കവളപ്പാറ ദുരന്തത്തിന് മൂന്ന് വയസ്; ഇതുവരെ നഷ്ടപരിഹാരം ലഭ്യമായില്ല
ഷിബു എടക്കര
എടക്കര • കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന് മൂന്ന്‌വര്‍ഷം പിന്നിട്ടിട്ടും കൃഷിഭൂമി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചില്ല. 2019 ഓഗസ്റ്റ് എട്ടിനാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ദുരന്തമുണ്ടായത്. കവളപ്പാറ മുത്തപ്പന്‍കുന്നില്‍ ഉരുള്‍പൊട്ടി 59 പേരുടെ ജീവനാണ് മണ്ണിനടിയിലായത്. 19 ദിവസത്തെ തെരച്ചിലിനൊടുവിൽ 48 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മണ്ണിനടിയിൽപ്പെട്ട മറ്റു 11 പേരെ ഇതുവരെ കണ്ടെത്താൻ പോലുമായില്ല. പ്രദേശത്തെ പതിനഞ്ചോളം കര്‍ഷകരുടെ കൃഷിഭൂമിയാണ് ഉരുള്‍പൊട്ടലില്‍ നഷ്ടമായത്. ഇവര്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും നാളിതുവരെ ലഭിച്ചിട്ടില്ല. ഉരുള്‍പൊട്ടലില്‍ നൂറ്റിയന്‍പത് ഏക്കറോളം ഭൂമിയാണ് മുത്തപ്പന്‍കുന്നില്‍ ഇല്ലാതായത്. കര്‍ഷകരുടെ തെങ്ങ്, കമുക്, റബര്‍ തോട്ടങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഇല്ലാതായി. മൂന്നേക്കര്‍ കൃഷിയിടംവരെ നഷ്ടപ്പെട്ടവര്‍ ഇക്കൂട്ടത്തിലുണ്ട്. കൃഷിഭൂമി നഷ്ടപ്പെട്ട വിവരം കൃഷിഭവന്‍ അധികൃതരെയും റവന്യൂ വകുപ്പിനെയും കര്‍ഷകര്‍ അറിയിച്ചിരുന്നു. ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യേഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ ഇതുവരെയായിട്ടില്ല. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കൃഷിവകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, നിലമ്പൂര്‍ എം.എല്‍.എ എന്നിവര്‍ക്ക് കര്‍ഷകര്‍ രേഖാമൂലം നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും ഉണ്ടായില്ല. ആകെയുണ്ടായിരുന്ന വരുമാനമാര്‍ഗമായ കൃഷിയിടം നഷ്ടപ്പെട്ടതോടെ ഇവര്‍ ദുരിതത്തിലാണ്. ദുരന്തമുണ്ടായിടത്ത് ഭൂമി പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."