പെരുമഴ കുറഞ്ഞെങ്കിലും ശക്തമായ മഴയ്ക്ക് സാധ്യത; ഇടുക്കി ഡാം നിറഞ്ഞു; അധിക ജലം ഒഴുക്കി വിടും: പെരിയാര്‍ തീരത്ത് കനത്ത ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് പെരുമഴക്ക് അയവുവന്നെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ ഇല്ലെങ്കിലും നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള വനമേഖലകളില്‍ ശക്തമായ മഴ ഉണ്ടായേക്കും. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
അതേ സമയം ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അധിക ജലം ഒഴുക്കി വിടുന്നതിന്റെ ഭാഗമായി മൂന്നാം ഘട്ട മുന്നറിയിപ്പായി രാവിലെ 7.30 മുതല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം, വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് തന്നെയാണ്. ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 138.05 അടിയായി. പെരിയാര്‍ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."