തൊടുപുഴയിലെ നവജാത ശിശുവിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
തൊടുപുഴ: നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിനുള്ളില്‍ ജലാംശം കണ്ടെത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ അമ്മ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് കരിമണ്ണൂരില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അമിത രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി പത്തരയോടെയാണ് രണ്ട് കുട്ടികളുടെ അമ്മ കൂടിയായ യുവതി ഭര്‍ത്താവുമൊന്നിച്ച് തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെ കരിമണ്ണൂര്‍ പൊലിസില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രസവശേഷം കുഞ്ഞിനെ ബക്കറ്റിലുപേക്ഷിച്ചതായി യുവതി വെളിപ്പെടുത്തിയത്. പൊലിസ് നടത്തിയ പരിശോധനയില്‍ മങ്കുഴിയിലെ വീട്ടില്‍ നിന്ന് മരിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അതേസമയം എന്തുകൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലിസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലിസിന് ലഭിച്ച മൊഴി. കഴിഞ്ഞ കുറെ നാളുകളായി ഇരുവരും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നില്ലെന്ന് പൊലിസ് പറയുന്നു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ യുവതിയെ അറസ്റ്റ് ചെയ്യുമെന്നും പൊലിസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."