ആദിവാസി മേഖലകളില്‍ പ്രാഥമിക പഠനം തനതുഭാഷയില്‍ മതി: ബാലാവകാശ കമ്മിഷന്‍
പാലക്കാട്: ആദിവാസിമേഖലയിലെ കുട്ടികളെ അവരവരുടെ തനത്ഭാഷയില്‍ തന്നെ പഠിപ്പിച്ചാല്‍ മതിയെന്ന് കേരള ബാലാവകാശ കമ്മിഷന്‍ ഉത്തരവിറക്കി. കേരളത്തിലെ ആദിവാസിമേഖലയില്‍ പ്രാഥമിക വിദ്യാഭ്യാസ ബോധനരീതി പ്രാദേശികഭാഷയില്‍ തന്നെ ആക്കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ ഉത്തരവ്. അങ്കണവാടി, ഏകാധ്യാപക വിദ്യാലയങ്ങള്‍, എല്‍.പി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ പഠനം അവരവരുടെ പ്രാദേശികഭാഷയില്‍ നടത്താന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം എന്‍. ബാബുവിന്റേതാണ് ഉത്തരവ്. ആദിവാസി വിദ്യാഭ്യാസ അവകാശ സംഘടനയായ 'തമ്പ്' (സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍, ഡെവലപ്‌മെന്റ് ആന്റ് റിസേര്‍ച്) പ്രസിഡന്റ് രാജേന്ദ്രപ്രസാദ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. 'തമ്പ്' കമ്മിഷന് സമര്‍പ്പിച്ച ആവശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പട്ടികവര്‍ഗ ക്ഷേമവകുപ്പ്, കിര്‍ത്താഡ്‌സ്, വിദ്യാഭ്യാസ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവരില്‍ നിന്നും കമ്മിഷന്‍ നിര്‍ദേശങ്ങള്‍ ശേഖരിച്ചതിനു ശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
അങ്കണവാടി കേന്ദ്രങ്ങള്‍, പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ ബോധനരീതി കുഞ്ഞുങ്ങളുടെ തനത് ഭാഷയിലാക്കുക, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ കുട്ടികളുടെ സംസ്‌കാരവും ജീവിതരീതിയും അറിയുന്നവരായിരിക്കുക, മേഖലയിലെ എം.ജി.എല്‍.സികള്‍ എന്നിവിടങ്ങളില്‍ തദ്ദേശീയരായ ആദിവാസി യുവതീയുവാക്കളെ നിയമിക്കുന്നതിന് നിയമനിര്‍മാണം നടത്തുക, പോഷണശോഷണം മേഖലകളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രാഥമിക വിദ്യാലയങ്ങളില്‍ അതാത് മേഖലകളിലെ പ്രാദേശിക തനത് ഭക്ഷണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക, വാമൊഴി കഥകള്‍, പാട്ടുകള്‍ എന്നിവയിലൂടെയും പ്രാദേശികമായ സാമൂഹിക സാംസ്‌കാരിക ചിഹ്നങ്ങളും ഉപയോഗിച്ചുള്ള ബോധനരീതി കുട്ടികള്‍ക്കായി വികസിപ്പിക്കുക, പ്രാദേശികമായ കൃഷിയിനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക തുടങ്ങി 12 ഇന നിര്‍ദേശങ്ങളാണ് 'തമ്പ്' കമ്മിഷന് മുന്‍പില്‍ സമര്‍പ്പിച്ചത്.
നിര്‍ദേശങ്ങളില്‍ പട്ടികവര്‍ഗ ക്ഷേമവകുപ്പ് ക്രിയാത്മകമായി പ്രതികരിച്ചതായി ഉത്തരവില്‍ പറയുന്നു. ഒരു സമൂഹത്തിന്റെ സാംസ്‌കാരികമായ ഏടുകള്‍ രചിക്കപ്പെടുന്നത് ആ സമൂഹത്തിന്റെ തന്നെ ഭാഷയിലൂടെയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ പഠനമാധ്യമം അവരുടെ പ്രാദേശികഭാഷയിലാക്കേണ്ടത് ആവശ്യമാണ്.
വന്‍തോതിലുള്ള നിക്ഷേപവും വന്‍ഫീസും വാങ്ങി ആര്‍ഭാടത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ പ്രീ-സ്‌കൂള്‍ സംവിധാനങ്ങള്‍ നഗരങ്ങളിലെന്നപോലെ ഗ്രാമ മലയോര പ്രദേശങ്ങളിലും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നന്മയുടെ അങ്കണ്‍വാടികള്‍ ആകര്‍ഷകമാക്കേണ്ടതുണ്ടെന്ന ഹരജിക്കാരന്റെ വാദഗതിയോട് കമ്മിഷന്‍ യോജിക്കുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."