വീണാ ജോര്‍ജിന് ഫോണ്‍ അലര്‍ജി, ശൈലജ ടീച്ചറിന്റെ കാലത്തെ നല്ലപേര് പോയി; സി.പി.ഐ സമ്മേളനത്തില്‍ വിമര്‍ശനം
പത്തനംതിട്ട: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ഫോണ്‍ അലര്‍ജിയാണെന്ന് സി.പി.ഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ പൊതുചര്‍ച്ചയില്‍ വിമര്‍ശനം. ഔദ്യോഗിക നമ്പരില്‍ വിളിച്ചാലും ഫോണ്‍ എടുക്കില്ല. ആരോഗ്യവകുപ്പില്‍ മന്ത്രിക്ക് നിയന്ത്രണം ഇല്ലെന്നും ശൈലജ ടീച്ചറിന്റെ കാലത്തെ നല്ലപേരു പോയെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
മന്ത്രി വിളിച്ചാല്‍ ഫോണെടുക്കില്ലെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. ജില്ലാ സമ്മേളനത്തിലും ഈ ആരോപണം സിപിഐ ആവര്‍ത്തിച്ചു. ജില്ലയിലെ എല്‍ഡിഎഫ് യോഗങ്ങളില്‍ വേണ്ട വിധത്തില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും രാഷ്ട്രീയ വിഷയങ്ങളില്‍ പോലും ശരിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെമന്നും പ്രശ്നങ്ങളോടുള്ള മുഖ്യ പാര്‍ട്ടികളുടെ സമീപനമാണ് ഇതിന് കാരണമെന്നും വിമര്‍ശനം ഉണ്ട്.
ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോര്‍ജും തമ്മിലുള്ള പ്രശ്‌നം മുന്നണിക്ക് തന്നെ നാണക്കേട് ഉണ്ടാക്കി. മന്ത്രിയുടെ പിടിവാശിയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയതെന്നാണ് സംഘടനാ റിപ്പോര്‍ട്ടിലെ പരാമര്‍ശം.
അതേ സമയം, കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ജനീഷ് കുമാറിനു സിപിഐയോട് പുച്ഛമാണെന്നും എംഎല്‍എയുടെ പെരുമാറ്റം മുന്നണിക്ക് ചേരുന്നതല്ലെന്നുമാണ് സിപിഐ സമ്മേളനത്തിലെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."