള മലബാറിലെ യാത്രക്കാരാണ് ഈ വിലക്കു കൊണ്ട് പ്രയാസപ്പെടുന്നത്. രണ്ട് വർഷമായി ഈ പ്രയാസം അവർ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
ഡി.ജി.സി.എയുടെ തലപ്പത്ത് നേരത്തെ ഉണ്ടായിരുന്നത് ഈ രംഗവുമായി ബന്ധപ്പെട്ട സാങ്കേതിവിദഗ്ധരായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി സിവിൽ സർവിസിൽ നിന്നുള്ള ഉന്നതോദ്യോഗസ്ഥരാണ് ഡി.ജി.സി.എയുടെ ചെയർമാൻമാരായി വരുന്നത്. ഇവർക്ക് വ്യോമയാന രംഗവുമായി പറയത്തക്ക പരിചയമോ ബന്ധമോ ഇല്ല. ബ്യൂറോക്രാറ്റുകൾ ഇത്തരം പ്രധാന സ്ഥാനങ്ങളിലേക്ക് വരുന്നത് തലതിരിഞ്ഞ തീരുമാനങ്ങൾക്കു കാരണമാകുന്നുണ്ട്. കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് രണ്ടു വർഷമായി തുടരുന്ന വിലക്കും ഇത്തരമൊരു അപക്വതീരുമാനത്തിന്റെ ഭാഗമായേ കാണാനാകൂ. പൈലറ്റുമാരുടെ സംഘടന ഡി.ജി. സി.എയുടെ പല തീരുമാനങ്ങൾക്കുമെതിരേ പലപ്പോഴും ശബ്ദമുയർത്തുന്നത് ഇതിനാലാണ്. അവരുടെ സംഘടന ഡി.ജി.സി.എയുടെ തലതിരിഞ്ഞ തീരുമാനങ്ങൾക്കെതിരേ വ്യോമയാന മന്ത്രിക്ക് കത്തുകൾ നൽകാറുമുണ്ട്.
ഒരു വർഷം 35 ലക്ഷത്തിലധികം യാത്രക്കാർ പോവുകയും വരികയും ചെയ്യുന്ന വിമാനത്താവളമാണ് കരിപ്പൂരിലേത്. ഇപ്പോൾ തുടരുന്ന വിലക്ക് കരിപ്പൂരിന്റെ വളർച്ചയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വലിയതോതിൽ യാത്രക്കാർ കരിപ്പൂരിനെ കൈയൊഴിഞ്ഞു. കാലാന്തരത്തിൽ കരിപ്പൂർ വിമാനത്താവളം നഷ്ടത്തിലാണെന്ന് പറഞ്ഞു കോർപറേറ്റുകൾക്ക് കൈമാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ അനാവശ്യമായ ഡി.ജി.സി.എയുടെ ഇടപെടലുകൾ ഈ തോന്നലുകളെയും ശക്തിപ്പെടുത്തുന്നുണ്ട്. ഇന്ത്യയിൽ പൊതുമേഖലയിൽ പ്രവർത്തിക്കുന്ന നാല് വിമാനത്താവളങ്ങളിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന ഏക വിമാനത്താവളം കരിപ്പൂരാണെന്നത് നേരത്തെയുള്ള വസ്തുതയാണ്. കരിപ്പൂർ ഒഴികെയുള്ള കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളും സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നവയാണ്. കണ്ണൂർ, കൊച്ചി, ഇപ്പോൾ തിരുവനന്തപുരവും. പൊതുമേഖലയിൽ ഉണ്ടായിരുന്ന തിരുവനന്തപുരം വിമാനത്താവളം ഇപ്പോൾ അദാനിയുടെ കൈകളിലാണ്.
കരിപ്പൂരിനെ സഹായിക്കുന്ന ഒരു നടപടിയും വ്യോമയാനവകുപ്പിൽ നിന്ന് ഉണ്ടാകാത്തതിന്റെ കാരണവും അദാനിയെപ്പോലുള്ളവർക്ക് വിമാനത്താവളം കൈമാറാനായിരിക്കാം. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു മൂന്ന് വിമാനത്താവളങ്ങളെയും ഉയർത്തിക്കൊണ്ടുവരുവാൻ അണിയറയിൽ പ്രയോഗിക്കപ്പെടുന്ന മാർക്കറ്റിങ് തന്ത്രങ്ങൾ. ഒരു പൊതുമേഖലാ സ്ഥാപനത്തെ സ്ഥാപിത താൽപര്യക്കാർ എങ്ങനെയാണ് ശ്വാസം മുട്ടിച്ചു കൊന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണമായി കരിപ്പൂർ വിമാനത്താവളത്തെയും വിലയിരുത്താവുന്നതാണ്.
അപകടത്തിനു ശേഷം റൺവേക്ക് യാതൊരു കുഴപ്പവും സംഭവിച്ചിരുന്നില്ല. എന്നിട്ടും മൺസൂണിനെ പഴിചാരി വിലക്ക് ഏർപ്പെടുത്തിയത് ആരെ സഹായിക്കാനായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് കൊച്ചി അന്താരാഷ്ട വിമാനത്താവളത്തിൽ വെള്ളം കയറിയപ്പോൾ വലിയ വിമാനങ്ങളെല്ലാം വന്നിറിങ്ങിയത് കരിപ്പൂരിലായിരുന്നു. കരിപ്പൂരിന് ഏർപ്പെടുത്തിയിരുന്ന മൺസൂൺ വിലക്ക് അപ്പോൾ എവിടേക്കാണ് ഒലിച്ചുപോയത്. മൺസൂൺ വിലക്ക് ഏർപ്പെടുത്തുന്നതിന്റെ രണ്ടാഴ്ച മുമ്പുവരെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറങ്ങിയതാണ്. രണ്ടാഴ്ചയ്ക്കുശേഷമുണ്ടായ അപകടത്തിൽ റൺവേക്ക് കാര്യമായ കോടുപാടൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ആർക്കു വേണ്ടിയാണ് മൺസൂണിനെ പഴിചാരി കരിപ്പൂരിനു മേൽ അനന്തമായ വിലക്ക് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കരിപ്പൂരിനെ അട്ടിമറിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമായേ ഇത്തരം പ്രവർത്തനങ്ങളെ വിലയിരുത്താൻ പറ്റൂ. അതാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടിക്കൊണ്ടുപോകുന്നതിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. 2015 ൽ റീ കാർപ്പറ്റിങ്ങിന്റെ പേരിൽ കരിപ്പൂർ വിമാനത്താവളം അടച്ചിടുകയുണ്ടായി. മൂന്ന് വർഷമാണ് ഇങ്ങനെ അടച്ചിട്ടത്. റൺവേ റികാർപ്പറ്റിങ്ങിനു ശേഷവും ഡി.ജി. സി.എ വലിയ വിമാനങ്ങൾക്കുള്ള അനുമതി നിഷേധം തുടരുകയായിരുന്നു. ജനപ്രതിനിധികളുടെയും പ്രവാസി സംഘടനകളുടെയും ഏറെനാളത്തെ ശ്രമത്തിനു ശേഷമാണ് ഡി.ജി.സി.എ വഴങ്ങിയത്. അപകടത്തിനു മുമ്പ് നീക്കിയ വിലക്ക് അപകടത്തിനു ശേഷം തുടരുകയും ചെയ്തു.
ദൂരെ ദിക്കിൽ നിന്നും വരുന്ന പ്രായംചെന്ന ഹജ്ജാജിമാർക്ക് സമീപത്തുള്ള കരിപ്പൂരിനെ ഒഴിവാക്കി നെടുമ്പാശേരിയെ ആശ്രയിക്കേണ്ട ഗതികേട് കഴിഞ്ഞ രണ്ട് വർഷമായി തുടരുകയാണ്. ന്യായീകരണമില്ലാത്ത ഈ വിലക്ക് ലക്ഷക്കണക്കിന് മലബാർ യാത്രക്കാരെ ദ്രോഹിക്കുന്നതും കൂടിയാണ്. ഈ വിമാനത്താവളത്തെ ഇപ്പോൾ നിലനിർത്തുന്നത് കേന്ദ്ര സർക്കാരോ, കേരള സർക്കാരോ അല്ല. കരിപ്പൂരിലൂടെ യാത്ര ചെയ്യുന്നവരാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് 1,630 മീറ്റർ റൺവേ മതി വലിയ വിമാനങ്ങൾക്ക് സർവിസ് നടത്താൻ. എന്നാൽ 1,200 മീറ്റർ റൺവേ മാത്രമേ വലിയ വിമാനങ്ങൾപോലും റൺവേ ഉപയോഗപ്പെടുത്തുന്നുള്ളൂ. ഈ സൗകര്യങ്ങളെല്ലാം കരിപ്പൂരിൽ ഉണ്ടായിട്ടും രണ്ട് വർഷം മുമ്പ് മൺസൂണിൽ കുറ്റം ചാർത്തി വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ തുടരുന്ന വിലക്ക് അധാർമികവും മലബാറിലെ യാത്രക്കാരോട് ചെയ്യുന്ന അനീതിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."