അത്യസാധാരണം
2013-ല്‍ സോണിയാ ഗാന്ധിക്ക് 'ദി ഗാര്‍ഡിയന്‍' നല്‍കിയ പദവി, ലോകത്തെ മികച്ച വസ്ത്രം ധരിക്കുന്ന 50 മധ്യവയസ്‌കരില്‍ ഒരാളെന്നതാണ്. ഇക്കാര്യത്തിലും ഇന്ദിരാഗാന്ധിയാണ് സോണിയക്ക് മാതൃക. ലളിതം. ഉന്നതം- അതായിരുന്നു ഇന്ദിര. രാജ്യത്തെ കുതിച്ചുയരുന്ന വിലക്കയറ്റത്തിനെതിരായ കോണ്‍ഗ്രസ് സമരത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പക്ഷെ സോണിയാഗാന്ധിയും കറുപ്പ് ധരിച്ചാണ് ലോക്‌സഭയിലെത്തിയത്.
ആധുനിക ഇന്ത്യക്ക് രൂപം നല്‍കിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് എല്ലാ ചരിത്രത്തെയും തോല്‍പിച്ച് തുടരുന്ന സോണിയ, അനവധി ദുരന്തങ്ങള്‍ക് നേര്‍ സാക്ഷിയാണ്. ഉരുക്കുവനിതയായ അമ്മായി ഇന്ദിരാഗാന്ധിയുടെയും ഭര്‍ത്താവ് രാജീവിന്റെയും രക്തസാക്ഷ്യങ്ങള്‍ക്ക്. ഇപ്പോഴിതാ ചരിത്രത്തിലെ തുല്യതയില്ലാത്ത അവഹേളനത്തിനും. നാഷനല്‍ ഹെറാള്‍ഡിന് പാര്‍ട്ടി ഫണ്ട് നല്‍കിയതിന്റെ പേരില്‍ എന്‍ഫോഴ്‌സ് മെന്റ് ഡയരക്‌ട്രേറ്റ് സോണിയയെ ആറു മണിക്കൂര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. സ്വന്തം വീട് പൂട്ടേണ്ടിവന്നാലും പൂട്ടില്ലെന്ന് നെഹ്രു പറഞ്ഞ നാഷനല്‍ ഹെറാള്‍ഡിന് താഴിട്ട നരേന്ദ്ര മോദി സര്‍ക്കാര്‍ രാഹുലിനെ അമ്പത് മണിക്കൂറാണ് ചോദ്യം ചെയ്തത്. ഇനി വയ്യ. സൗമ്യയായ സോണിയ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ തന്നെ നിരന്തരം ആക്രമിച്ച സ്മൃതി ഇറാനിക്ക് നേരെ വിരല്‍ ചൂണ്ടുക തന്നെ ചെയ്തു.
കോണ്‍ഗ്രസ് പ്രസിഡന്റായപ്പോള്‍ അവരുടെ വിദേശ ജന്മം ചൂണ്ടിക്കാട്ടി പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയവര്‍ ഇന്ന് രാജ്യത്തെ പ്രതിപക്ഷത്തെ ചേര്‍ത്തു നിര്‍ത്തുന്ന നേതാവായി കാണുന്നത് സോണിയയെയാണ്. 1998-ല്‍ സോണിയ പ്രസിഡന്റ് പദവി ഏറ്റെടുത്തുപ്പോള്‍ കലാപക്കൊടി ഉയര്‍ത്തിയവര്‍ ചില്ലറക്കാരായിരുന്നില്ല. രാഹുലിന് വേണ്ടി വഴി മാറിക്കൊടുക്കുമെന്ന ഘട്ടത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്താന്‍ സോണിയ തുടരണമെന്ന് ആവശ്യപ്പെട്ടത് സി.പി.എം. നേതാവ് സീതാറാം യെച്ചൂരി. ചരിത്ര ഭാരം പേറുന്ന കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അധ്യക്ഷ സ്ഥാനത്ത് റിക്കാര്‍ഡിട്ടാണ് 2017ല്‍ സോണിയ സ്ഥാനമൊഴിഞ്ഞത്. 2019ലെ തോല്‍വിയെ തുടര്‍ന്ന് രാഹുല്‍ സ്ഥാനം ഉപേക്ഷിച്ചപ്പോള്‍ വീണ്ടും രക്ഷകയായി. ഇതുപോലൊരു പ്രതിസന്ധിക്കാലത്താണ് 1998ല്‍, 1991ല്‍ ഭര്‍ത്താവ് രാജീവ് ഗാന്ധിയുടെ ദാരുണ മരണത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനവും പ്രധാനമന്ത്രി സ്ഥാനവും ഏറ്റെടുക്കാന്‍ നേതാക്കളില്‍ നിന്ന് വലിയ സമ്മര്‍ദമുണ്ടായത്. അവര്‍ മാറി നിന്നു. പി.വി നരസിംഹ റാവുവാണ് അപ്പോള്‍ ആ സ്ഥാനത്തേക്ക് വന്നത്. 1996ല്‍ കോണ്‍ഗ്രസ് തോറ്റതോടെ അര്‍ജുന്‍സിംഗ് മുതല്‍ രാജേഷ് പൈലറ്റ് വരെ പ്രമുഖ നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തി. സോണിയ സ്ഥാനമേറ്റെടുക്കുന്നത് ദുര്‍ഘട കാലത്താണ്.
കോണ്‍ഗ്രസ് എത്തിപ്പെട്ട പ്രതിസന്ധിയെകുറിച്ച് സോണിയക്ക് നന്നായി അറിയാം. രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് നേട്ടം കൊയ്യുന്ന സംഘ് പരിവാരം അതിന്റെ പല്ലും നഖവും പുറത്തെടുത്തുകൊണ്ടിരിക്കുന്നു. കോണ്‍ഗ്രസ് കെട്ടിപ്പടുത്തതാണ് ഈ രാജ്യം. കോണ്‍ഗ്രസ് കെട്ടിപ്പടുത്തതുകൊണ്ട് മാത്രമാണ് രാജ്യം ജനാധിപത്യ മതേതര റിപ്പബ്ലിക്കായത്. അനാരോഗ്യം അലട്ടുമ്പോഴും തന്റെ നിയോഗം മനസ്സിലാക്കുന്നു അവര്‍.
ഇറ്റലിയിലെ കൊച്ചു നഗരത്തില്‍ ദരിദ്രരെന്ന് പറയാവുന്ന കുടുംബത്തില്‍ ജനിച്ച സോണിയ, കാംബ്രിഡ്ജില്‍ ഇംഗ്ലീഷ് പഠിക്കാനെത്തുന്നതോടെയാണ് ഇന്ത്യയുടെ മരുമകളും നാഥയുമാകുന്നത്. അവിടെ എഞ്ചിനീയറിംഗ് പഠിക്കാനെത്തിയ രാജീവിനെ പ്രണയിക്കുകയും 1968ല്‍ വിവാഹിതരാവുകയും ചെയ്യുന്നു. ഇന്ദിരാഗാന്ധിക്കൊപ്പം ഡല്‍ഹിയിലെ വസതിയിലെത്തിയ സോണിയ പൊതു പ്രവര്‍ത്തനത്തില്‍ ഒട്ടും താല്പര്യം കാട്ടാതെ തീര്‍ത്തും കുടുംബിനിയായി ജീവിച്ചു. രാജീവ് പ്രധാനമന്ത്രിയായപ്പോള്‍ അതിഥികളെ സ്വീകരിക്കാനുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ അവര്‍ മാറി നിന്നു. എന്നിട്ടും ക്വത്രോച്ചിയുടെ പേരില്‍ ബൊഫോഴ്‌സ് ഇടപാടില്‍ ആരോപണവിധേയയായി.2004ല്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവന്നത് സോണിയയുടെ നേതൃപാടവത്തിന്റെ കൂടി തെളിവായി. പ്രധാനമന്ത്രിയാവണമെന്ന ആവശ്യം പാര്‍ട്ടി നേതാക്കളില്‍ നിന്ന് വന്നുവെങ്കിലും അവര്‍ സ്വീകരിച്ചില്ല. പൗരത്വ പ്രശ്‌നം ഉയര്‍ത്തിയത് സുപ്രീംകോടതി തള്ളി. ഡോ. മന്‍മോഹന്‍ സിംഗിനെ നിര്‍ദേശിച്ച് സോണിയ നേതാക്കളെയെന്ന പോലെ രാജ്യത്തെയും വിസ്മയിപ്പിച്ചു. ഇടതുപക്ഷത്തിന്റെ കൂടി പിന്തുണയുണ്ടായിരുന്ന യു.പി.എ സര്‍ക്കാറില്‍ സോണിയ ശക്തയായിരുന്നു. യു.പി.എ യുടെ അധ്യക്ഷ. 2009ല്‍ ഇരുനൂറിലേറെ സീറ്റ് കോണ്‍ഗ്രസ് ഒറ്റക്ക് നേടിക്കൊണ്ട് അധികാരം നിലനിര്‍ത്തിയപ്പോഴും മന്‍മോഹന്‍ തുടരണമെന്നായിരുന്നു സോണിയയുടെ തീരുമാനം. ക്ഷേമ രാഷ്ട്രമെന്ന പദവിയിലേക്ക് രാജ്യത്തെ നടത്തിയ സുപ്രധാന നിയമങ്ങളും നടപടികളും ഇക്കാലത്താണുണ്ടായത്. ഭക്ഷ്യ സുരക്ഷാ നിയമം, വിവരാവകാശ, വനാവകാശ, വിദ്യാഭ്യാസ അവകാശ നിയമങ്ങള്‍ ഇക്കാലത്തുണ്ടായി. വികസനത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമകള്‍ക്ക് 'പൊന്നുംവില'ക്ക് പകരം വിപണി വില നല്‍കാന്‍ തീരുമാനിച്ചതും വിപ്ലകരമായിരുന്നു.
ഫോബ്‌സ് മാഗസിന്‍ നിരവധി വര്‍ഷങ്ങളില്‍ സോണിയയെ ലോകത്തിലെ ഏറ്റവും ശക്തരായ വ്യക്തികളിലും സ്വാധീനമുള്ള വ്യക്തികളിലും കണ്ടെത്തി. മഹാത്മാഗാന്ധിയുടെ ജന്മ വാര്‍ഷിക ദിനത്തെ അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖ്യാപിച്ച യു.എന്‍. വേദിയില്‍ പ്രസംഗയായി സോണിയയുണ്ടായി.ബല്‍ജിയം സര്‍ക്കാര്‍ ദി കിംഗ് ലെപോഡ് ആയി തെരഞ്ഞെടുത്ത ഇവര്‍ക്ക് ബ്രസല്‍സ് യൂണിവേഴ്‌സിറ്റിയും മദ്രാസ് യൂണിവേഴ്‌സിറ്റിയും ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. റാണി സിംഗിന്റെ പുസ്തകത്തിന്റെ തലക്കെട്ട് പോലെ ഇന്ത്യന്‍ തലവിധി മാറ്റിക്കുറിച്ച് അസാധാരണ ജീവിതമാണ് സോണിയയുടേത്- ഒരു വിസ്മയം പോലെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."