ഗസ്സയ്ക്ക് നേരെ ഇസ്‌റാഈൽ ആക്രമണം തുടരുന്നു; മരണം 31 ആയി
ഗസ്സ • ഗസ്സയ്ക്ക് നേരെ ഇസ്‌റാഈൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 31 ആയി. കൊല്ലപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടും. ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് സംഘടനക്കെതിരേയാണ് നടപടിയെന്നാണ് ഇസ്‌റാഈൽ പറയുന്നതെങ്കിലും രണ്ടാംദിനം വീടുകൾക്ക് നേരെയാണ് ആക്രമണം നടന്നത്. ഇതുവരെ ഫലസ്തീൻ ഗ്രൂപ്പുകളുടെ രണ്ടു മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയെന്ന് ഇസ്‌റാഈൽ പറഞ്ഞു.
ഞായറാഴ്ച പടിഞ്ഞാറൻ ജറൂസലേമിന് നേരെയും ഗസ്സയിൽ നിന്ന് മിസൈൽ ആക്രമണമുണ്ടായി. അയേൺ ഡോം മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് 97 ശതമാനം മിസൈലുകളും നിർവീര്യമാക്കിയെന്നും നാശനഷ്ടങ്ങളില്ലെന്നും ഇസ്‌റാഈൽ സൈന്യം അറിയിച്ചു.
ഫലസ്തീൻ ഇസ്‌ലാമിക് ജിഹാദ് സംഘടനക്കെതിരേ ആക്രമണം തുടരുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി യായിർ ലാപിഡ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇസ്‌റാഈൽ ഗസ്സയിൽ വ്യോമാക്രമണം തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്കനുസരിച്ച് 31 പേരാണ് മരിച്ചത്.
260 പേർക്ക് പരുക്കേറ്റു. ഗസ്സ മേഖലയിലെ ജിഹാദി ഗ്രൂപ്പ് നേതാവ് ഖാലിദ് മൻസൂർ, തായ്‌സിർ അൽ ജബാരി എന്നിവർ കൊല്ലപ്പെട്ടുവെന്നാണ് ഇസ്‌റാഈൽ പറയുന്നത്. സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന 19 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നുദിവസത്തിനിടെ 600 മിസൈലുകൾ ഫലസ്തീനിൽ നിന്ന് ഇസ്‌റാഈലിലേക്ക് തൊടുത്തുവിട്ടുവെന്നാണ് റിപ്പോർട്ട്. 2021 മെയ് മാസത്തിൽ 11 ദിവസം നീണ്ട യുദ്ധത്തിനു ശേഷം ഇസ്‌റാഈൽ ഗസ്സയിൽ ആക്രമണം നടത്തുന്നത് ഇതാദ്യമാണ്.
ഇസ്‌റാഈലിന്റെ ആക്രമണത്തെ ആഫ്രിക്കൻ യൂനിയൻ കമ്മിഷൻ അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിനു വിരുദ്ധമായാണ് ഇസ്‌റാഈലിന്റെ ആക്രമണമെന്ന് ചെയർമാൻ മൗസ ഫാകി മഹ്മത് പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌റാഈലിന്റെ ആക്രമണം നിയമവിരുദ്ധവും നിരുത്തരവാദപരവുമെന്ന് യു.എസ് പ്രത്യേക പ്രതിനിധി ഫ്രാൻസിസ്‌ക അൽബനേസ് പറഞ്ഞു. ഈജിപ്തിന്റെ സഹായത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ ചർച്ച നടക്കുന്നുണ്ടെങ്കിലും രമ്യതയിലെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."