ഇറാഖ് രാഷ്ട്രീയത്തിലെ ബാഹ്യശക്തികളുടെ ചരടുവലികൾ
ഹകീം പെരുമ്പിലാവ്
ബാഹ്യശക്തികളുടെ ബലാബലത്തില്‍ ഇറാഖ് വീണ്ടും ക്ഷയിക്കുകയാണ്. തുടര്‍ക്കഥയാവുന്ന പ്രക്ഷോഭങ്ങള്‍ക്ക് അറുതിയുണ്ടാകുന്നില്ല. അമേരിക്കന്‍ അധിനിവേശാനന്തരം കലാപങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം പരിഹാരങ്ങളൊന്നുമാകാതെ നീളുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാര്‍ലമെന്റ് മന്ദിരത്തിനകത്തേക്ക് ഇരച്ചുകയറിയാണ് പ്രതിഷേധം നടത്തുന്നത്.
ഒരു ഭാഗത്ത് ഇറാന്‍ അനുകൂല ഷിയാ സംഘടനകളും മറുഭാഗത്ത് അമേരിക്കന്‍ പിന്തുണയുള്ള ഷിയാ കക്ഷികളും സൃഷ്ടിച്ചിടുള്ള പുതിയൊരു കലാപത്തിന്റെ വക്കിലാണ് രാജ്യമിപ്പോള്‍. കലാപങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറേ കാരണങ്ങളുണ്ട്. രാജ്യത്തിന്റെ ജനാധിപത്യഭാവിയില്‍ കടുത്ത ആശങ്കയും അതിലേറെ വെല്ലുവിളികളും നിറഞ്ഞ ഒരു ഘട്ടത്തില്‍ പോലും മന്ത്രിസഭയുണ്ടാക്കാന്‍ കഴിയാതെ ഉഴലുകയാണ് രാഷ്ടീയ പാര്‍ട്ടികള്‍. അടുത്ത നാലുവര്‍ഷത്തേക്ക് ഇറാഖ് ഭരണചക്രം തിരിക്കാനുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് 10 മാസമായി. പ്രധാന കക്ഷികളെ ഒഴിവാക്കി സഭചേരാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാചയപ്പെടുകയായിരുന്നു. പ്രതിഷേധക്കാര്‍ സുരക്ഷിത കേന്ദ്രമായ ഗ്രീന്‍സോണിലേക്കും അതിനകത്തെ പാര്‍ലമെന്റിലേക്കും ഇരച്ചുകയറുകയും സമരം ആളിക്കത്തിക്കുകയും ചെയ്തു.
മിഡിലീസ്റ്റിലെ കലുഷിതഭൂമി എന്നതിനാല്‍ സാമൂഹ്യവും രാഷ്ട്രീയപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഇറാഖ് രാഷ്ട്രീയ ലോകം എന്നും ഉറ്റുനോക്കുന്ന ഒരിടമാണ്. നിലവിലെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാല്‍ പുതിയ തെരഞ്ഞെടുപ്പ് കൂടാതെ രാജ്യത്ത് ജനാധിപത്യം സ്ഥാപിതമാകാനും വലിയ മാറ്റങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യത തുലോം തുച്ചമാണ്. സദര്‍ സഖ്യത്തിനു തന്നെയായിരുന്നു 2018ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസഭയുണ്ടാക്കാനുള്ള എല്ലാ ശ്രമങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി പരാജയപ്പെടുകയാണ്.
ഇറാന്‍ അനുകൂല മുന്നണിയെ യാതൊരു കാരണവശാലും ഭരിക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് പാര്‍ലമെന്റിനുള്ളില്‍ നടക്കുന്ന പ്രക്ഷോഭം മുന്നോട്ട് വയ്ക്കുന്നത്. കാവല്‍ പ്രധാനമന്ത്രി പദവിയിലുള്ള മുസ്ഥഫ അല്‍ ഖാദിമി എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണമെന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ പരസ്പരം ബഹുമാനിക്കണമെന്നും സമാധാനപരമായ ചര്‍ച്ചയിലൂടെ പരിഹാരങ്ങള്‍ ഉണ്ടാക്കണമെന്നും ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിക്കുകയുണ്ടായെങ്കിലും ആരും ചെവികൊണ്ടിട്ടില്ല. മധ്യപൗരസ്ത്യദേശത്തെ ഏറ്റവും ശക്തമായ നിയമനിര്‍മാണസഭയാണ് ഇറാഖിലേത്.
മുഖ്തദയും മാലിക്കിയും
നേര്‍ക്കുനേര്‍
തെരഞ്ഞെടുപ്പില്‍ 73 സീറ്റു നേടിയ മുഖ്തദയുടെ വിപ്ലവ നവജാഗരണ പാര്‍ട്ടി ഏതാനും കുര്‍ദുകളേയും സുന്നികളേയും കൂട്ടി ഭരണമുണ്ടാക്കാന്‍ ശ്രമിച്ച് പരാചയപ്പെട്ടപ്പോഴാണു മറ്റുള്ള ഷിയ ഗ്രൂപ്പുകള്‍ തിരക്കിട്ട ശ്രമങ്ങള്‍ തുടങ്ങിയത്. അതോടെ സദര്‍ തന്റെ 73 അംഗങ്ങളോടുമൊപ്പം സഭാംഗത്വം രാജിവച്ചൊഴിഞ്ഞു. അഴിമതി ഭരണകൂടങ്ങളുടെ ഭാഗമാവാനില്ലെന്ന ന്യായമാണ് പറഞ്ഞതെങ്കിലും പുറത്തുപോയവര്‍ പക്ഷേ ശക്തമായ പ്രതിഷേധവുമായാണ് തിരിച്ചെത്തിയത്.
നേരെത്തെ രണ്ടുതവണ ഇറാഖില്‍ അധികാരം കൈയാളിയ നൂര്‍ അല്‍ മാലിക്കിയുടെ നേതൃത്വത്തില്‍ ഇറാന്‍ അനുകൂല ഷിയാക്കളെയും കുര്‍ദുകളെയും കൂട്ടി മുഹമ്മദ് ഷിയ അല്‍ സുദാനിയെ പ്രധാനമന്ത്രിയാക്കി മന്ത്രിസഭയുണ്ടാക്കാന്‍ നടത്തിയ ശ്രമം ഏതാണ്ട് വിജയിക്കുന്ന ഘട്ടത്തില്‍ എത്തിയിരുന്നു. അതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇറാന്‍ അനുകൂല സംഘടനകള്‍ ഉള്‍പ്പെടെ പ്രബല ശക്തികള്‍ പലരും മുട്ടുകുത്തി വീഴുകയായിരുന്നു. എന്നാല്‍ ഇവരെയൊക്കെ കൂട്ടുപിടിച്ചാണ് രാജ്യത്ത് ഒന്നിനും മടിയില്ലാത്ത സ്റ്റേറ്റ് ഓഫ് ലൊ കൊയലീഷന്‍ തലവനും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന നൂരി അല്‍ മാലിക്കി, ഭരണമുണ്ടാക്കാന്‍ ശ്രമിച്ചത്. നൂര്‍ അല്‍ മാലിക്കിക്കും നല്ല ജനസമ്മിതിയുണ്ട്. ഇത് മുഖ്തദറും നൂര്‍ അല്‍മാലിക്കിയും നേര്‍ക്കുനേര്‍ എറ്റുമുട്ടുന്നതിലേക്കാണ് സ്ഥിതിഗതികളെ എത്തിച്ചത്. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ചെങ്കിലും അഴിമതിക്കാരുമായി ഒരു ഭരണസഖ്യത്തിനും തയാറല്ലെന്ന് പറഞ്ഞ് മാറിനില്‍ക്കുന്ന സദര്‍ അനുകൂലികള്‍ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളികളായി മാറുന്ന ചിത്രമാണിപ്പോള്‍ കാണുന്നത്.
ശക്തമായ നേതൃത്വത്തിന്റെ അഭാവം
1984 ല്‍ തുര്‍കിഷ് ഭരണകൂടം ഒരു ഇറാഖി നായയെ വെടിവച്ചു വീഴ്ത്തിയതിനു 10 തുര്‍ക്കിഷ് പട്ടാളക്കാരെ തടങ്കലിലാക്കിയ രാഷ്ടീയ ഇച്ചാശക്തിയും നേതൃത്വ ചരിത്രവുമുള്ള ഇറാഖിന്റെ ഇന്നത്തെ അവസ്ഥ ഏറെ പരിതാപകരമാണു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും കൊവിഡ് രാജ്യത്തിനുമേല്‍ ഏല്‍പ്പിച്ച വലിയ ആഘാതത്തിനും നടുവിലേക്കായിരുന്നു മുസ്ഥഫ അല്‍ ഖാദിമിയുടെ അധികാരമേല്‍ക്കല്‍. കുറഞ്ഞ മാസങ്ങളില്‍ വല്ലാതെ തിളങ്ങാനും ജനങ്ങളുടെ പ്രതീക്ഷകള്‍കൊത്ത് ഉയരാനും ഖാദിമിക്ക് ആയില്ല. ചിഹ്നഭിന്നരാഷ്ട്രീയം പരീക്ഷിക്കുന്ന ഇറാഖില്‍ സദ്ദാമിനു ശേഷം ശക്തമായ നേതൃത്വത്തിന്റെ അഭാവം മുഴച്ചു നില്‍ക്കുന്നു. ബാഹ്യശക്തികളുടെ പാവയെന്നോണം അധികാരമേല്‍ക്കുന്നവര്‍ക്കാകട്ടെ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് മാത്രമല്ല വിദേശ ശക്തികളുടെ ഇംഗിതത്തിനു വഴങ്ങേണ്ടി വരികയും ചെയ്യുന്നു.
അഴിമതി സ്വജനപക്ഷപാതം വിഭാഗീയതയും വേരുപിടിച്ചതിനാല്‍ വിഭാഗീയതപ്പുറത്തേക്കുള്ള ചിന്ത പോലും രാഷ്ട്രീയ നേതൃത്വത്തിനില്ലതായിരിക്കുന്നു. രാജ്യത്തിന്റെ പൊതുമുതല്‍ പാര്‍ട്ടികള്‍ക്കും അവരുടെ സില്‍ബന്ധികള്‍ക്കുമിടയില്‍ വിഹിതം വയ്ക്കാനുള്ളതായി കാണുന്ന പാര്‍ട്ടി നേതാക്കള്‍ക്ക് ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും ഭാരമുള്ള ആശയമായി മാറി അതേ സമയം സോഷ്യല്‍ മീഡിയ ഭരണകൂടത്തെ നിരന്തരം വിചാരണ ചെയ്തു. ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയല്ല ഭരിച്ചിരുന്നത് എന്ന് കണക്കുകള്‍ നിരത്തി തുറന്ന് പറയാന്‍ തുടങ്ങിയതോടെ രാഷ്ടീയ നേതൃത്വം പ്രതിസന്ധിയിലായി. അതുകൊണ്ട് തന്നെ ഇറാഖിനെ ഘട്ടം ഘട്ടമായി നവീകരിക്കാന്‍ കഴിയുന്ന ഒരു രാഷ്ടീയ നേതൃത്വം വരേണ്ടതുണ്ട്.
അനുഭവിക്കുന്നത് പൊതുജനം
എറ്റവും ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മ യുവാക്കളെ അടക്കം വല്ലാതെ ബാധിച്ചു കഴിഞ്ഞു. ജോലിയുള്ളവര്‍ക്ക് പോലും ഖജനാവില്‍ നിന്നുള്ള ശമ്പളം വയ്കുന്നത് നിത്യസംഭവമായി മാറി. സബ്‌സിഡികള്‍ പലതും വെട്ടിക്കുറച്ചും കഴിഞ്ഞ രണ്ട് വര്‍ഷമായി ഇറാഖികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ഇറാഖി ദീനാറിന്റെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ച. പെട്രോള്‍ ഉള്‍പെടെയുള്ള അവശ്യ സാധനങ്ങള്‍ക്ക് പോലും വിലക്കയറ്റമുണ്ടായി. ഇത് ഓരൊ സാധാരണക്കാരനേയും സാരമായി ബാധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പൊതുകടമെന്ന പേരില്‍ ഐ.എം.എഫ് നിര്‍ദേശങ്ങളെ സാധാരണക്കാരനുമേല്‍ അടിച്ചേല്‍പ്പിച്ചു.
ഇറാഖില്‍ കൂട്ടുകക്ഷി മന്ത്രിസഭയല്ലാതെ മറ്റൊരു പോംവഴിയുമില്ല. എന്നാല്‍ അതിനെ ഏത് ശക്തി നിയന്ത്രിക്കുമെന്നതാണ് രാഷ്ടീയ ലോകം ഉറ്റുനോക്കുന്നത്. രാജ്യത്തെ സമ്പദ്ഘടന നിര്‍ണയിക്കുന്ന എണ്ണ വരുമാനം പോലും നിയന്ത്രിക്കുന്നത് വിദേശ ശക്തികളാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇറാന്‍ ഉള്‍പെടെയുള്ള അയല്‍രാജ്യങ്ങളുടെ അമിത കൈകടത്തലും അമേരിക്കയുള്‍പെടെയുള്ള അന്താരാഷ്ട്ര ശക്തികളുടെ അതിരുകവിഞ്ഞ സ്വാധീനവുമുണ്ടെന്നുള്ളതും പരസ്യമായ വസ്തുതയാണ്. അതില്‍ നിന്ന് പുറത്ത് കടക്കാതെയുണ്ടാക്കുന്ന സഖ്യങ്ങള്‍ക്കൊന്നും രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കില്ല എന്ന വിലയിരുത്തല്‍ ശക്തമാണ്. ലോകത്തെ ദരിദ്രരാജ്യങ്ങളുടെ കൂട്ടത്തിലായിട്ടും അധികാരിവര്‍ഗം എണ്ണയുടെ തിണ്ണബലമാസ്വദിക്കുന്ന, ആപത്സാധ്യതയുള്ള രാജ്യമെന്ന പദവി അലങ്കരിക്കുമ്പോഴും രാഷ്ട്രീയ നേതാക്കന്മാര്‍ വിദേശികള്‍ക്ക് ഗ്രീന്‍സോണ്‍ ഒരുക്കുകയും അവരുടെ ചൊല്‍പ്പടിക്ക് കാര്യങ്ങള്‍ മുന്നോട്ട് നീക്കുകയും ചെയ്യുന്ന നേര്‍കാഴ്ച്ചകളാണ് ഇറാഖില്‍ കാണുന്നത്. ബാഹ്യശക്തികളുടെ ഇടപെടലില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി ക്രിയാത്മകമായി ഇടപെടുന്ന ഭരണകൂടം വരണമെന്നാണ് ഇറാഖി ജനത ആഗ്രഹിക്കുന്നത്. യുദ്ധാനന്തരം ഒരു ജനത ഒന്നടങ്കം പുതിയ പ്രഭാതം കാത്തുവെങ്കിലും അതിന്നുവരെയുമുണ്ടായില്ല. ജനാധിപത്യം പുലരുവോളം പഴയ ഇറാഖ് വെറും സ്വപ്നമായി തന്നെ അവശേഷിക്കും. ചുരുക്കത്തില്‍ ഭരണചക്രം കറക്കുന്നത് ഇറാനാണോ അമേരിക്കയാണോ എന്ന സംശയം പലപ്പോഴും ബലപ്പെടുകയല്ലാതെ പുതുമയൊന്നും ഇതുവരെയും കാണാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."