പറന്നിറങ്ങിയ ദുരന്തത്തിന്റെ ഓർമകളുമായി അവരെത്തി; രക്ഷകർക്ക് സ്‌നേഹസമ്മാനം ഒരുക്കാൻ
സ്വന്തം ലേഖകൻ
കൊണ്ടോട്ടി • വിമാന ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളും നോവുമായി അവർ ഒരിക്കൽ കൂടി കരിപ്പൂരിൽ ഒത്തു ചേർന്നു. അപകടത്തിൽപ്പെട്ടവർക്ക് രക്ഷകരായെത്തിയ നാട്ടുകാർക്ക് സ്‌നേഹ സമ്മാനമായി ആശുപത്രി കെട്ടിടം നിർമിച്ച് നൽകുന്നതിനും കൂടിയായിരുന്നു ഇത്തവണത്തെ കൂടിച്ചേരൽ.
കരിപ്പൂരിൽ 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തിൽ പരുക്കേറ്റവരും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമാണ് ദുരന്തത്തിന്റെ രണ്ടാം വർഷത്തിൽ കരിപ്പൂരിലെത്തിയത്. വിമാനം റൺവേയിൽ നിന്ന് താഴോട്ടു പതിച്ച റൺവേയുടെ കിഴക്കുഭാഗത്തെ ക്രോസ് റോഡിന് സമീപത്താണ് മലബാർ ഡവലപ്‌മെന്റ് ഫോറത്തിനു കീഴിലെ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ സംഗമം സംഘടിപ്പിച്ചത്.
ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനുവേണ്ടി വിമാനാപകടത്തിൽ പരുക്കേറ്റവരും മരണപ്പെട്ടവരുടെ ബന്ധുക്കളും നിർമിച്ചു നൽകുന്ന കെട്ടിടത്തിന്റെ ധാരണാപത്രം ചടങ്ങിൽ കൈമാറി. അപകടത്തിന്റെ ഇരകൾക്ക് ലഭിച്ച ഇൻഷൂറൻസ് തുകയിൽ നിന്ന് 50 ലക്ഷം രൂപ സമാഹരിച്ചാണ് ഇത് നിർമിച്ചു നൽകുന്നത്. സംഗമം ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മറ്റു വിമാനത്താവളങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യം സർക്കാർ കരിപ്പൂരിനും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം.ഡി.എഫ് ചെയർമാൻ അബ്ദുറഹ്മാൻ ഇടക്കുനി അധ്യക്ഷനായി. പി. അബ്ദുൽ ഹമീദ് എം.എൽ.എ, വിമാനത്താവള ഡയരക്ടർ എസ്. സുരേഷ്, റഹിം വയനാട്, നഗരസഭ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, ജില്ലാപഞ്ചായത്ത് അംഗം സറീന ഹസീബ്, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പാൻ മുഹമ്മദലി, സമീർ വടക്കൻ, എസ്.എ. അബൂബക്കർ, കെ.പി. ഫിറോസ്, ഡോ. സുന്ദര കല്ലട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."