വിലക്ക് വിവരാവകാശത്തിനും; ഗുജറാത്തില്‍ ഒന്നര വര്‍ഷത്തിനിടെ വിലക്കിയത് പത്ത് പേരെ
അഹമ്മദാബാദ്: വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നതിന് കടിഞ്ഞാണിട്ട് ഗുജറാത്ത് സര്‍ക്കാര്‍. വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിക്കുന്നതിന് സംസ്ഥാനത്ത് പത്തു പേര്‍ക്കാണ് ഒന്നര വര്‍ഷത്തിനിടെ വിലക്കേര്‍പ്പെടുത്തിയത്. ആജീവനാന്ത വിലക്കാണ് ഇവര്‍ക്ക് സംസ്ഥാന വിവരാവകാശ കമീഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒരേസമയം നിരവധി വിവരാവകാശ അപേക്ഷകള്‍ നല്‍കുന്നു, നിര്‍ബന്ധബുദ്ധി കാട്ടുന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ദ്രോഹിക്കാന്‍ വിവരാവകാശ നിയമത്തെ ഉപയോഗിക്കുന്നു തുടങ്ങിയ ന്യായങ്ങളാണ് വിലക്കിന് കാരണമായി ബന്ധപ്പെട്ടവര്‍ നിരത്തുന്നത്.
പീതാപൂരില്‍ നിന്നുള്ള സ്‌കൂള്‍ അധ്യാപികയായ അമിത മിശ്രയാണ് വിലക്കേര്‍പ്പെടുത്തപ്പെട്ട പത്തുപേരില്‍ ഒരാള്‍. തന്റെ സര്‍വിസ് ബുക്കിന്റെയും ശമ്പളത്തിന്റെയും വിവരങ്ങളുടെ പകര്‍പ്പാണ് ഇവര്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടത്. എന്നാല്‍, ഇവര്‍ക്ക് ഒരു വിവരവും നല്‍കേണ്ടെന്ന് വിവരാവകാശ കമീഷണര്‍ കെ.എം. അധ്വാര്യു ജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. അധ്യാപിക വിവരാവകാശ നിയമപ്രകാരമുള്ള മറുപടിക്ക് പേജിന് രണ്ട് രൂപ വെച്ച് അടക്കേണ്ടത് അടച്ചിട്ടില്ലെന്നും ഒരേ ചോദ്യങ്ങള്‍ തന്നെ വീണ്ടും ചോദിക്കുകയാണെന്നും കാണിച്ച് സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിരുന്നു.
കസ്ബയിലെ സ്‌കൂള്‍ ജീവനക്കാരനായ സത്താര്‍ മജീദ് ഖലീഫ എന്നയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് സ്ഥാപനം തനിക്കെതിരെ കൈക്കൊണ്ട നടപടിയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്. എന്നാല്‍, വിവരാവകാശ അപേക്ഷകള്‍ നല്‍കി സ്‌കൂള്‍ അധികൃതരോട് പ്രതികാരം ചെയ്യുകയാണ് സത്താര്‍ മജീദ് ഖലീഫ ചെയ്യുന്നതെന്നാണ് വിവരാവകാശ കമീഷനര്‍ കെ.എം. അധ്വാര്യു ചൂണ്ടിക്കാട്ടിയത്. വിവരാവകാശ പരാതിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചക്കിടെ സ്‌കൂളിലെ വിവരാവകാശ ഓഫിസര്‍ക്കെതിരെയും അപ്പീല്‍ അതോറിറ്റിക്കെതിരെയും വിവരാവകാശ കമീഷനെതിരെയും ഇയാള്‍ ആരോപണമുന്നയിച്ചതും വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ഭാവ്‌നഗറിലെ ചിന്തന്‍ മഖ്വാന എന്നയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവരാവകാശ കമീഷനറായ ദിലീപ് താക്കറാണ്. ജില്ല ആരോഗ്യ ഓഫിസില്‍ നിന്ന് ഒരു വിവരവും ഇയാള്‍ക്ക് നല്‍കരുതെന്നാണ് നിര്‍ദേശം. മഖ്വാനയുടെ ഭാര്യ ജെസാറിലെ ആരോഗ്യ വകുപ്പിലെ ക്ലാസ്3 ജീവനക്കാരിയാണ്. വകുപ്പിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവര്‍ ആവശ്യപ്പെട്ടത്. അപേക്ഷയെ തുടര്‍ന്ന് ഇയാളുടെ ഭാര്യക്കും അമ്മക്കും അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. പ്രതികാരബുദ്ധിയോടെയുള്ളതും വഞ്ചാനപരവുമാണ് അപേക്ഷയെന്നാണ് കമീഷന്‍ വിലയിരുത്തിയത്.
രാജ്യത്ത് വിവരാവകാശ നിയമത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി, ചോദ്യമുന്നയിച്ചയാള്‍ക്ക് 5000 രൂപ പിഴയിട്ട സംഭവം ഗുജറാത്തിലാണ്. ഹിതേഷ് പട്ടേല്‍ എന്നയാള്‍ക്കും ഭാര്യക്കുമാണ് ഇവരുടെ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ട് 13 വിവരാവകാശ അപേക്ഷകള്‍ നല്‍കിയതിന് പിഴയീടാക്കിയത്. ചോദ്യമുന്നയിച്ച വിഷയത്തില്‍ ഒരു മറുപടിയും ഇവര്‍ക്ക് നല്‍കരുതെന്നും വിവരാവകാശ കമീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ നല്‍കുന്ന 'മഹിതി അധികാര്‍ ഗുജറാത്ത് പഹേല്‍' എന്ന സംഘടനയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2008ലെയും 2011ലെയും വിവിധ കോടതി വിധികളിലെ നിര്‍ദേശങ്ങള്‍ സാഹചര്യം പരിഗണിക്കാതെ പ്രയോഗിച്ചുകൊണ്ടാണ് ഗുജറാത്ത് വിവരാവകാശ കമീഷന്‍ വിവരാവകാശ അപേക്ഷകര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് 'മഹിതി അധികാര്‍ ഗുജറാത്ത് പഹേല്‍' പ്രവര്‍ത്തകനായ പങ്കിത് ജോഗ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വിവരാവകാശ അപേക്ഷകരെ വിലക്കാനോ കരിമ്പട്ടികയില്‍ പെടുത്താനോ ഒരു നിയമവുമില്ലെന്നാണ് ഗുജറാത്ത് ആഭ്യന്തര വകുപ്പ് ഇക്കഴിഞ്ഞ ജൂണ്‍ 18ന് വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കിയത്. അപേക്ഷകരെ കരിമ്പട്ടികയില്‍ പെടുത്തുന്നത് നല്ലതല്ലെന്ന് 2007ല്‍ ഗുജറാത്ത് വിവരാവകാശ കമീഷനറായിരുന്ന ആര്‍.എന്‍. ദാസ് നിരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."