വിമാനടിക്കറ്റ് കൊള്ള: പ്രവാസിയുടെ ദീനരോദനത്തിന് ഇപ്പോഴും പുല്ലുവില
ദുബൈ: പ്രവാസികളുടെ ദീനരോദധനങ്ങള്‍ക്ക് ഇപ്പോഴും പുല്ലു വില. വിമാനക്കമ്പനികളുടെ താവെട്ടിക്കൊള്ളകള്‍ക്കെതിരേ അധികാരികളുടെ ഭാഗത്ത് നിന്നും ചെറുവിലനക്കം പോലുമില്ല. ചില സീസണുകള്‍ നോക്കി ടിക്കറ്റ് നിരക്ക് ഇരട്ടിയും അതിലധികവുമായി ഉയര്‍ത്തുന്ന വിമാനക്കമ്പനിക്കാരുടെ നിലപാടിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ ഭരണകൂടമോ അധികാരികളോ തയാറാവാത്തതാണ് പ്രവാസികളെ വീണ്ടും വീണ്ടും പ്രയാസത്തിലാക്കുന്നത്. ഗള്‍ഫിലെ അവധിക്കാലത്ത് നാട്ടിലേക്ക് പോയ പ്രവാസികള്‍ തിരിച്ചെത്താന്‍ ബുദ്ധിമുട്ടുന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി ഉയരുകയാണ്. വേനലവധിക്ക് നാട്ടില്‍പ്പോയ കുടുംബങ്ങളാണ് പ്രധാനമായും തിരിച്ചെത്താന്‍ കൂടിയ വിമാനയാത്രാ നിരക്ക് തടസമാവുന്നത്. കേരളത്തില്‍നിന്ന് യു.എ.ഇ. യിലേക്കുള്ള യാത്രാ നിരക്കുകളാണ് പ്രവാസികള്‍ക്ക് താങ്ങാന്‍ സാധിക്കാത്തത്. ഈ മാസം അവസാനത്തോടെ ഇവിടെയെത്തി ജോലിയില്‍ പ്രവേശിക്കേണ്ടവരാണ് പലരും.
ഈ മാസം 20മുതല്‍ 30വരെയാണ് ടിക്കറ്റ് നിരക്കുകള്‍ ക്രമാതീതമായി വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് യു.എ.ഇ. യിലേക്ക് 40,000 രൂപ മുതല്‍ മുകളിലോട്ടാണ് വിമാന കമ്പനികള്‍ ഈടാക്കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണ പ്രവാസി കുടുംബങ്ങളുടെ തിരിച്ചുവരവാണ് അനിശ്ചിതത്വത്തിലായത്. സീസണ്‍നോക്കി യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ അതിന് ശാശ്വതമായ പരിഹാരം നിര്‍ദേശിക്കാന്‍ ഇന്ത്യയിലെ ജനപ്രതിനിധികള്‍ക്കോ രാഷ്ട്രീയ നേതാക്കള്‍ക്കോ സാധിക്കാറില്ല. യു.എ.ഇ. യിലെത്തുന്ന മന്ത്രിമാര്‍ക്കും എം.പി. മാര്‍ക്കും എം.എല്‍.എ. മാര്‍ക്കുമെല്ലാം സംഘടനാ നേതാക്കള്‍ യാത്രാനിരക്കുകള്‍ നിയന്ത്രിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിവേദനങ്ങള്‍ നല്‍കുന്നത് പതിവാണെങ്കിലും പരിഹാരം ഉണ്ടാവാറില്ല. പ്രവാസി സംഘടനകള്‍ ഇപ്പോഴും തങ്ങളുടെ പരാതികള്‍ അറിയിക്കുന്നുണ്ടെങ്കിലും കേട്ടഭാവം നടിക്കുന്നില്ലെന്നാണ് പലരും പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."