അനുകരണ കോലങ്ങള്
കഥ
ഹാഷിം വേങ്ങര
മുറ്റത്തെ പൈപ്പിൻചുവട്ടിൽനിന്ന് പല്ലുതേക്കവെ അയൽപക്കത്തെ കൊച്ചുചെറുക്കന്റെ കല്ലേറിൽ തലപൊട്ടി അമ്മക്കരികെ എത്തിയപ്പോഴാണ് ഉണർവുണ്ടായത്. തലതടവി മുറിയിൽ മരുന്ന് പുരട്ടുംനേരം അമ്മ: ‘എങ്ങനെയാടാ നിന്നെ എറിയാതിരിക്കുക... എന്തു മുടിയാടാ ഇത്... പിശാചെന്നു കരുതി എറിഞ്ഞതാവാം... വെറുതെ അതിനെ പറയാൻ...’
അന്തിച്ചർച്ചയിൽ ഉരുവംകൊണ്ട ഒരു ഹർത്താലിൽ, ഉച്ചവരെ ഹോട്ടലിനു പൂട്ടിട്ട യൂനിയൻകാർ പോയി കഴിഞ്ഞശേഷം ഒന്നു കണ്ണാടിയിലേക്ക് നോക്കിയതായിരുന്നു. തലയിൽ ഒരു കറുത്തപൊന്ത. കുറുനിരയിൽനിന്ന് അൽപം മുടിനാര് വിരലിൽ പിടിച്ച് നീട്ടിയതും കീഴ്ച്ചുണ്ടിനറ്റത്തായി മീൻകൊത്തൽ. അമ്മ പറഞ്ഞതു തന്നെയാണ് ശരി. ശരിക്കും ഒരു പിശാചിനെ പോലെ തോന്നിക്കുന്നു.
‘ഇവിടെ അടുത്ത് എവിടെയെങ്കിലും മുടിവെട്ടുന്ന കടയുണ്ടോ? ഒന്നു മുടിവെട്ടിവരാൻ...’
‘ആധാരമെഴുത്തിന്റെ ഇടയിലൂടെ കയറിയാൽ ഒന്നുണ്ട്... വേഗം പോയി വാ... ഉച്ചകഴിഞ്ഞ് തുറക്കാനുള്ളതാ...’ -ചോദിക്കാനിരിക്കുകയായിരുന്നു സമ്മതംതരാൻ എന്നപോലെ മുതലാളി ഫോണിൽനിന്ന് ശ്രദ്ധതെറ്റാതെ പറഞ്ഞു.
ഉടുപ്പി ഹോട്ടലിന്റെ ഷട്ടർ അൽപം ഉയർത്തി മാളത്തിൽനിന്ന് സർപ്പം പുറത്തിറങ്ങുംകണക്ക് നിരത്തിലിറങ്ങി നടന്നു. നഗരത്തിലെ ഹോട്ടലുകളെല്ലാം പാതിയടവിലാണ്. എങ്ങോ ഒരു ഹോട്ടൽ മുതലാളിയെ തള്ളിയിട്ടതിനു ഞങ്ങൾ എന്തുപിഴച്ചു എന്റെ പടച്ചോനേ... എന്ന ഗദ്ഗദത്താൽ ഇടവഴി കടന്നപ്പോൾ മുന്നിലായി ഇംഗ്ലീഷ് അക്ഷരത്തിൽ സലൂൺ എന്നെഴുതിയ ബോർഡ് കണ്ടു. എന്നെ കണ്ടതും ചെറുപ്പക്കാരനായ ബാർബർ സ്ക്രീൻ വണക്കം ഉപേക്ഷിച്ച് ഫോൺ തിണ്ടിൽ വച്ചശേഷം സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ്് കൃത്രിമമായി ചിരിക്കാൻ തുടങ്ങി. പൊടിതട്ടിയെടുത്ത് ഇരിപ്പിടത്തിൽ ആകെയൊന്നു വീശി ആസനസ്ഥനാവാൻ ക്ഷണിച്ചു. കടപടശബ്ദം മുഴക്കി സ്റ്റീൽ പിടുത്തങ്ങളുള്ള ഇരിപ്പിടത്തിൽ പരസ്പരം അഭിമുഖമായി ഞങ്ങൾ.
‘എങ്ങനാ വെട്ടേണ്ടത്?’ -കണ്ണാടിയിലെ പ്രതിബിംബത്തോട് ചെറുപ്പക്കാരൻ ചോദിച്ചു.
‘മുടി വെട്ടുക, താടി ശരിയാക്കുക...’
‘ഓക്കെ സർ... മുടി സാധാ വെട്ടു മതിയോ, അതോ ...?’ -പൂർണമാക്കാൻ ക്ഷമയില്ലാതെ സാധാരണ വെട്ടുമതിയെന്ന് ഇടക്കുകയറി പറഞ്ഞു. ചുമരാണിയിൽ കൊളുത്തിയ വെള്ളശീല കണ്ഠത്തിൽ കുരുക്കി, കീഴെ മൂടിയപ്പോൾ മണൽകുഴിയിൽ ശിരസ്സൊഴികെ ശരീരമാസകലം മൂടിയപോലുള്ള വിടർന്ന കണ്ണുകളും രണ്ടു ചെറുചെവികളും മത്രമായ ഒരുചിത്രം കണ്ണാടിയിൽ തെളിഞ്ഞു.
‘ഓക്കെ സാർ നമുക്ക് തുടങ്ങാം...’ -മുടിവെട്ടാനുള്ള സാമഗ്രികൾ നിരത്തിയശേഷം ബാർബർ ഒന്നു പ്രാർഥിച്ച് വലിപ്പുതുറന്ന് കറുത്ത കോട്ട് എടുത്തണിഞ്ഞു. ചീർപ്പെടുത്ത് സ്വയം മുടിയൊതുക്കിയ ശേഷം കുപ്പിയിലുള്ള വെള്ളത്തെ ശിരസ്സാകമാനം ഏറ്റിത്തെറിപ്പിച്ച് ബാർബർ പണിതുടങ്ങി.
സാകൂതം വീക്ഷിക്കുന്ന ഒരു ജഡ്ജിയെപോലെ കണ്ണാടിയിൽ എന്റെ അപരൻ എന്നെത്തന്നെ ശ്രദ്ധിച്ചിരുന്നു. തലക്കുചുറ്റും വാദിക്കുന്ന വക്കീലിനെപ്പോലെ ഗൗൺ ധരിച്ച അയാൾ ഓടിനടന്നു. താളത്തിൽ കത്രിക്കുമ്പോൾ കോൽക്കളിമുട്ടുപോലെ ചെവിയിൽ താളം മുഴങ്ങുന്നു. കഴുത്തിലും കവിളിലും സ്ഥാനംപിടിച്ച പഴുനാരുകളെ തിറുതെടുത്ത്, ഷേവിങ് കത്തിവച്ചശേഷം ചെവിക്കുറ്റിയിലെ രോമങ്ങളെ ഓരോന്നായി നൂലിട്ടുവലിച്ച് പിഴുതെടുത്തു. അവസാനമായി തലയിൽ ഒരു കൈ പ്രയോഗവും. മസാജ്... അന്നേരം രാജദാസികൾക്കു നടുവിലെ രാജന്റെ പാതി ശതമാനത്തിൽ സുഖംകൊണ്ടു.
‘സാർ പോരേ...’ -അറുതിവരുത്തി ബാർബർ ചെവിയടുപ്പത്തിൽ പരസ്യം പറഞ്ഞു. തലയിളക്കി കുപ്പായം കുടഞ്ഞ് എണീറ്റപ്പോഴേക്കും അയാൾ കറുത്ത കോട്ട് ഊരിവച്ച് സാധാരണക്കാരനായി മാറിയിരുന്നു. പണംകൊടുത്ത് ഇറങ്ങാൻസമയം, ഇത്രയും പ്രൊഫഷനലായി മുടിവെട്ടുന്ന ബാർബർ ഒരു കൗതുകമായി തോന്നി. ഹോട്ടൽ തുറക്കാൻ ഇനിയും സമയമിരിക്കെ ഒന്നു സംസാരിച്ചുനോക്കിയാലോ എന്ന ചിന്തയിൽ ചുമരിനോടു ചാരിയുള്ള ഒഴിഞ്ഞ ബെഞ്ചിൽ പോയിരുന്നു.
‘ഇന്ന് ഉച്ചകഴിഞ്ഞേ ആളുകൾ വരത്തുള്ളൂ. നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞുമിരിക്കാം...’ -കസേരയിലിരുന്ന് ഫോണിൽ നോക്കിയിരിക്കുന്ന ബാർബറോട് പറഞ്ഞു. കേൾക്കേണ്ട താമസം ഒരു സംസാരപ്രിയനെ പോലെ അയാൾ ഉറ്റുനോക്കാൻ തുടങ്ങി.
‘നീ എന്തിനെപ്പറ്റിയാണ് സംസാരിക്കാൻ പോണതെന്ന് എനിക്കറിയാം. ബാർബർ എന്തിനാണ് കോട്ടിടുന്നത് എന്നല്ലേ...’ പരിണതപ്രജ്ഞനായ ഒരു ഡോക്ടർ രോഗത്തെ വിവരിക്കുന്ന മുഖഭാവത്തിൽ അയാൾ പറഞ്ഞപ്പോൾ ശരിക്കും ‘ഛെ’യായി.
‘അതൊന്നുമല്ല, വെറുതെ സംസാരിക്കാം എന്നുവച്ചു. എന്നാലും ഒരു തുടക്കമെന്ന നിലയ്ക്ക് അതുതന്നെ സംസാരിക്കാമല്ലേ ...?’ ഝടിതിയിൽ ഒരു ചിരിവരുത്തി പറയുമ്പോൾ അങ്ങാടിയിൽനിന്നും ദിക്കറിയാതെ ചില ആരവങ്ങൾ കേൾക്കാൻ തുടങ്ങിയിരുന്നു. എന്തിനു വേണ്ടിയാണെങ്കിലും ഹർത്താൽ യൂനിയൻകാർക്ക് ഒരു അവസരമല്ലേ. തൊഴിലാളികളുടെ മേലുള്ള അധികാരം പ്രകടിപ്പിക്കാനുള്ള അവസരം.
‘അതിനിത്ര ആലോചിക്കാൻ ഒന്നുമില്ലന്നേ...’ -ഒരു നേരിയ നിശബ്ദതമൂലം ചോദ്യംപോലും മറന്നിരുന്നപ്പോഴാണ് ബാർബർ വാചാലനായത്.
‘എനിക്കു പണ്ടേ വക്കീൽ ആവാൻ വല്ലാത്ത ആഗ്രഹമായിരുന്നു. വീട്ടിൽ പറഞ്ഞതും എല്ലാവരും ചിരിയായി. ഈ മാർക്കുംവച്ച് നിനക്ക് വക്കീലാവണമല്ലേ. നീയെ ഒസ്സാൻ ഔകാദർ കുട്ടിയുടെ മോനാ... ഉപ്പയുടെ ഉപദേശം. ഒസ്സാൻ കുടുംബത്തിന്റെ പരമ്പരാഗത പണിയാണ് മുടിവെട്ട്. രാജാവിനെ പോലെ ആ പണി അങ്ങ് ചെയ്യ് നീ... ഇയ്യ് കത്രിക നീട്ടിയാൽ തലകുനിക്കാത്ത പ്രമാണിയോ വക്കീലോ ഇവിടെയില്ല. വേണേല് ജഡ്ജിപോലും ഒസ്സാനു മുന്നിൽ തലകുനിക്കും. അങ്ങനെ അഹങ്കാരത്തോടെ വെട്ടുക. ഈ ഗമ വേറേതു പണിക്കാടാ ഉള്ളേ... പിന്നെ രണ്ടാമതൊന്ന് ചിന്തിച്ചില്ല. കത്രികയുമായി ഒരു ഒസ്സാന്റെ അപ്രന്റീസായി മാസങ്ങൾ. വെട്ടുപഠിച്ച് ദാ ഇപ്പോൾ ഇവിടെ... എങ്കിലും ചില സമയങ്ങളിൽ എനിക്കു നഷ്ടബോധം ഉണ്ടാകാറുണ്ട്. ഇപ്പോൾ അതും പോയി. പണിതുടങ്ങുമ്പോൾ കോട്ട് ധരിക്കാൻ തുടങ്ങി. അതിട്ട് പണിയെടുക്കുന്നേരം ഒരു വക്കീലായി തോന്നും. ഓരോ മുടിനാരിനെയും പ്രതികളാക്കി ശിക്ഷ എന്നോണം ഖണ്ഡിക്കും...’ -അത്രയും പറഞ്ഞ് അയാൾ എന്റെ മുഖത്തേക്കു നോക്കി.
നിശബ്ദമായ മുഖഭാവത്തിൽനിന്ന് അയാൾക്കു വേണ്ടത് പിടിച്ചെടുത്ത ശേഷം ഫോണിലേക്കു തന്നെ തലതാഴ്ത്തി. ഉച്ചതിരിയാൻ ഒരു മണിക്കൂർ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ഉടനെ ബാർബർ ഷോപ്പിൽനിന്ന് ഇറങ്ങിനടന്നു. അങ്ങാടിച്ചന്തയിലെ വഴിക്കച്ചവടക്കാരെ ബഹളംമൂലം ശ്രദ്ധിക്കേണ്ടതായി വന്നു. ഓരോരുത്തരെയും വക്കീലായും അധ്യാപകനായും സർക്കാർ ജോലിക്കാരനായും തോന്നുന്നു. അരങ്ങിലെ നാടകാഭിനയം പോലെ അവരെല്ലാം മുന്നിൽ ആടുന്നു. പത്രാസ് കുറഞ്ഞ തുണിപ്പീടികയിൽനിന്ന് തുണിവാങ്ങി തിരിക്കുമ്പോൾ തുണിക്കാരൻ ഒരു പ്രഭാഷകനാണെന്ന് തോന്നി. എത്ര ചാരുതയാലാണ് അയാൾ തുണിയുടെ ക്വാളിറ്റി വിവരിച്ചത്. യൂനിഫോംധാരികളായ ഒരുപറ്റം ബ്ലാക്ക് കാറ്റുകൾ ലോറിയിൽനിന്ന് ചാക്കുകൾ ചുമന്നുപോകുന്നുണ്ട്. ലോക്കോ പൈലറ്റുമാർ തള്ളുവണ്ടികളുമായി റോഡരികിലൂടെ ചലിക്കുന്നു. രാഷ്ട്രീയക്കാർ തെരുവിൽ അഴുകിയിരുന്ന് കൈനീട്ടുന്നു. എത്ര ഉദ്വേഗജനകമാണ് ഈ നഗരം. ജിംഗാനയുടെ അരികിലുള്ള ടൈലർ ഷോപ്പിലേക്ക് കയറി കവറിൽനിന്ന് തുണിയെടുത്തു. സ്റ്റെതസ്കോപ്പ് ധാരിയായ ഡോക്ടർ തുണി പരിശോധിച്ചു, തന്നെ ഉഴിഞ്ഞശേഷം നാലുദിവസം കഴിഞ്ഞ് വരാൻ പറഞ്ഞു. പിരിഞ്ഞുപോകുമ്പോൾ ഒരു രണ്ടാം ചിന്തയിൽനിന്ന് അയാൾ ചോദിച്ചു.
‘പോലീസുകാക്കി നിനക്ക് എന്തിനാടാ കൊച്ചനെ...’ -ശ്രാവ്യഭംഗം അഭിനയിക്കാൻ ഉതകുന്ന ദൂരം എത്തിയതിനാൽ പ്രതികരിക്കാതെ നടന്നു. ഉടുപ്പി ഹോട്ടലിലെ ടേബിളിൽ നിരന്നിരിക്കുന്ന എച്ചിലിലേക്കായി ചെറഞ്ഞുനോക്കി.
‘ഞാൻ എല്ലാത്തിനെയും വടിച്ച് എടുക്കുന്നുണ്ട് ’ -സബ് ഇൻസ്പെക്ടർ പീച്ചാംകോടൻ ഉണ്ണിക്കോയയാണ് പറയുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."