എങ്ങുമെത്താതെ അന്വേഷണങ്ങള്‍
2021 ജൂണ്‍ 21, കോഴിക്കോട്--- പാലക്കാട് ദേശീയപാത രാമനാട്ടുകര പുളിഞ്ചോട്ടില്‍ പുലര്‍ച്ചെ വാഹനാപകടം. ചെര്‍പ്പുളശ്ശേരി സ്വദേശികളായ അഞ്ച് യുവാക്കൾ അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. അപകടം അന്വേഷിക്കാനെത്തിയ പൊലിസിന് മണിക്കൂറുകള്‍ക്കകം ചുരുളഴിക്കേണ്ടി വന്നത് സ്വര്‍ണക്കടത്തുകാരുടെ കുടിപ്പകയുടെ കഥയാണ്. ഒപ്പം രാഷ്ട്രീയ ബന്ധങ്ങളുടേയും. ഒരൊറ്റ കേസില്‍ മൂന്ന് മാസത്തനിടെ പൊലിസ് പിടികൂടിയത് 68 പേരെയാണ്. 25 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ദുബൈയില്‍ നിന്ന് അരീക്കോട് സ്വദേശി കൊണ്ടുവന്ന സ്വര്‍ണം സ്വീകരിക്കാനെത്തിയ കൊടുവള്ളിയില്‍ നിന്നുള്ള സംഘം, വഴിയില്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ ടീം, സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കണ്ണൂരില്‍ നിന്നുള്ള മുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം. സ്വര്‍ണം കടത്തി കൊണ്ടുവന്ന യാത്രക്കാരന്‍ അര്‍ജുന്‍ ആയങ്കിക്ക് വിവരം നല്‍കി. ഇതിനായി ഇയാള്‍ വിമാനത്താവള പരിസരത്തെത്തി. എന്നാല്‍ ഇതിനകം കസ്റ്റംസ് യാത്രക്കാരനില്‍ നിന്ന് 1.11 കോടിയുടെ സ്വര്‍ണം പിടികൂടിയിരുന്നു. ഇതറിഞ്ഞ അര്‍ജുന്‍ വിമാനത്താവളത്തില്‍ നിന്ന് തിരികെ മടങ്ങി. ഇതിനിടെ ക്വട്ടേഷന്‍ സംഘങ്ങള്‍ തമ്മില്‍ വിമാനത്താവള റോഡില്‍ വാക്കേറ്റവും കുപ്പിയേറും. രാമനാട്ടുകര വരെ പിന്തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി സംഘം തിരിച്ച് മടങ്ങുമ്പോഴാണ് പുളിഞ്ചോട്ടില്‍ അപകടത്തില്‍ പെട്ട് അഞ്ച് പേര്‍ മരിച്ചത്. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലിസിനെ വധിക്കാന്‍ വരെ പദ്ധതിയിട്ടിരുന്നു. കണ്ണൂരിലെ മുതിർന്ന സി.പി.എം നേതാക്കളുമായി ബന്ധമുള്ള അര്‍ജുന്‍ ആയങ്കി സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന്റെ കാലാവധി കഴിഞ്ഞിട്ടും ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ജൂലൈ 30നകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. കേസില്‍ തുടന്വേഷണങ്ങള്‍ ഇപ്പോഴും തുടരുന്നു.
കൂട്ടിരിക്കുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും
ഒരാഴ്ച മുമ്പാണ് കരിപ്പൂരിലെ കസ്റ്റംസ് സൂപ്രണ്ട്, ഹവീല്‍ദാര്‍ ഉള്‍പ്പടെ രണ്ട് പേരെ യാത്രക്കാരനില്‍ നിന്ന് സ്വര്‍ണം അപഹരിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കണ്ണൂരിലും കൊച്ചിയിലും സമാനമായ സംഭവങ്ങള്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. മൂന്ന് ദിസവം മുമ്പ് കരിപ്പൂരില്‍ ശുചീകരണ തൊഴിലാളിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണക്കടത്തുകാര്‍ക്ക് ഇടത്താവളമൊരുക്കുന്ന സംഘം വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കസ്റ്റംസിന്റേയും പൊലിസിന്റേയും അന്വേഷണങ്ങളില്‍ പലതവണ കണ്ടെത്തിയതാണ്.
കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്വര്‍ണക്കടത്ത് ഇടനിലക്കാരായി പിടികൂടിയത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്. താല്‍ക്കാലിക ജീവനക്കാരന്‍ മുതല്‍ വിമാനക്കമ്പനി മാനേജര്‍, എയര്‍ ഹോസ്റ്റസ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വരെ സ്വര്‍ണക്കടത്തിന് ഇടനിലക്കാരായി പ്രവർത്തിക്കുന്നതിനിടെ പിടിയിലായിട്ടുണ്ട്. സ്വര്‍ണവുമയി വിമാനമിറങ്ങി വരുന്ന യാത്രക്കാരനില്‍ നിന്ന് ഇവ രഹസ്യമായി വാങ്ങി വിമാനത്താവളത്തിന് പുറത്തുകടത്തുന്നത് ഇത്തരം ഇടനിലക്കരാണ്. വിമാനത്തിന്റെ ബാത്ത് റൂമിലും മാലിന്യത്തിലും വിമാനത്താവള ഗോവണിയുടെ ചുവട്ടിലും ശുചിമുറിയിലും മാലിന്യക്കുഴിയില്‍ നിന്നടക്കം സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരന്റെ ഫോട്ടോ വാട്ട്‌സ് ആപ്പ് വഴി അയച്ചാണ് കള്ളക്കടത്ത് സംഘം വിമാനത്താവളത്തിലെ സഹായികള്‍ക്ക് നല്‍കുന്നത്. മാലിന്യങ്ങളിലൂടെ സ്വര്‍ണക്കട്ടികള്‍ പുറത്തേക്ക് കടത്തുന്ന തന്ത്രം അടുത്തിടെയാണ് കസ്റ്റംസിന് കണ്ടെത്താനായത്. വിമാനമിറങ്ങി വന്ന യാത്രക്കാരന്‍ കസ്റ്റംസ് ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പായി തന്നെ കള്ളക്കടത്ത് സഹായികളായി പ്രവർത്തിക്കുന്നവര്‍ ഇത് വാങ്ങി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നു.
ചെറുമീനുകളില്‍ ഒതുങ്ങുന്ന അന്വേഷണങ്ങള്‍
സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് ലഭിച്ചിരുന്ന രഹസ്യവിവരങ്ങള്‍ ഇപ്പോള്‍ പൊലിസിനും ലഭിക്കുന്നുണ്ട്. ഏഴ് മാസത്തിനിടെ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ 30 കിലോ സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് വച്ച് പിടിച്ചത് പൊലിസാണ്. എന്നാല്‍ പൊലിസിന് ഇത്തരം കേസില്‍ തുടരന്വേഷണത്തിന് സാധ്യമല്ല. പൊലിസ് പിടിക്കുന്ന സ്വര്‍ണം കസ്റ്റംസിനെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേസില്‍ പിടിയിലാവുന്നത് ചെറിയ സംഘങ്ങളാണ്. വിദേശത്ത് നിന്ന് നിയന്ത്രിക്കുന്ന കള്ളക്കടത്ത് സംഘത്തിലെത്തും മുമ്പ് തന്നെ അന്വേഷണം മുരടിക്കുന്നു.
ഒരു കിലോ സ്വര്‍ണം നികുതി വെട്ടിച്ച് കടത്തിയാല്‍ അഞ്ച് ലക്ഷം രൂപവരെയാണ് ലാഭം. സ്വര്‍ണക്കടത്തിലൂടെ കോടികളുടെ ഹവാല പണം കേരളത്തിലേക്ക് ഒഴുകുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം. സ്വര്‍ണക്കടത്ത് വര്‍ധിച്ചതോടെ സ്വര്‍ണം നികുതി അടച്ച് ഇറക്കുമതി ചെയ്യുന്നതിന് വന്‍കിട ജ്വല്ലറികള്‍ പോലും തയാറാവുന്നില്ലെന്ന് കസ്റ്റ്‌സ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. നേരത്തെ 4500 കിലോ വരേ സ്വര്‍ണം നികുതി അടച്ച് ഇറക്കുമതി ചെയ്തിരുന്ന കരിപ്പൂരില്‍ നിലവില്‍ ആരും ഇതിന് തുനിയുന്നില്ല. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് തടയിടാനുള്ള ശ്രമത്തിലാണ് കസ്റ്റംസും മറ്റു ഇതര ഏജന്‍സികളും. ഇതിനായി ഗള്‍ഫിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നൂതന സംവിധാനം ഒരുക്കാനാണ് കസ്റ്റംസ് ശ്രമം. ഗള്‍ഫില്‍ നിന്ന് സ്വര്‍ണവുമായി എത്തുന്ന യാത്രക്കാരനെ സംബന്ധിച്ച് രഹസ്യവിവരം കസ്റ്റംസിന് ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ സ്വര്‍ണക്കടത്തും പിടികൂടാനാവുന്നത്.
ഇതിനെ നേരിടാന്‍ കള്ളക്കടത്തു സംഘം ആഭ്യന്തര-അന്താരാഷ്ട്ര വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി വിമാനങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ച് കള്ളക്കടത്ത് നടത്താന്‍ തുനിയുന്നുണ്ടെങ്കിലും ഇവയും പിടിക്കപ്പെടുന്നുണ്ട്. സ്വര്‍ണ ഭ്രമം കേരളീയരില്‍ കുറയുന്ന നാള്‍ തൊട്ടാണ് സ്വര്‍ണക്കടത്തിനും പൂര്‍ണമായും തടയിടാനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."