ജനാധിപത്യത്തിന്റെ അന്ത്യം, സ്വേച്ഛാധിയപത്യത്തിന്റെ തുടക്കം' മോദി സര്‍ക്കാറിനെതിരെ ആക്രമണം അഴിച്ചു വിട്ട് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ എല്ലാ കേന്ദ്ര ഏജന്‍സികളെയും അഴിച്ചുവിട്ട് നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് സ്വേച്ഛാധിപത്യത്തിന് തുടക്കമിടുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിലക്കയറ്റം, ജി.എസ്.ടി, തൊഴിലില്ലായ്മ എന്നിവക്കെതിരെ രാജ്യവ്യാപകമായി കോണ്‍ഗ്രസ് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധത്തിനു മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ജനാധിപത്യത്തിന്റെ അന്ത്യമാണ് കാണുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. രാജ്യത്തെ ഏകാധിപത്യത്തെക്കുറിച്ച് എന്താണ് പറയാന്‍ ഉള്ളതെന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് ചോദിച്ചു.
'ഏഴ് പതിറ്റാണ്ടുകള്‍കൊണ്ട് നമ്മള്‍ നേടിയെടുത്തത് അഞ്ച് വര്‍ഷം കൊണ്ട് നശിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മരണമാണ് നമ്മള്‍ കാണുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുക എന്നതാണ് ഈ സര്‍ക്കാറിന്റെ ഏക അജണ്ട. ഈ സര്‍ക്കാറിനെതിരെ സംസാരിക്കുന്ന ആരെയും ക്രൂരമായി ആക്രമിക്കുന്നു, ജയിലിലടക്കുന്നു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല. ഇന്ന് ഇന്ത്യയില്‍ ജനാധിപത്യമില്ല, നാല് പേരുടെ സ്വേച്ഛാധിപത്യമാണ് നിലനില്‍ക്കുന്നത്' രാഹുല്‍ ഗാന്ധി പറഞ്ഞു.
എത്രത്തോളം താന്‍ സത്യം പറയുന്നോ അത്രത്തോളം തന്നെ ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തി. സര്‍ക്കാര്‍ കള്ളം മാത്രം പറയുകയാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
'രാജ്യത്ത് വലിയ വിലക്കയറ്റമാണ് തുടരുന്നത്. സര്‍ക്കാര്‍ നിലകൊള്ളുന്നത് ചില ബിസിനസുകാര്‍ക്ക് വേണ്ടി മാത്രമാണ്. കേസുകളില്‍ കുടുക്കി ജയിലില്‍ ഇടുകയാണ്'. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സമ്മര്‍ദത്തില്‍ ആക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ എല്ലാ ഭരണഘടന സ്ഥാപനങ്ങളും ആര്‍എസ്എസിന്റെ നിയന്ത്രണത്തിലാണ്. എല്ലാ സ്ഥാപനങ്ങളിലും ആര്‍ എസ് എസിന്റെ ആളുകളെ നിയമിച്ചിരിക്കുന്നെന്നും രാഹുല്‍ ആരോപിച്ചു.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരെ പാര്‍ലമെന്റിന് അകത്ത് നടത്തിയ പ്രതിഷേധം പുറത്തേക്ക് കൂടി വ്യാപിപ്പിക്കാണ് കോണ്‍ഗ്രസ് നീക്കം. എം.പിമാര്‍ വിജയ് ചൗക്കില്‍നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും. എ.ഐ.സി.സി ആസ്ഥാനത്ത് നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അതേസമയം രണ്ട് മാര്‍ച്ചുകള്‍ക്കും ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചു. കനത്ത പൊലിസ് സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."