'കേരളത്തില്‍ ബി.ജെ.പി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍'; രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ മുഖപത്രം ജനയുഗം
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഗവര്‍ണര്‍ പദവി പാഴാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. കേരളത്തില്‍ ബി.ജെ.പി പ്രതിനിധി ഇല്ലാത്തതിന്റെ പോരായ്മ നികത്തുകയാണ് ഗവര്‍ണര്‍. ഇതിനായി രാജ്ഭവനെയും ഗവര്‍ണര്‍ പദവിയെയും ഉപയോഗിക്കുന്നുവെന്നും എഡിറ്റോറിയല്‍ വിമര്‍ശിക്കുന്നു.
സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. ഇതിനു മുമ്പ് പലപ്പോഴും അദ്ദേഹം രാജ്ഭവനെ രാഷ്ട്രീയവേദിയാക്കുന്നതിന് ശ്രമിച്ചിരുന്നതാണ്. കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ നീക്കാതെ നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കില്ലെന്നു വാശിപിടിച്ച സന്ദര്‍ഭമുണ്ടായിട്ടുണ്ട്. എന്നാല്‍ ഭരണഘടനാപരമായ ബാധ്യതയാണ് നയപ്രഖ്യാപനം ഗവര്‍ണര്‍ വായിക്കുക എന്നതിനാല്‍, വാശിക്കൊടുവില്‍ വഴങ്ങേണ്ടിവന്നതും കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാതെ ഒഴിവാക്കിയതുമെല്ലാം ആരിഫ് മുഹമ്മദ്ഖാന്‍ വന്നതിനുശേഷം നടന്നതാണ്. വായിച്ചില്ലെങ്കിലും അത് സഭാരേഖകളിലുണ്ടാകുമെന്നതിനാല്‍ മുഹമ്മദ്ഖാന്‍ ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യനാകുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ജനവിരുദ്ധമായ നടപടികള്‍ക്കെതിരെ സംസ്ഥാനത്തിന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നതിന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കില്ലെന്ന് വാശി പിടിച്ചതും നാം മറന്നിട്ടില്ല. വൈസ് ചാന്‍സലര്‍ നിയമനത്തിനായുള്ള നടപടി വൈകിപ്പിച്ചതും അടുത്തകാലത്താണ്. സംസ്ഥാന മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണത്തെക്കുറിച്ച് കുറ്റം പറഞ്ഞ് നടന്ന ആരിഫ് മുഹമ്മദ് ഖാന് കീഴ്‌വഴക്കങ്ങള്‍ക്കു വിരുദ്ധമായി ബി.ജെ.പി നേതാവിനെ മാധ്യമവിഭാഗം സെക്രട്ടറിയായി നിയമിച്ച് ഖജനാവില്‍ നിന്ന് ശമ്പളം നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു മടിയുമുണ്ടായിരുന്നില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.
ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഒട്ടേറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ ജനകീയ സര്‍ക്കാരിനെതിരെ വടിയെടുക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ ആരിഫ് മുഹമ്മദ്ഖാനെന്ന ഗവര്‍ണര്‍ക്കുതന്നെ പല തവണയുണ്ടായിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
2022ലെ കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സ്, വ്യവസായ ഏകജാലക ബോര്‍ഡും വ്യവസായ ടൗണ്‍ഷിപ്പ് വികസനവും തദ്ദേശഭരണ പൊതുസര്‍വീസ് തുടങ്ങിയ 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ അനാവശ്യമായ പിടിവാശിയില്‍ അസാധുവായത്. പൊതുജനാരോഗ്യവും അധികാരവികേന്ദ്രീകരണവും വ്യവസായ വികസനവും ലക്ഷ്യംവച്ചുള്ള ഭേദഗതി ഓര്‍ഡിനന്‍സുകളാണ് മേല്പറഞ്ഞ മൂന്നെണ്ണവും. ചില ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭ അംഗീകരിച്ച് സമര്‍പ്പിച്ചപ്പോള്‍ ഒപ്പിടില്ലെന്ന് പരസ്യപ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും രണ്ടാമതും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഒപ്പിട്ടുനല്‍കണമെന്ന അധികാരമേ ഗവര്‍ണര്‍ക്കുള്ളൂ എന്നതിനാല്‍ അദ്ദേഹത്തിന് തന്റെ നിലപാട് മാറ്റേണ്ടിവരികയായിരുന്നു. അതുകൊണ്ട് ഇത്തവണ ഒപ്പിടേണ്ട സമയത്തിന് മുമ്പ് അതുചെയ്യാതെ അസാധുവാക്കുകയെന്ന നികൃഷ്ട മാര്‍ഗമാണ് സ്വീകരിച്ചത്. ഇതില്‍ നിന്നും വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകല്‍ പോലെ വ്യക്തമാകുന്നു. മാത്രവുമല്ല ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍കൂടി ശരിയാണെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നുവെന്നും മുഖപ്രസംഗം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."