അവരെവിടെ?
ബഷീർ മാടാല
മൂന്നു പതിറ്റാണ്ടുകൾക്ക് മുമ്പാണ് അവരെ ആദ്യമായി കണ്ടത്. അട്ടപ്പാടിയിലെ ഷോളയൂരിൽനിന്ന് പതിനാല് കി.മീ വനത്തിലൂടെ നടന്ന്, മലഞ്ചെരുവിൽ ചെറിയ കുടിലുകളിൽ താമസിച്ചിരുന്ന ‘വലയർ’ എന്ന് വിളിച്ചിരുന്ന, അമ്പതിൽ താഴെ മാത്രം ജനസംഖ്യയുള്ള ഒരു ജനതയെ. പിന്നീട് വർഷങ്ങൾക്കുശേഷം ഈ ‘വലയരെ’ അന്വേഷിച്ച് മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം മൂന്ന് കി.മീറ്റർ ദൂരം നടന്ന് ഇവർ താമസിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു.
മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി അട്ടപ്പാടിയുടെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിക്കുന്നതിനിടയിലാണ് മൂന്ന് പതിറ്റാണ്ട് മുമ്പ് വാഹന സൗകര്യങ്ങൾ പേരിനുപേലും ഇല്ലാതിരുന്ന ‘വലയർ’ താമസിച്ചിരുന്ന അണക്കാട് ഊരിലെത്തുന്നത്. ഷോളയൂർ വരെ ജീപ്പിലും അവിടെനിന്ന് നടന്നുമാണ് അണക്കാട് എത്തിയത്. സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിൽ സദാസമയവും കാറ്റുവീശുന്ന, സുന്ദരമായ പ്രകൃതി ദൃശ്യങ്ങൾ നൽകുന്ന വരടിമലയും കടന്ന്, പന്താടിമറ്റത്തെ പുൽമേടുകൾ താണ്ടി, വനസദൃശമായ കാഴ്ചകൾ കണ്ട് നടക്കുന്നതിനിടിയിലാണ് പാറക്കെട്ടുകൾക്കടുത്തായുള്ള െചരിഞ്ഞ ഭൂമിയിൽ, മനോഹരമായി പുല്ലുകൊണ്ട് മേഞ്ഞ, മണ്ണുകൊണ്ട് ചുമരുകൾ മെഴുകിയ വീടുകൾക്ക് മുന്നിൽ ആദ്യമായി 'വലയരെ' കണ്ടത്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ, പ്രത്യേകിച്ച് വിദൂരദിക്കിലുള്ള ആദിവാസി ഊരുകളിലൊക്കെ പോയിട്ടുണ്ടെങ്കിലും ആദിവാസികളിൽനിന്ന് തികച്ചും വ്യത്യസ്തമായി നല്ല പരിസരവൃത്തിയും ഭംഗിയുംകൊണ്ട് ആരെയും ആകർഷിക്കുന്നതായിരുന്നു ഇവരുടെ കുടിലുകളും പരിസരവും. അപ്രതീക്ഷിതമായി കടന്നുചെന്ന എന്നെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും അവർ വീടുകളുടെ മുറ്റത്ത് തടഞ്ഞു. പ്രായം കൂടിയ ഒരാളും രണ്ട് യുവാക്കളും ചേർന്ന് ഞങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി. തമിഴ് കലർന്ന ഭാഷയിലാണിവർ സംസാരിച്ചത്. ഇതിനിടെ ഫോട്ടോ എടുക്കാനായി കാമറ പുറത്തെടുത്തപ്പോൾ അവർ ഭയന്ന് വീടുകളിലേക്ക് ഓടാൻ ശ്രമിച്ചു. എന്നാൽ കാര്യങ്ങൾ ചോദിച്ചും പറഞ്ഞും തുടങ്ങിയതോടെ വീടുകൾക്ക് പുറത്തെ മുറ്റത്തിരിക്കാൻ സമ്മതം മൂളി.
കുറച്ചുസമയം മാത്രമേ അവരോട് സംസാരിക്കാൻ കഴിഞ്ഞുള്ളൂ. അതിനിടയിൽ അവരിലെ ഒരു സ്ത്രീ കടന്നുവന്ന് അവരുമായി എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. ഇവരുടെ ചെറിയ കുടിലുകൾക്ക് മുന്നിലൂടെ ഒഴുകിയിരുന്ന കാട്ടരുവിയിൽനിന്ന് വെള്ളവും കുടിച്ച് അവരറിയാതെ കാമറയിൽ ചില ചിത്രങ്ങളും പകർത്തിയാണ് അവിടെ നിന്ന് മടങ്ങിയത്. അന്ന് ഇങ്ങനെ ഒരു കൂട്ടർ അട്ടപ്പാടിയിലെ വിദൂര പ്രദേശത്ത് താമസിക്കുന്ന വിവരം പുറംലോകത്ത് എത്തിക്കാനായി. സർക്കാർ സംവിധാനങ്ങൾ അണക്കാട് ഊരിലെത്തി. ഇവർക്ക് റേഷൻ കാർഡും വോട്ടവകാശവും ഒക്കെ പിന്നീട് ലഭിച്ചതായി അറിഞ്ഞു.
പശ്ചിമഘട്ട മലനിരകളിൽ, മനുഷ്യവാസം കുറഞ്ഞ കാടിന്റെ ഏകാന്തതയിൽ, പുറംലോകവുമായി ഒരു തരത്തിലുള്ള ബന്ധവും ആഗ്രഹിക്കാതെ, തികച്ചും പ്രകൃതിയോട് ചേർന്ന് ജീവിക്കുന്നവരായിരുന്നു വലയർ. അവർക്ക് അവരുടേതായ ഒരു ജീവിത രീതിയും ശൈലിയും ഉണ്ടായിരുന്നു. ആർക്കും ഒരുതരത്തിലുള്ള ശല്യവുമില്ലാതെ ജീവിക്കുന്ന ഇവരെ ഒറ്റനോട്ടത്തിൽ കണ്ടാൽ പ്രാക്തന ഗോത്രവർഗക്കാരെന്നേ തോന്നൂ. കാട്ടുപുല്ലുകൊണ്ട് മേഞ്ഞ, ചുവന്ന മണ്ണുകൊണ്ട് മെഴുകിയ വീടിന്റെ ചുമരുകൾക്ക് നല്ല മിനുസമായിരുന്നു. ഇത്തരം ഇരുപതിലധികം വീടുകളാണവിടെ ഉണ്ടായിരുന്നത്. ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കാൻ പറ്റുന്ന മനോഹരമായ ഈ കുടിലുകൾക്ക് പുറത്തായി ധാരാളം കൃഷിയിടങ്ങളും ഉണ്ടായിരുന്നു. ആടുകളെയും കോഴികളെയും ഇവർ വളർത്തിയിരുന്നില്ല. ആടുകൾ കൃഷി നശിപ്പിക്കുമെന്നും കോഴികൾ പരിസരം വൃത്തികേടാക്കുമെന്നും ഇവർ വിശ്വസിച്ചു. പശു, കാള എന്നിവയായിരുന്നു ഇവരുടെ മുഖ്യ സാമ്പത്തിക സ്രോതസ്. പശുക്കളെ വളർത്തിയിരുന്നെങ്കിലും പാൽ വിൽക്കുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. പാൽ പശുക്കുട്ടികൾക്കുള്ളതാണെന്ന് ഇവർ കരുതിയിരുന്നു. താടിയും മുടിയും നീട്ടി വളർത്തിയിരുന്ന ഇവരിലെ പുരുഷന്മാർ ആരും ആശുപത്രി കണ്ടിട്ടില്ല, സ്ത്രീകളും. രോഗം വന്നാൽ വെള്ളമായിരുന്നു ഇവരുടെ ഔഷധം.
മാംസാഹാരം ഇവർക്ക് അന്യമായിരുന്നു. ഇവിടെയുണ്ടായിരുന്ന യുവാക്കൾ വിവാഹം കഴിച്ചവരായിരുന്നില്ല. അതുകൊണ്ടുതന്നെ ചെറിയ കുട്ടികൾ ഇവരുടെ ഊരിൽ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഏറ്റവും ചെറിയ കുട്ടിയുടെ പ്രായം 10 വയസാണ്. സ്കൂൾ പഠനത്തെക്കുറിച്ച് കേട്ടറിവുപോലും ഇല്ലാത്ത ഇവർ ആരുംതന്നെ വിദ്യാഭ്യാസം നേടിയിരുന്നില്ല. കൃഷിയും കാലിവളർത്തലുമായി കഴിഞ്ഞിരുന്ന വലയരെക്കുറിച്ച് അട്ടപ്പാടിക്കാർക്കുപോലും അറിവുണ്ടായിരുന്നില്ല. വനത്തിൽനിന്ന് ലഭിക്കുന്ന വനവിഭവങ്ങൾക്ക് പുറമെ റാഗി, തുവര എന്നിവ കൃഷി ചെയ്തിരുന്നു. ഇത് സ്വന്തം ആവശ്യത്തിനായിട്ടാണ് ഉപയോഗിച്ചിരുന്നത്. അണക്കാട് നിന്ന് പതിനഞ്ച് കി.മീറ്റർ ദൂരം ഷോളയൂരിലേക്കും, തമിഴ്നാട്ടിലെ വരാലിയൂരിലേക്കും ഒരുപേലെ ദൂരമുള്ളതുകൊണ്ട് വരാലിയൂരിലേക്കുള്ള വനയാത്രയായിരുന്ന ഇവർക്ക് കൂടുതൽ താൽപ്പര്യം. ഇവിടെ നിന്നുള്ള തമിഴ് കന്നുകാലി കച്ചവടക്കാരായിരുന്നു ഇവരുടെ ഉരുക്കളെ വില നൽകി വാങ്ങാൻ എത്തിയിരുന്നത്. സ്ത്രീകൾ പുറംലോകത്തെക്കുറിച്ച് ഒന്നും അറിയാത്തവരായിരുന്നു. ഏതാനും ദൂരെ മാറി ആദിവാസികളുടെ ഊരുകൾ ഉണ്ടായിരുന്നെങ്കിലും ഇവരുമായി ഒരു ബന്ധവും വലയർക്ക് ഉണ്ടായിരുന്നില്ല. പുറമെ നിന്നുള്ളവരുടെ സൗഹൃദം തങ്ങളുടെ ഏകാന്ത ജീവിതത്തിന് ഭംഗംവരുത്തുമെന്ന് അവർ വിശ്വസിച്ചു. അഥവാ ഇവർ താമസിക്കുന്ന സ്ഥലത്ത് ആരെങ്കിലും കടന്നെത്തിയാൽ എത്രയും പെട്ടെന്ന് അവരെ തിരിച്ചയക്കും. പുറത്തുനിന്ന് ആരുടെയും ഒന്നും സ്വീകരിക്കാതിരിക്കുകയും തിരിച്ച് ഒന്നും നൽകാതിരിക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു വലയരുടെ ജീവിതം.
മൂന്ന് പതിറ്റാണ്ടുമുമ്പ് വലയരെ കാണുമ്പോൾ അവിടെയുണ്ടായിരുന്ന അമ്പതിൽ താഴെയുള്ളവർ അനേകം വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിലെ വരാലിയൂരിൽ നിന്ന് കുടിയേറി വന്നവരിലെ അവസാന കണ്ണികളായിരുന്നു. അതിനും അരനൂറ്റാണ്ടിനുമുമ്പ് വരാലിയൂരിലെ ഒരു ക്ഷേത്രത്തിൽ നിന്ന് വിഗ്രഹം മോഷണം പോയതുമായി ബന്ധപ്പെട്ട് അന്ന് അവിടെയുണ്ടായിരുന്ന 200ലധികം വരുന്ന വലയർക്ക് ഭ്രഷ്ട് കൽപ്പിക്കുകയും അവരോട് നാടുവിടാൻ ആവശ്യപ്പെടുകയുമായിരുന്നു. അങ്ങനെ 200ലധികം വരുന്ന വലയർ കാട്ടിലൂടെ നടന്ന് അണക്കാട് എത്തി ചെറിയ കുടിലുകൾ കെട്ടിയുണ്ടാക്കി താമസം തുടങ്ങി. ഒഴിഞ്ഞുകിടന്ന ഭൂമിയിൽ കൃഷികൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു. മുമ്പ് കടന്നുവന്നവരിലെ ബാക്കിയുള്ള അമ്പതിൽതാഴെ വരുന്നവരാണ് അപ്പോൾ അവിടെയുണ്ടായിരുന്നത്. വിശ്വാസികളായ ഇവർ വീടുകൾക്ക് പുറത്തായി ചെറിയൊരു ക്ഷേത്രവും പ്രതിഷ്ഠയും നിർമിച്ചിട്ടുണ്ട്. തികഞ്ഞ ഭയത്തോടെയും ഏകാന്തതയിലും ജീവിച്ചുപോന്ന ഇവരെക്കുറിച്ച് അറിയുന്നവർക്കൊക്കെ നല്ലതുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.
മൂന്ന് പതിറ്റാണ്ടിനുശേഷം കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയിലെ ഷോളയൂരിൽ നിന്ന് മൂലഗംഗൽ ഊരുവരെ ജീപ്പിലും അവിടെനിന്ന് മൂന്ന് കി.മീറ്റർ കാട്ടിലൂടെ മലകയറിയിറങ്ങി വലയർ താമസിച്ചിരുന്ന അണക്കാട് എത്തിയത്. മൂന്ന് പതിറ്റാണ്ടിനിടയിൽ ഈ പ്രദേശങ്ങളിൽ നല്ല മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും അണക്കാട്ടേക്കെത്താൻ കാട്ടിലൂടെയുള്ള ഒറ്റയടിപ്പാത മാത്രമേയുള്ളൂ. മുമ്പ് ധാരാളം കൃഷി ചെയ്തിരുന്ന ഈ പ്രദേശങ്ങൾ ഇന്ന് പൂർണമായും തരിശ്ശാണ്. വലയരുടെ കൃഷിഭൂമികളെല്ലാം വ്യാപകമായി ഒരാൾ ഉയരത്തിൽ പുല്ലുകൾ വളർന്നിരിക്കുന്നു. കാട്ടരുവികളിൽ യഥേഷ്ടം ജലസാന്നിധ്യമുണ്ടെങ്കിലും ഇത് കുടിക്കാനായി ഇപ്പോൾ എത്തുന്നത് കാട്ടുമൃഗങ്ങൾ മാത്രം.
മുമ്പ് വലയർ താമസിച്ചിരുന്ന പ്രദേശമെന്ന് തോന്നാത്ത രീതിയിലാണിവിടെ മാറ്റങ്ങൾ കണ്ടത്. വലയരുടെ വീടുകൾ പൂർണമായും നശിച്ചുപോയിരുന്നു. കല്ലുകൾ കൊണ്ട് കെട്ടിയുണ്ടാക്കിയിരുന്ന ഊരിന്റെ ചുറ്റുമതിലും പഴയ ക്ഷേത്രവും അതിലെ പ്രതിഷ്ഠയും മാത്രമാണിപ്പോൾ ഇവിടെ അവശേഷിക്കുന്നത്. കാടുപിടിച്ചുകിടക്കുന്ന വലയരുടെ താമസസ്ഥലവും കൃഷിയിടങ്ങളും കണ്ട് അമ്പരന്ന് നിൽക്കുമ്പോൾ മൂന്ന് പതിറ്റാണ്ടുമുമ്പ് ഇവിടെ താമസിച്ചിരുന്ന വലയരെക്കുറിച്ചുള്ള ഓർമകൾ മനസിലേക്ക് വീണ്ടും കടന്നെത്തി. തികച്ചും ശാന്തശീലരായി, ആർക്കും ഭാരമായി ജീവിക്കാൻ ആഗ്രഹമില്ലാതിരുന്ന, തികച്ചും പാവങ്ങളായിരുന്ന, വളരെ ചെറിയൊരു കൂട്ടം ജനത, എല്ലാം ഉപേക്ഷിച്ച് എങ്ങോട്ടായിരിക്കും പോയിരിക്കുക എന്ന അന്വേഷണത്തിൽ ലഭിച്ചത് ‘പരാജയപ്പെട്ട ഒരു ജനത’ക്കുമേൽ ഭരണകൂടം നടത്തിയ തേർവാഴ്ച്ചയെക്കുറിച്ചായിരുന്നു. രണ്ട് പതിറ്റാണ്ടുമുമ്പ്, കാട്ടുകള്ളൻ വീരപ്പനെ തിരഞ്ഞ് തമിഴ്നാട് ടാസ്ക് ഫോഴ്സ് എത്തിപ്പെട്ടത് ‘വലയർ’ താമസിക്കുന്ന സ്ഥലത്തായിരുന്നു. തികച്ചും തെറ്റായിരുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അതിർത്തി കടന്നെത്തിയ വീരപ്പൻ വേട്ട സംഘം വലയരുടെ വീടുകളിൽ കയറി അവരുടെ പുരുഷന്മരെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ സംഭവം വലയരിൽ ഭയവും വേദനയും സൃഷ്ടിച്ചിരുന്നതായി സമീപത്തെ ആദിവാസികൾ ഓർക്കുന്നു.
പൊതുവെ ഭയത്തോടെ കഴിഞ്ഞുവന്നവരിലേക്ക് അപ്രതീക്ഷിതമായി ഉണ്ടായ കടന്നാക്രമണം വലയരുടെ ജീവിതത്തിന്റെ താളം തെറ്റിച്ചതായി ആദിവാസികൾ പറയുന്നു. കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും കഴിഞ്ഞിരുന്ന അവർ അവയെ കിട്ടിയവിലക്ക് വിറ്റും കൃഷിയും വീടും ഉപേക്ഷിച്ചും എങ്ങോട്ടൊക്കെയോ പോയതായി മൂലഗംഗൽ ഊരുകാർ ഓർക്കുന്നു. ഒരു യാത്രപോലും പറയാതെയാണവർ അണക്കാട് ഭൂപ്രദേശത്തുനിന്നും അപ്രത്യക്ഷരായത്.
ഇപ്പോൾ അവർ എവിടെയാണുണ്ടാവുക എന്നതിനെക്കുറിച്ചൊന്നും ആദിവാസികൾക്കും കാര്യമായ വിവരമില്ല. സംസ്ഥാന സർക്കാരിന്റെ രേഖകളിൽ പട്ടികജാതി വർഗ്ഗത്തിൽ ഉൾപ്പെട്ട ഇവർക്ക് റേഷൻകാർഡും മറ്റു ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. വോട്ടവകാശവും ഉണ്ടായിരുന്നു. എന്നാൽ, വീരപ്പൻ വേട്ടക്കിടെ മർദനമേറ്റ ഇക്കൂട്ടർക്കുവേണ്ടി ശബ്ദമുയർത്താൻ അന്ന് ആരും രംഗത്തുണ്ടായിരുന്നില്ല. തികച്ചും ഒറ്റപ്പെട്ട ഒരു സാഹചര്യത്തിൽ വലയർക്ക് മറ്റൊരു അജ്ഞാതവാസമല്ലാതെ ഒരു വഴിയും മുന്നിലുണ്ടാവാൻ സാധ്യതയില്ല. എല്ലാം ഉപേക്ഷിച്ച് അണക്കാടിനോട് വിടപറഞ്ഞ് എങ്ങോട്ടെങ്കിലും പോയതാവണം. അങ്ങനെ അവർ ഭയമില്ലാതെ കഴിയുന്നുണ്ടാവുമെന്ന് നമുക്ക് കരുതാം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."