ഏഴര പതിറ്റാണ്ട് സഞ്ചരിച്ച സ്വാതന്ത്ര്യം
വെള്ളിപ്രഭാതം
നാസർ ഫൈസി കൂടത്തായി
അവസാനത്തെ ഇന്ത്യക്കാരൻ്റെയും കണ്ണീരൊപ്പുമ്പോഴാണ് സ്വാതന്ത്ര്യം അർഥപൂർണമാവുന്നതെന്ന് പറഞ്ഞത് മഹാത്മാഗാന്ധിയാണ്. ബ്രിട്ടനെതിരായ സമരഭാഗമായി ഉപ്പുസത്യഗ്രഹം ഗാന്ധി പ്രഖ്യാപിച്ചപ്പോൾ ആരവമില്ലാത്ത സമരമാണെന്ന് പറഞ്ഞ് തിരുത്താൻ എ.ഐ.സി.സിപോലും ആവശ്യപ്പെട്ടിരുന്നു.ഗാന്ധി പറഞ്ഞു: രാജ്യത്തെ അവസാന പൗരനെയും പങ്കാളിയാക്കുകയാണ് ഉപ്പ്, അതുതന്നെ വേണം സമരായുധം. മൗണ്ട് ബാറ്റൺ പ്രഭു ഗാന്ധിയെ കാണാൻ ഒരിക്കൽ അദ്ദേഹത്തിന്റെ ആശ്രമത്തിൽ വന്നു. ഗ്രാമീണ കുടുംബത്തിന്റെ വിഷയത്തിൽ ഇടപെട്ട് സംസാരിക്കുന്നതാകയാൽ ഒന്നര മണിക്കൂറിന് ശേഷമാണ് ഗാന്ധിയെ കാണാൻ മൗണ്ട് ബാറ്റന് സാധിച്ചത്. തുടർന്ന് അദ്ദേഹം പറഞ്ഞു: ബാപ്പൂ! ഞാനീ രാജ്യത്തിന്റെ ഗവർണർ ജനറലാണെന്ന കാര്യം താങ്കൾ മറന്നോ?'. ഗാന്ധിജി മറുപടി പറഞ്ഞു: "ആയിരിക്കാം പക്ഷേ ഈ രാജ്യം ആ ഗ്രാമീണരുടേതാണ് '.
പട്ടേലടക്കമുള്ളവരെ പിന്തള്ളി പല കാര്യത്തിലും വിയോജിപ്പുണ്ടായിരുന്ന നെഹ്റുവിനെ പ്രധാനമന്ത്രിയാക്കാൻ ഗാന്ധിജിക്കുണ്ടായിരുന്ന കാരണം അദ്ദേഹത്തിൻ്റെ മതേതര ചിന്തയാണ്. 1930ൽ ഗാന്ധിജി പറഞ്ഞിരുന്നു മതമില്ലാത്ത രാഷ്ട്രീയം അധാർമികമാണെന്ന്. അതിനദ്ദേഹം രാമരാജ്യത്തെ മുന്നിൽവച്ചു. ഗാന്ധിയുടെ രാമൻ നീതിയാണ്, അരുതെന്ന കരുണയാണ്. എന്റെ മനസ്സിലെ സത്യബോധം ഉടലണിഞ്ഞ് വന്നതാണ് രാമനെന്ന് ഗാന്ധി പറഞ്ഞു. പക്ഷേ പിന്നെ രാമനിൽ രൗദ്രതയും രാമരാജ്യത്തിൽ തീവ്രദേശീയതയും ചിലർ വളർത്തിയപ്പോഴാണ് 1948 ജനുവരി രണ്ടിന് കൽക്കത്തയിൽവച്ച് അദ്ദേഹം പറഞ്ഞു: "ഒരൊറ്റ ദിവസം ഞാനീ രാഷ്ട്രത്തിന്റെ ഭരണാധികാരിയായാൽ ആദ്യം ചെയ്യുക മതത്തെയും രാഷ്ട്രത്തെയും സമ്പൂർണമായി വേർതിരിക്കുകയായിരിക്കും'.
സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി മതത്തെ അടിസ്ഥാനപ്പെടുത്തിയ രാഷ്ട്രീയവും ദേശീയതയുമാണ്, ഹിന്ദുത്വത്തിന്റെ തീവ്രദേശീയത. ഞങ്ങൾ ഈ ദേശക്കാർ ഒന്നാണെന്ന ഹിന്ദുത്വ ദേശീയതയെ അംഗീകരിക്കാത്തവരെ പുറത്താക്കുന്ന സങ്കുചിത മനോഭാവം.
ഹിന്ദുത്വത്തിന്റെ മുസ്‌ലിം വേട്ട
വിഭജനത്തിന്റെ പേരിൽ ന്യൂനപക്ഷ മുസ്‌ലിം സമുദായം അനുഭവിച്ച നരവേട്ട വിവരണങ്ങൾക്കപ്പുറമാണ്. ഇന്നത് എത്തിനിൽക്കുന്നത് അധികാരത്തിന്റെ പിൻബലത്തിലും. പെരുന്നാളിന്റെ തലേദിവസം പുതുവസ്ത്രങ്ങൾ വാങ്ങാൻ ഹരിയാനയിൽ നിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര ചെയ്ത പതിനാറുകാരൻ ജുനൈദിനെ ഗോ സംരക്ഷസേനയുടെ പ്രവർത്തകർ കൊന്നുതള്ളിയത് ഞെട്ടലോടെയാണ് ഇന്ത്യയിലെ ജനത കേട്ടത്. പച്ച മനുഷ്യരെ അടിച്ചുകൊല്ലുന്ന രീതി ഇന്ത്യയിലെ ഫാസിസ്റ്റുകൾ ശക്തിപ്പെടുത്തിയത് മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ്. 28 കൊലകൾ പശുവിന്റെ പേരിൽ നടന്നപ്പോൾ അതിൽ 24 പേർ മുസ്‌ലിം സമുദായത്തിൽ പെട്ടവരായത് യാദൃച്ഛികമല്ല. ജുനൈദിൻ്റെ കൊലയ്ക്ക് കാരണം അവൻ്റെ സ്വത്വമാണ്. ഖുർആൻ മനഃപാഠമാക്കിയ തൊപ്പിധരിച്ചവർ പശുവിനെ തിന്നുന്നവരാണെന്നും അതിനാൽ അവരെ കൊന്നു തള്ളേണ്ടതാണെന്നുമുള്ള പാഠം പഠിപ്പിക്കപ്പെട്ടവർ തീർച്ചയായും അവരുടെ വീരകൃത്യം നടപ്പിലാക്കിയെന്നേയുള്ളൂ. ഈ അറുകൊല നടക്കുമ്പോൾ ട്രെയിനിലെ സഹയാത്രികർ നിസ്സഹായരായി നോക്കിനിൽക്കുന്ന ഗതികേട് രാജ്യം ഏത് ദിശയിലേക്ക് നീങ്ങുന്നു എന്നുള്ളതിന്റെ സൂചനയാണ്.
മകൻ അവധിക്ക് നാട്ടിൽ വരുമ്പോൾ നൽകാനായി ഫ്രിഡ്ജിൽ ആട്ടിൻ്റെ മാംസം കരുതിവച്ചതിന് മുഹമ്മദ് അഖ്‌ലാഖിനെ പച്ചക്ക് തല്ലിക്കൊന്ന ഗോരക്ഷകർ. കുടുംബത്തിന് അന്നം കണ്ടെത്താൻ ചന്തയിൽ കാളകളെ കൊണ്ടുപോയ മജ്‌ലൂം അൻസാരിയെ കൊന്ന് കെട്ടിത്തൂക്കി സംഘ്പരിവാർ. അഥവാ രാജ്യം ഡെമോക്രസിയിൽ നിന്ന് മൊബോക്രസിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. ആൾക്കൂട്ടം നിയമം കൈയിലെടുത്ത് കൊലകൾ നടപ്പാക്കുമ്പോൾ നിയമപാലകർ ഇടപെടേണ്ടുന്നതിന് പകരം ആൾക്കൂട്ടത്തിന് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നു.
സ്വാതന്ത്ര്യസമരത്തിൽ
സംഘ്പരിവാർ
രാജ്യനിർമാണത്തിലോ സ്വാതന്ത്ര്യസമരത്തിലോ ഒരു പങ്കുംവഹിക്കാത്തവരാണ് ഇന്ന് ഭാരതത്തെ നിയന്ത്രിക്കുന്നതും തലകീഴായി മറിക്കാൻ പദ്ധതി തയാറാകുന്നതും. സംഘത്തിന്റെ പരമാധിപനായിരുന്ന സവർക്കർ ഇംഗ്ലണ്ടിലായിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂടെയുണ്ടായിരുന്നയാൾ ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ വധിച്ച കേസിൽ പ്രതിയായിരുന്നു. ഇൗ കേസിൽ സവർക്കർ കൂട്ടുപ്രതിയായി. തുടർന്ന് ഇംഗ്ലണ്ടിൽ നിന്ന് നാടുകടത്തുന്നതിനിടെ യാത്രാകപ്പലിൽ നിന്ന് ചാടി രക്ഷപ്പെടാൻ സവർക്കർ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ട് അന്തമാൻ ജയിലിലായി. അവിടെവച്ച് നിരവധി തവണയാണ് ബ്രിട്ടീഷ് സർക്കാരിന് അദ്ദേഹം മാപ്പപേക്ഷ നൽകിയത്. "കഴിഞ്ഞകാലങ്ങളിൽ ചെയ്ത സകല അപരാധങ്ങൾക്കും മാപ്പു ചോദിക്കുന്നു. ഞാൻ ബ്രിട്ടീഷിന് വിധേയപ്പെട്ടോളാം. എന്നെ വിട്ടയച്ചാൽ ഞാനും എന്റെ കൂടെയുള്ള പതിനായിരക്കണക്കിനും യുവാക്കളും ബ്രിട്ടീഷ് സർക്കാരിനെ ശക്തിപ്പെടുത്താനും സർക്കാർ വിരുദ്ധരെ നേരിടാനും മുന്നിൽ നിന്നോളാം' തുടങ്ങിയ വരികളാണ് മാപ്പപേക്ഷയിൽ നൽകിയത്. മാപ്പ് സ്വീകരിച്ച് വിട്ടയച്ചശേഷം ഒരു സ്വാതന്ത്ര്യ സമരത്തിലും സവർക്കർ പങ്കെടുത്തില്ല. ക്വിറ്റ് ഇന്ത്യാ സമരത്തിൽ നിന്നു പോലും മാറിനിൽക്കുക മാത്രമല്ല പരമാവധി "പാര'വച്ചു. ദ്വിരാഷ്ട്രമെന്ന ആശയക്കാരനായിരുന്നു സവർക്കർ. തുടക്കത്തിൽ സമരത്തോട് അരികുപറ്റി നിന്നിരുന്ന ഹെഡ്‌ഗേവാറും 1931 മുതൽ പൂർണമായും പിന്മാറിയെന്ന് ലജ്പത് റായി അഭിപ്രായപ്പെട്ടിരുന്നു. ഹെഡ്‌ഗേവാറിന്റെ പിൻമാറ്റത്തെ എം.എസ് ഗോൾവാൾക്കർ ന്യായീകരിക്കുകയും കോൺഗ്രസിന്റെ സമരത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
വാജ്‌പേയ് ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതായി അദ്ദേഹം അവകാശവാദം നടത്തിയതിനെ ചരിത്രകാരന്മാരായ മാനിനി ചാറ്റർജിയും വി.കെ രാമചന്ദ്രനും പൊളിച്ചടക്കുന്നതായി രാം പുനിയാനി രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിയെ വധിച്ച ഗോഡ്‌സെയുടെ ഹിന്ദുമഹാസഭയും ആർ.എസ്.എസുമായുള്ള ബന്ധം പ്രകടമായി തെളിയിക്കപ്പെട്ടതാണ്.
രാജ്യത്തിന്റെ ത്രിവർണ പതാകയെ ഉൾക്കൊള്ളാത്തവരാണ് സംഘ്പരിവാർ. അത് മൂന്ന് തുണിക്കണ്ടം കൂട്ടിക്കെട്ടിയതാണെന്നും അതിൽ ദേശീയസന്ദേശം തീരെയില്ലെന്നും അടുത്ത കാലത്ത് പറഞ്ഞത് കേരളത്തിെലെ ഒരു തീവ്ര പ്രഭാഷകയാണ്. രാഷ്ട്രത്തിന്റെ പതാക ഭഗ്‌വ ധ്വജ് ("ഓം' ചിഹ്നം അടയാളപ്പെടുത്തിയ കാവി നിറമുള്ള പതാക) ആയിരിക്കണം, അതുവരെ ഞങ്ങൾ ഈ തുണിക്കണ്ടത്തെ ആദരിക്കില്ലെന്ന് പറഞ്ഞിടത്ത്, സ്വാതന്ത്ര്യദിന ഭാഗമായി മൂന്നുദിവസം ദേശീയപതാക എല്ലാ വീടുകളിലും ഉയർത്തണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കേട്ട് നാം അത്ഭുതപ്പെടുന്നു. ഈ മാറ്റത്തിന് പിന്നിലെ പ്രേരികം എന്താണെന്നാണ് ദേശാഭിമാനികൾ ചിന്തിക്കുന്നത്.
ഹിന്ദുത്വ ദേശീയത പ്രഖ്യാപിത ലക്ഷ്യമാക്കിയ സംഘത്തിന്റെ തലവൻ മോഹൻ ഭാഗവത് രണ്ടുവർഷം മുമ്പ് ഫോർമുല പറഞ്ഞിരുന്നു: ഇന്ത്യയിലെ മുഴുവൻ ജനങ്ങളും ഹിന്ദുത്വത്തിന്റെ നാല് വിഭാഗത്തിലൊന്നിൽ പെടും. മുസ്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ദലിതരുമൊക്കെ ഹിന്ദുത്വത്തിന്റെ ഭാഗമാണ്. ദേശീയത ഹിന്ദുത്വമാക്കാനും ഭരണഘടന വിചാരധാരയാക്കാനും ഫോർമുല രൂപപ്പെടുത്തുകയായിരിക്കുമെന്ന് കരുതുമ്പോൾ എല്ലാ മുസ്‌ലിം പള്ളികളിലും നിങ്ങൾ ശിവലിംഗം തേടി പോവേണ്ടെന്ന മോഹൻജിയുടെ നിർദേശത്തിന്റെ പൊരുളറിയാം. ഒന്നായി കൂട്ടുന്നിടത്ത് ഒന്നൊന്നായി ചേർത്തുവയ്ക്കുന്നതിലെ സമയ, അധ്വാന മുതൽ മുടക്കാണ് വേണ്ടെന്നുവയ്ക്കുന്നത്. നാഗ്പൂരിലെ ആസ്ഥാനത്ത് പോലും ദേശീയപതാക ഉയർത്താതിരുന്നവർ കാണിക്കുന്ന അമിതഭ്രമം ഭഗ്‌വ ധ്വജത്തോടുള്ള അകൽച്ചയോ "തുണിക്കണ്ട'ത്തോടുള്ള ഇച്ഛയോ അല്ലെന്നും കരുതിവച്ച അജൻഡയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.
1921ൽ മലബാർ സൂപ്രണ്ടായിരുന്ന റോബർട്ട് ഹിച്ച്‌കോക്ക് (peasant revolt in malabar: History of the malabar Rebellion 1921) ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്- "ഇന്ത്യയിൽ ബ്രിട്ടീഷ് സൈന്യം നേരിട്ട ഏറ്റവും കടുത്ത പരീക്ഷണം ഏറനാട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടമാണ് '. ബ്രിട്ടന്റെ ബൂട്ട് നാവിലേറ്റുവാങ്ങിയവരിൽ നിന്ന് ബ്രിട്ടന്റെ ബുള്ളറ്റ് നെഞ്ചിലേറ്റുവാങ്ങിയ വാരിയംകുന്നൻമാരിലേക്ക് വഴി മാറുന്നതുവരെ മതേതര രാജ്യം പോരാട്ടം തുടരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."