ജഗ്ദീപ് ധൻകറിൻ്റേത് 1997ന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷം
ന്യൂഡൽഹി • ശനിയാഴ്ച നടന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ ഗവർണറും എൻ.ഡി.എ സ്ഥാനാർഥിയുമായ ജഗ്ദീപ് ധൻകർ വിജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിൽ. 1997 മുതൽ നടന്ന ആറ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണ് ധൻകറിന് ലഭിച്ചത്.
സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയെയാണ് ധൻകർ പരാജയപ്പെടുത്തിയത്. ജഗ്ദീപ് ധൻകറിന് 528 വോട്ടും മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടും ലഭിച്ചു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി എം.പിമാർക്ക് മാത്രമാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട്‌ചെയ്യാനുള്ള അവകാശം. എന്നാൽ എൻ.ഡി.എ എം.പിമാർക്ക് പുറമെ പ്രതിപക്ഷകക്ഷികളിൽനിന്നുള്ള എം.പിമാരുടെ വോട്ടുകളും ധർകറിന് ലഭിച്ചതായി ഫലം വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിൽ പോൾ ചെയ്ത 725 സാധുവായ വോട്ടുകളിൽ 72.8 ശതമാനം വോട്ടുകൾ നേടിയാണ് ഇന്ത്യയുടെ 14ാമത് ഉപരാഷ്ട്രപതിയായി ധൻകർ വിജയിച്ചത്. സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് 2017ൽ ലഭിച്ചതിനെക്കാൾ രണ്ടുശതമാനം അധികവോട്ടുകളും ധൻകറിന് നേടാനായി. 2017ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 760 വോട്ടുകളിൽ 67.89% വോട്ടുകൾ നേടിയാണ് വെങ്കയ്യ നായിഡു വിജയിച്ചത്.
1992ൽ പോൾ ചെയ്ത 701 വോട്ടുകളിൽ 700ഉം നേടിയ മലാളികൂടിയായ കെ.ആർ നാരായണന്റെ പ്രകടനമാണ് ഏറ്റവും ഉയർന്നത്. 2007ലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആകെയുള്ള 762 സാധുവായ വോട്ടുകളിൽ 60.51 ശതമാനം വോട്ടുകൾ കോൺഗ്രസിന്റെ ഡോ. ഹാമിദ് അൻസാരി നേടി. 2007 മുതൽ 2017 വരെ രണ്ടുവട്ടം അദ്ദേഹം ഉപരാഷ്ട്രപതിയായി തുടർന്നു.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ തുടങ്ങിയ എല്ലാ സുപ്രധാന സ്ഥാനങ്ങളും ഇപ്പോൾ ബി.ജെ.പിയാണ് വഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."