വർധിപ്പിക്കേണ്ടത് ജനാധിപത്യത്തിന്റെ ബാൻഡ്‌വിഡ്ത്ത്
ദാമോദർ പ്രസാദ്
ഇന്റർനെറ്റ് ഉപഭോഗത്തിനുള്ള ഡാറ്റയുടെ സഞ്ചാരത്തെ പൈപ്പിലൂടെ ഒഴുകുന്ന വെള്ളമായി സങ്കൽപിച്ചാൽ പൈപ്പിന്റെ അകവിസ്തൃതി കൂടുന്തോറും കൂടുതൽ വെള്ളത്തിന് ഇതിലൂടെ പ്രവഹിക്കാൻ സാധിക്കും. ഇതുപോലെയാണ് ഡാറ്റയുടെ കാര്യവും. 4 ജിയിൽ നിന്ന് 5 ജിയാകുമ്പോൾ ഡാറ്റയുടെ ഒഴുക്കിനുള്ള വിസ്തൃതിയും വേഗതയും വർധിക്കുകയാണ്. ഇതിനെയാണ് ബാൻഡ്‌വിഡ്ത്തിന്റെ (bandwidth) വർധനയെന്ന് വിളിക്കുന്നത്. എന്നാൽ വിസ്തൃതി കൂട്ടുകയും ഇതിലൂടെ സഞ്ചരിക്കേണ്ട ഡാറ്റ തടയപ്പെടുകയും ചെയ്താൽ ഈ ബാൻഡ്‌വിഡ്ത്ത് വ്യാപ്തിയുടെ വർധനവുകൊണ്ടു യാതൊരു പ്രയോജനവുമില്ല. ബാൻഡ്‌വിഡ്ത്ത് കൂട്ടുന്നതും ഡാറ്റ നിയന്ത്രിക്കുന്നതും സർക്കാരാണ്. ഡാറ്റ സേവനദാതാക്കളായ ടെലികോം കമ്പനികൾകക്ക് ഡാറ്റ ഉപഭോഗം നിയന്ത്രിക്കാൻ സാധിക്കും. ഉദാഹരണം നോക്കുക: നമ്മുക്കെല്ലാം 4 ജി കിട്ടിക്കൊണ്ടിരുന്ന സമയത്ത് ആർട്ടിക്കിൾ 370 പിൻവലിക്കപ്പെട്ട കശ്മിരിൽ 2 ജി സേവനം മാത്രമേ അനുവദിച്ചിരുന്നുളൂ, മഹാമാരിയുടെ സമയത്തു വിദ്യാർഥികൾ ഓൺലൈനിൽ വിഡിയോ ക്ലാസുകളിൽ പങ്കെടുത്തിരുന്ന സമയത്തു 2 ജി പരിധി ഓൺലൈൻ ക്ലാസുകളെ അപ്രാപ്യമാക്കി. രാഷ്ട്രീയ കാര്യങ്ങളാണ് ഡാറ്റയുടെ ഇന്റർനെറ്റിന്റെ നിയന്ത്രണത്തിലേക്ക് നയിക്കുന്നത്. സാങ്കേതിക ബാൻഡ്‌വിഡ്ത്തുപോലെ പ്രധാനമാണ് ജനാധിപത്യത്തിന്റെ ബാൻഡ്‌വിഡ്ത്തും.
5 ജി സ്‌പെക്ട്രത്തിന്റെ ലേലം വിളി നടന്ന ദിവസങ്ങളിൽ തന്നെയാണ് രാജ്യങ്ങളിക്കിടയിൽ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനം തടസ്സപ്പെടുത്തിയ രാജ്യമെന്ന നിലയിലുള്ള ബഹുമതി ലോക ജനാധിപത്യത്തിന്റെ മാതാവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ച ഇന്ത്യക്ക് ലഭിച്ചത്. 5 ജി ലേലം വലിയ തുകയ്ക്കാണ് നടന്നത്. 1.50,173 ലക്ഷം കോടി രൂപയാണ് പൊതുഖജനാവിലേക്ക് വരവുവച്ചത്. ഇത്രയും വൻ തുകയ്ക്ക് നടക്കുന്ന ആദ്യ ലേലമാണിത്. ഇത്തവണത്തെ ലേലം വിളിയുടെ പ്രത്യേകത ടെലികോം മേഖലയുടെ പുറത്തുനിന്ന് അദാനി ഇതിൽ പങ്കെടുത്തവെന്നാണ്. മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം അഭിവൃദ്ധിയുടെ പടവുകൾ കയറുന്ന അദാനി ഗ്രൂപ്പ് വ്യവസായത്തിന്റെ സവിശേഷ മേഖലകളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയാണ്. എന്നിരുന്നാലും പ്രതീക്ഷിച്ച പോലെ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയാണ് 88,078 ലക്ഷം കോടി രൂപയ്ക്ക് ലേലം വിളിയിൽ ഒന്നാമതെത്തി മേൽകൈ നേടിയത്.
ലേലം വിളിയിൽ പൊതുമേഖലാ സ്ഥാപനങ്ങളായ ബി.എസ്.എൻ.എല്ലിനും എം.ടി.എൻ.എല്ലിനും പങ്കെടുക്കാൻ അവസരം നൽകിയരുന്നില്ല. നവഉദാരവൽക്കരണത്തിനു ശേഷം പൊതുമേഖലകൾ ഈ രീതിയിലാണ് വിവേചനം നേരിടുന്നത്. മത്സരാധിഷ്ഠിതമായി മുന്നേറാൻ എന്തുകൊണ്ടും പ്രാപ്തമായ പൊതുമേഖലയെ പുതിയ മാനദണ്ഡങ്ങൾ വ്യവസ്ഥചെയ്തുകൊണ്ടു അതിന്റെ മത്സരശേഷിയെ സങ്കോചിപ്പിക്കുന്നു. സർവവിധ പിന്തുണയോടെ പ്രവർത്തിക്കുന്ന കോർപറേറ്റുകൾകളുടെ മത്സരമികവ് ഇത്തരത്തിലുള്ള അസമത്വത്തിന്റെയും വിവേചനത്തിന്റെയും സൃഷ്ടിയാണ്. 2 ജി വ്യാപകമായ ഘട്ടത്തിൽ ബി.എസ്.എൻ.എൽ മത്സരത്തിൽ മുൻപന്തിയിലായിരുന്നു. ഇത് കോർപറേറ്റ് ടെലികോം കമ്പനികളുടെ വിപണി സ്വാധീനത്തെ ക്ഷീണിപ്പിച്ചു. അവിടെ മുതൽക്ക് പൊതുമേഖല ടെലികോം വിവേചനം നേരിടുകയാണ്. ഇത്രയും പ്രതിസന്ധി നേരിട്ടിട്ടും സാങ്കേതികമായി നവീകരണത്തിനുള്ള തടസ്സങ്ങൾ ഏറെയുണ്ടായിട്ടും ഇപ്പോഴും പൊതുജന വിശ്വാസ്യതയുടെ കാര്യത്തിൽ പൊതുമേഖല ടെലികോം കമ്പനികൾ തന്നെയാണ് മുന്നിൽ.
നേരത്തെ സൂചിപ്പിച്ച പോലെ, ടെലികോം രംഗത്തേക്ക് അദാനിയുടെ കടന്നുവരവ് നിലവിൽ വിപണിയിൽ സ്വാധീനമുറപ്പിച്ചിരിക്കുന്ന ടെലികോം കമ്പനികളെ ആദ്യമൊന്നു ആശങ്കപ്പെടുത്തിയിരുന്നു. ഇപ്പോൾ അവകാശപ്പെടുന്നത് പോലെ സ്വകാര്യമേഖലയുടെ ആവശ്യത്തിനാണ് ലേലത്തിൽ പങ്കെടുത്തതെന്നു അറിയിച്ചിരുക്കുന്നതെങ്കിലും ടെലികോം രംഗത്തേക്ക് അദാനി കോർപറേറ്റ് മുന്നോട്ടുവന്നിരിക്കുന്നു എന്നതാണ് യാഥാർഥ്യം. ഇതിനെ ഒരു ഇംഗ്ലീഷ് ശൈലി കടമെടുത്തു പറഞ്ഞാൽ ടെസ്റ്റിങ് ദ വാട്ടേഴ്‌സ് ആണ്. ഇറങ്ങുന്നതിനു മുമ്പ് ഈ മേഖലയുടെ ഗുണഭോഗങ്ങളെ പരിശോധിക്കുന്നത് സാധാരണ ബിസിനസ് തന്ത്രമാണ്. ഒരുകാര്യം വ്യക്തമാണ് കോർപറേറ്റുകളുടെ കൈകളിൽ "സുരക്ഷിത'മായിരിക്കുന്നു പൊതുജനത്തിന്റെ ഡാറ്റ ഉപഭോഗം. ഇന്റർനെറ്റ് സേവനങ്ങളുടെ സ്വഭാവവും ആവശ്യകതയും കോർപറേറ്റിന്റെ വിപണി താൽപര്യങ്ങൾക്കനുസരിച്ചു നിയന്ത്രിതമാകും. ഈ മേഖലയിൽ നടക്കേണ്ട നവീകരണം പോലും അവരുടെ ലാഭം മുൻഗണിച്ചായതിനാൽ പൊതുതാൽപര്യങ്ങൾക്ക് ഇത് എത്രകണ്ട് ഉപകാരപ്രദമാകുമെന്ന് പറയാൻ കഴിയില്ല. മാത്രവുമല്ല, ഡാറ്റ അസമത്വവും വലിയ തോതിൽ വ്യാപിക്കുകയും ചെയ്യും. ഇത് ഭാവിയിൽ സൃഷ്ടിക്കുക സാമ്പത്തികമായി വലിയ അന്തരങ്ങൾ നിലനിൽക്കുന്ന സമൂഹങ്ങളെയായിരിക്കും.
ഡിജിറ്റൽ ചേരിവൽക്കരണത്തിന്റെ മറ്റൊരു പ്രകരണമായി വേണം ഇന്റർനെറ്റ് അടച്ചുപൂട്ടലിനെയും (shut down) കാണേണ്ടത്. ജനാധിപത്യവിരുദ്ധമായ നടപടിയാണിതെന്നു വളരെ പ്രകടമായ കാര്യമാണ്. സാമ്പത്തികമായും ഞെരുക്കാനാണ് ഈ നടപടികൊണ്ടുദ്ദേശിക്കുന്നത്. മിക്ക സേവനങ്ങൾ ഡാറ്റാധിഷ്ഠിതമാകയാൽ ഇന്റർനെറ്റ് തടസപ്പെടുത്തുന്നത് ജനജീവിതത്തെ പൊടുന്നനെ ബാധിക്കുന്നു. വാർത്താ വിനിമയങ്ങളിൽ സംഭവിക്കുന്ന തടസമായി മാത്രം മനസ്സിലാക്കുന്നത് ഇതിന്റെ മറ്റു പ്രത്യാഘാതങ്ങളെ മനസ്സിലാക്കാതെ പോകുന്നതിനു കാരണമാകുന്നു. ഒരുഭാഗത്തു വിപണിയുടെ കടന്നുവരവിനായി എല്ലാ നിയന്ത്രണങ്ങളുമെടുത്തുകളയുകയും ചെറുതും വലുതുമായ സമ്പദ്‌വ്യവസ്ഥയെ തുറന്നുകൊടുക്കുകയും ചെയ്തിരിക്കുന്നു. ഇന്ന് ആഗോളീകരണമെന്നു വിവക്ഷിക്കുന്നത് ശൃംഖല സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാവുക എന്നതുകൂടിയാണ്. ഈ രീതിയിൽ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന വ്യവസ്ഥയിൽ നിന്ന് ഒരു പ്രത്യേക പ്രദേശത്തെ വിച്ഛേദിക്കുമ്പോൾ ശ്വാസംമുട്ടിക്കുന്ന അവസ്ഥയാണ് സംജാതമാകുന്നത്. ഇന്റർനെറ്റിന്റെ ഉപയോഗത്തെ തടസ്സപ്പെടുന്ന ഭരണകൂടം ഇതുകൂടി മനസ്സിലാക്കി തന്നെയാണ് ചെയ്യുന്നത്.
മണിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇന്റർനെറ്റ് തടസ്സപ്പെടുത്തിയിരുന്നു. മണിപ്പൂരിന്റെ മലമ്പ്രദേശങ്ങളിലേക്കുള്ള ഹൈവേ തടഞ്ഞു സാമ്പത്തിക ഉപരോധം തീർത്ത ഗോത്ര വിദ്യാർഥി സംഘടനയുടെ സമരത്തെ ഭരണകൂടം നേരിട്ടത് ഇന്റർനെറ്റ് അടച്ചുപൂട്ടിക്കൊണ്ടാണ്. റോഡ് തടയുക എന്ന സമരമാർഗം സംഘടനകൾക്ക് സംഘടിപ്പിക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഭൗതിക പ്രതിരോധങ്ങളെ ഭരണകൂടത്തിന് തന്നെ ശക്തി പ്രയോഗിച്ചു നീക്കാവുന്നതുമാണ്. എന്നാൽ ഇന്റർനെറ്റ് നിയന്ത്രിക്കുക ഭരണകൂടത്തിനും കോർപറേറ്റ് സേവനദാതാക്കൾക്കും മാത്രം സാധ്യമായ കാര്യമാണ്. ഇന്റർനെറ്റ് ഉപയോഗം തടയുന്നത് പ്രത്യേക വിവരങ്ങളുടെ വിനിമയം തടയാനാണെങ്കിൽ ഇതേ വിവരങ്ങൾ കൈമാറാൻ സ്വകാര്യ മാർഗങ്ങളിലൂടെ സാധ്യമാണ്. ആയതിനാൽ ഇന്റർനെറ്റ് ഉപയോഗത്തിന്റെ തടസ്സപ്പെടുത്തൽകൊണ്ടു പ്രത്യേകിച്ചൊരു ഫലവുമില്ല. എന്നാൽ ഇന്റർനെറ്റ് തടസ്സപ്പെടുത്തുക ഒരു ശിക്ഷാനടപടി എന്ന നിലയിൽ പൊതുജനത്തെ മുഴുവനായും നിശ്ചലമാക്കുക (immobilize) എന്നാണ് ഭരണകൂടം ലക്ഷ്യംവയ്ക്കുന്നത്.
ഇന്റർനെറ്റിനെ അടിസ്ഥാന അവകാശമായി 2017ൽ കേരളത്തിലെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അനുകരണീയമായ സമീപനമാണിത്. ഭരണഘടനാദത്തമായ പല മൗലിക അവകാശങ്ങളെ സ്പർശിക്കുന്നതാണ് ഡാറ്റ ഉപയോഗത്തിനുള്ള അവകാശം. ഭരണകൂടത്തിന്റെ ഇന്റർനെറ്റ് നിയന്ത്രണങ്ങൾക്കും ഡാറ്റ ഉപയോഗവുമായി ബന്ധപ്പെട്ടുള്ള കോർപറേറ്റ് ചൂഷണത്തിനുമെതിരേ ഡാറ്റാ നീതി (data justice) പ്രസ്ഥാനം സജീവമാകേണ്ടതുണ്ട്. രാജ്യത്തിന്റെ പൊതുസമ്പത്തായ സ്‌പെക്ട്രമാണ് കോർപറേറ്റുകൾക്ക് കൈമാറിയിരുന്നത്. സ്‌പെക്ട്രം പൊതുമയിൽപ്പെടുന്നതാണെന്ന ബോധം ജനതയെ തെല്ലുപോലും അലട്ടുന്നില്ല. മുതലാളിത്ത പ്രത്യയശാസ്ത്രം ഡാറ്റ എന്നത് കോർപറേറ്റുകളുടെ സ്വകാര്യ സ്വത്താണെന്നുള്ള ധാരണയാണ് മനസ്സിലേക്ക് പകർത്തിയിട്ടുള്ളത്. ഇതേപോലെ നമ്മൾ ഉൽപാദിപ്പിക്കുന്ന ഡാറ്റ (വിവരങ്ങൾ) വ്യക്തികളുടെ അനുമതിയില്ലാതെ പുനരുപയോഗിക്കാനും പാടില്ലെന്നുള്ള ധാരണയും രൂഢമൂലമാക്കേണ്ടതുണ്ട്. ഡാറ്റ വിവേചനത്തിന്റെ സാമൂഹികതയും രാഷ്ട്രീയവും തിരിച്ചറിയുന്നതോടെ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഭരണകൂടത്തിന്റെ മർദന നയമാണെന്നും മനസ്സിലാകും. ഇന്റർനെറ്റ് ഷട്ട്ഡൗണിനെ സംബന്ധിച്ച് ഉന്നത നീതിപീഠം വിശദമായി പരിശോധിക്കണം. മൗലികാവകാശം എന്ന നിലയിൽ ഭരണഘടന ബെഞ്ച് തന്നെ കൃത്യമായ വ്യവസ്ഥകൾക്ക് രൂപംനൽകേണ്ട സമയം ആസന്നമായിരിക്കുന്നു. ഇതിൽ സംഭവിച്ചേക്കാവുന്ന വിളംബം ജനാധിപത്യത്തിന് തന്നെ ഹാനികരമാകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."