ആഴ്ന്നിറങ്ങിയ വേര്
താലിബ്
വസന്തത്തിനായി വിയർപ്പൊഴുക്കിയ വേരുകളുടെ സുഗന്ധം അനുഭവിച്ചറിയുകതന്നെ വേണം. ആഴങ്ങളിലേക്ക് കടന്നുചെന്ന് കിട്ടുന്നതൊക്കെയും ഊറ്റിയെടുത്ത് അവ ശിഖരങ്ങൾക്ക് ഊർജം പകരാനായി ശ്രമിക്കുകയാണ്. ആ വേരുകൾ താഴെ പടർന്നുപിടിക്കുമ്പോൾ ഉയരെ ശിഖരങ്ങൾ തണൽവിരിച്ചുനിൽക്കും. 'വേര്' ഒരു ചരിത്രമായി മാറിയിരിക്കുകയാണ്.
മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ സംഘടിപ്പിച്ച ‘വേര് ’ വെറുമൊരു വിദ്യാർഥി സമ്മേളനമായിരുന്നില്ല. വർത്തമാന കാല സാഹചര്യത്തിൽ മുസ്ലിം ലീഗ് സ്വീകരിക്കേണ്ട ഉറച്ച നിലപാടുകൾ ആ സമ്മേളനം ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സി.എച്ചും സീതി സാഹിബും പാണക്കാട് തങ്ങളുമെല്ലാം കണ്ട സ്വപ്നത്തിന്റെ ഇതൾ വിരിയുകയായിരുന്നു അവിടെ.
‘എനിക്കുമുണ്ട് ചില വേരോർമകൾ’ എന്നുപറഞ്ഞ്് കണ്ണൂർ തളിപ്പറമ്പിലെ എം.എസ്.എഫ് കാലത്തിലേക്ക് സഞ്ചരിച്ചുകൊണ്ടാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രസംഗം ആരംഭിച്ചത്. പിന്നീടുള്ള സമ്മേളന സെഷനുകൾ എന്തുകൊണ്ടും ശ്രദ്ധയാകർഷിച്ചവയായിരുന്നു. മുസ്ലിം വിദ്യാർഥി സമൂഹവും ദർശനവുമെന്ന വിഷയത്തിൽ പ്രഭാഷണം നടത്തിയ ടി.എ അഹമ്മദ് കബീർ ജെയിംസ് വെബ് സ്പേസ് ടെലസ്കോപ്പിന്റെ കാലത്ത് ജീവിക്കുന്ന വിദ്യാർഥികൾ തൗഹീദിന്റെ മൂല്യങ്ങൾ മനസിലാക്കണമെന്നും പ്രധാനമായും നാലു കാര്യങ്ങളിൽ വിദ്യാർഥികൾ പരിജ്ഞാനികളായിരിക്കണമെന്നും ഉണർത്തി. നിങ്ങൾ ഖുർആൻ സാക്ഷരത നേടുക. ശാസ്ത്രസാക്ഷരത കൈവരിക്കുക. ചരിത്രസാക്ഷരത സ്വായത്തമാക്കുക. നിയമ സാക്ഷരത നേടുക തുടങ്ങിയ കാര്യങ്ങളിലൂന്നിയായിരുന്നു അദ്ദേഹം സംസാരിച്ചത്.
‘ജനാധിപത്യ ഇന്ത്യയുടെ അതിജീവനം’ എന്ന സെഷനിലേക്കാണ് സമ്മേളനം പിന്നീട് പ്രവേശിച്ചത്. മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ പ്രഭാഷണം നടത്തി. സി.എ.എ സമരകാലത്തെ വിദ്യാർഥി പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്തിനെ തെളിയിച്ചുവെന്നും രാജ്യത്തെ വിദ്യാർഥികളും മാധ്യമപ്രവർത്തകരും നേരിടുന്ന ഭരണകൂട വേട്ടയെയും അദ്ദേഹം തുറന്നുകാട്ടി. തുടർന്ന് മാധ്യമപ്രവർത്തകൻ എസ്.എ അജിംസ് വിദ്യാർഥികൾക്ക് കൃത്യമായ ചരിത്രാവബോധം നൽകി. സമ്മേളനം ഉച്ചസമയത്തേക്ക് നീങ്ങുമ്പോഴാണ് ഏവരും പ്രതീക്ഷിച്ച കല, സർഗം, സംസ്കാരം എന്ന സെഷൻ ആരംഭിക്കുന്നത്. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, സംവിധായകൻ സകരിയ മുഹമ്മദ്, തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്, കവയിത്രി സി.എച്ച് മരിയത്ത് ഇവരെല്ലാം ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ വിദ്യാർഥികളിൽ ആവേശം വർധിച്ചു. പിന്നീട് നടന്ന സെഷനുകൾ ഏറെ വ്യത്യസ്തമായി മുന്നോട്ടുപോയി.
വർത്തമാന കേരളം ഏറെ ചർച്ചയ്ക്കു വിധേയമാക്കുന്ന വിഷയത്തിൽ ഡോ. എം.കെ മുനീർ നടത്തിയ അവതരണം കേരളം ഏറ്റെടുത്തു. മതം, മാർക്സിസം, ലിബറലിസം എന്ന വിഷയത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത് ഗൗരവതരമായ നിരീക്ഷണങ്ങളാണ്. ജെൻഡർ ന്യൂട്രാലിറ്റിയുടെ പേരിൽ സർക്കാർ നടത്തുന്ന അടിച്ചമർത്തലുകളെ ചൂണ്ടിക്കാട്ടുകയും കേരളത്തിലെ കാംപസുകളിൽ എസ്.എഫ്.ഐ നടത്തുന്ന അരാജകവാദങ്ങളും അദ്ദേഹം വിദ്യാർഥികളുമായി പങ്കുവച്ചു. കമ്യൂണിസത്തെ അതിന്റെ സൂക്ഷ്മതലങ്ങളിൽ നിന്നുകൊണ്ടാണ് അദ്ദേഹം വിശദീകരിച്ചത്. ഒടുവിൽ കേരളത്തിന്റെ വിദ്യാഭ്യസ മന്ത്രിക്ക് ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങളെന്ന പേരിൽ വസ്ത്രങ്ങൾ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കില്ല എന്ന നിലപാടെടുക്കേണ്ടി വന്നു.
സമ്മേളനത്തിന്റെ പരിസമാപ്തിയിലേക്കെത്തുമ്പോൾ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ഉജ്ജ്വല പ്രഭാഷകരായ കെ.എം ഷാജി, പി.കെ ഫിറോസ്, അഡ്വ. എൻ. ഷംസുദ്ദീൻ, പി.എം സാദിഖലി, സി.പി സെയ്തലവി തുടങ്ങിയവരടങ്ങുന്ന പാനൽ ചർച്ചയായി. കെ.എം ഷാജിയുടെ മികച്ച പ്രഭാഷണത്തോടെയാണ് സമ്മേളനം അവസാനിച്ചത്. സമ്മേളന വേദിയിൽ സംസാരിച്ച മുസ്ലിം ലീഗ് നേതാക്കളുടെ വരികളിൽ പുതിയ ആത്മവിശ്വാസം കൈവരിച്ചിരുന്നു. സമീപകാല പ്രതിസന്ധികളിൽ ലീഗ് അതിജീവിക്കുമെന്നതിന്റെ സൂചനകൾ ഈ സമ്മേളനത്തിൽ നിന്ന് വായിച്ചെടുക്കാനാകുന്നുണ്ട്.
കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പാനന്തരം മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽ ഏറെ കോളിളക്കങ്ങൾ സംഭവിച്ചിരുന്നു. അതിനിടെയാണ് എം.എസ്.എഫ് വേര് എന്ന പേരിൽ കാംപയിൻ നടത്തിയത്. കേരള വിദ്യാർഥി രാഷ്ട്രീയ രംഗത്ത് വേര് കാംപയിൻ പുതിയ ദിശ നിർണയിക്കാൻ പര്യാപ്തമായിരിക്കുന്നു. പിന്നെയും ഹരിതയും ഇ.ഡിയുമൊക്കെയായി വിവാദങ്ങളുടെ പെരുമഴ തന്നെ സംഭവിച്ചു. ബഹുമാന്യനായ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗവും തുടർന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനാരോഹണവും തുടങ്ങി നേതൃപരമായ മാറ്റം മുസ്ലിം ലീഗിൽ ഉണ്ടായി. അകത്തെ വിഭാഗീയതകൾ അവസാനിപ്പിക്കാൻ ലീഗ് നേതൃത്വം സ്വീകരിച്ച നടപടികളെല്ലാം സംഘടനയെ ലക്ഷ്യത്തിലേക്കെത്തിച്ചിട്ടുണ്ട്. അതുകൊണ്ടു മാത്രമാണ് എം.എസ്.എഫിന്റെ വേര് സമ്മേളനം വലിയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായത്.
ലീഗ് രാഷ്ട്രീയത്തിൽ പുതിയ ഉണർവിനാണ് ഈ സമ്മേളനം വഴിവച്ചത്. ഒട്ടേറെ സാങ്കേതിക വിദ്യകൾ സമ്മേളനത്തിന്റെ രജിസ്ട്രേഷൻ മുതൽ ഉപയോഗപ്പെടുത്തിയിരുന്നു. എം.എസ്.എഫിന്റെ ടെക്നിക്കൽ വിദ്യാർഥികളുടെ കൂട്ടായ്മ എക്സിബിഷനും സാഹിത്യകൂട്ടായ്മ ‘വാക്കില’ എന്ന പേരിൽ ഇന്ത്യൻ പാർലമെന്റ് നിരോധിച്ച പദങ്ങൾ ഉൾപ്പെടുത്തി ഇലയെ പ്രദർശിപ്പിക്കുകയും ചെയ്തു. ലീഗ് രാഷ്ട്രീയത്തിന്റെ ചരിത്രപശ്ചാത്തലങ്ങൾ സമ്മേളനകവാടം മുതൽ നഗരി വരെ നിറഞ്ഞുനിന്നു. ഏത് പ്രതിസന്ധികളും സംഘബലം കൊണ്ട് പിഴുതുമാറ്റുന്ന ശൈലി ലീഗിൽ പുതുമയുള്ളതല്ല, അതിന്റെ പരമ്പര്യങ്ങളിൽ ഉള്ളതാണ്. യഥാർഥത്തിൽ, പ്രതിസന്ധികളാണ് ലീഗിനെ കാലത്തിനു മുന്നിൽ ശക്തിപ്പെടുത്തുന്നത് എന്നതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ഈ ആഴ്ന്നിറങ്ങിയ വേര്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."