നേതാക്കളും സംഘടനകളും മുഖചിത്രം മാറ്റിയില്ല; വിമർശനവുമായി പ്രതിപക്ഷം, മോദിയുടെ ആഹ്വാനം ഉൾക്കൊള്ളാതെ സംഘ്പരിവാർ
ന്യൂഡൽഹി • ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 ാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരിൽ വിപുലമായി ആഘോഷിക്കുന്ന പശ്ചാത്തലത്തിൽ സമൂഹമാധ്യമ മുഖചിത്രത്തിൽ ത്രിവർണ പതാക ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഉൾക്കൊള്ളാതെ സംഘ്പരിവാർ നേതാക്കളും സംഘടനകളും.
സംഘ് കുടുംബത്തിൽ ബി.ജെ.പിയുടെ ട്വിറ്റർ പേജിന്റെ ചിത്രം മാത്രമാണ് മാറ്റിയത്. വി.എച്ച്.പി, ആർ.എസ്.എസ്, ബജ്‌റംഗ് ദൾ തുടങ്ങിയ സംഘടനകളുടെ മുഖചിത്രത്തിൽ ഇപ്പോഴും അതത് സംഘടനകളുടെ കൊടിയാണുള്ളത്. കൂടാതെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, വക്താവ് ദത്താത്രേയ ഹൊസബാലെ തുടങ്ങിയവരുടെ സമൂഹമാധ്യമ പേജുകളിലെ മുഖചിത്രവും മാറ്റിയിട്ടില്ല. രണ്ടുപേരുടെയും ട്വിറ്റർ അക്കൗണ്ടുകളിലെ മുഖചിത്രം അവരവരുടെ സ്വന്തം ചിത്രങ്ങളാണ്.
പ്രധാന നേതാക്കളിൽ ജോയിന്റ് സെക്രട്ടറിമാരായ മൻമോഹൻ വൈദ്യയും അരുൺകുമാറും പ്രചാർപ്രമുഖ് സുനിൽ അംബേദ്കറും മാത്രമാണ് മുഖചിത്രം മാറ്റിയത്.
എന്നാൽ വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ലെന്നാണ് ആർ.എസ്.എസിന്റെ പ്രതികരണം. ആരുടെയെങ്കിലും സമ്മർദ്ദത്തിന് വഴങ്ങി തീരുമാനം എടുക്കുന്നവരല്ല തങ്ങളെന്നും ട്വിറ്റർ അക്കൗണ്ടിന്റെ മുഖചിത്രം മാറ്റണമെന്നുണ്ടെങ്കിൽ അതെല്ലാം അതിന്റെ സമയത്ത് നടന്നുകൊള്ളുമെന്നും ആർ.എസ്.എസ് വക്താവ് പ്രതികരിച്ചു. ആസാദി കാ അമൃത് മഹോത്സവ് ആഘോഷപരിപാടികൾക്ക് ആർ.എസ്.എസ് പിന്തുണ പ്രഖ്യാപിച്ചതാണെന്നും മുഖചിത്രം മാറ്റാത്തതിന്റെ പേരിൽ ഇതിലേക്ക് രാഷ്ട്രീയം വലിച്ചിഴക്കേണ്ടെന്നും സുനിൽ അംബേദ്കർ പറഞ്ഞു.
അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ നിരവധി പ്രതിപക്ഷനേതാക്കൾ മുഖചിത്രത്തിൽ ദേശീയപതാക ഉൾപ്പെടുത്തി. മോദിയുടെ ആഹ്വാനം സംഘ്പരിവാർ സംഘടനകൾ അനുസരിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാക്കൾ വിമർശിച്ചു. സ്വാതന്ത്ര്യം ലഭിച്ച് 52 വർഷം കഴിഞ്ഞാണ് നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് ത്രിവർണ പതാക ഉയർത്തിയതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.
ത്രിവർണ പതാക ഉയരത്തിൽ പറക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ ജീവൻ ബലികഴിച്ചത്.
എന്നാൽ ഒരു സംഘടന മാത്രം ത്രിവർണ പതാകയെ അംഗീകരിക്കാൻ മടിക്കുന്നു – രാഹുൽ പറഞ്ഞു.
മോദിയുടെ ആഹ്വാനം സംഘകുടുംബം തന്നെ തള്ളിക്കളഞ്ഞെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ആർ.എസ്.എസിന് ദേശീയപതാക ഉയർത്താൻ മടിയാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവും എ.ഐ.എം.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."