ഗൗരി ലങ്കേഷിന്റെ കൊലപാതകികള്‍ ഉപയോഗിച്ച ബൈക്ക് അയല്‍വാസി തിരിച്ചറിഞ്ഞു
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് ഗൗരിയുടെ അയല്‍വാസി തിരിച്ചറിഞ്ഞു. ആര്.ആര് നഗറിലെ ഗൗരിയുടെ വീടിന് എതിര്‍വശത്ത് താമസിക്കുന്ന വടക്കന്‍ കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശിയായ വെങ്കണ്ണയാണ് ബൈക്ക് തിരിച്ചറിഞ്ഞത്. വെടിയൊച്ച കേള്‍ക്കുമ്പോള്‍ താന്‍ വീട്ടില്‍ പാചകം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
'വെടിയൊച്ച കേട്ടതോടെ ഓടിച്ചെന്ന് മുന്‍ വാതില്‍ തുറന്നു. ഗേറ്റിലെത്തിയപ്പോള്‍ കറുത്ത പാഷന് പ്രോ ബൈക്കില്‍ രണ്ടുപേര്‍ സുഭാഷ് പാര്‍ക്ക് ഭാഗത്തേക്ക് പോകുന്നത് കണ്ടു. ഇരുവരും പൂര്‍ണമായും മുഖം മൂടുന്ന വിധത്തില്‍ ഹെല്‍മറ്റ് ധരിച്ചിരുന്നു. ഗൗരിയുടെ വീടിനുമുന്നില്‍ ഡ്രൈവിങ് ഡോര്‍ തുറന്നനിലയില്‍ എന്ജിന് സ്റ്റാര്‍ട്ട് ചെയ്ത കാര്‍ നിര്‍ത്തിയിട്ടതും കണ്ടു. എന്റെ റൂംമേറ്റായിരുന്ന തായപ്പയും പുറത്തേക്ക് വന്നു.
എന്തോ ഭീകരമായത് സംഭവിച്ചു എന്നുതോന്നിയതോടെ ഞങ്ങള്‍ വീട്ടിലേക്ക് തിരിച്ചുപോകാന്‍ തീരുമാനിച്ചു. ആ സമയം മറ്റൊരു മോട്ടോര്‍ ബൈക്കില്‍ രണ്ടുപേര്‍ വന്ന് ഗൗരിയുടെ വീടിനുമുന്നില്‍ നിന്നു' അയാള്‍ പറഞ്ഞു.
ഒരു ലോക്കല്‍ കേബിള്‍ ഓപറേറ്ററുടെ ബൈക്കായിരുന്നു രണ്ടാമത്തേത്. കേബിള്‍ ടിവിയുമായി ബന്ധപ്പെട്ട് ഗൗരി പരാതിപ്പെട്ടതു പ്രകാരം വന്നതായിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പ്രതിഭാഗം അഭിഭാഷകന് ക്രോസ് വിസ്താരം നടത്തിയപ്പോള്‍ തായപ്പക്ക് കേബിള്‍ ടി.വി ഓപറേറ്ററുടെ ബൈക്കിന്റെ നിറം ഓര്‍മിച്ചെടുക്കാനായില്ല.
പൊലിസിന് സി.സി.ടി.വി ദൃശ്യങ്ങള്‍ പകര്‍ത്തി നല്കിയ ശാന്തിനഗറിലെ ലാബിലെ ജീവനക്കാരിയെയും കേസില്‍ വിസ്തരിച്ചു. സെപ്തംബര്‍ ആറിന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര് പൊലിസ് കൊണ്ടുവന്നെന്നും അന്നുതന്നെ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി പൊലിസിന് നല്‍കിയെന്നും അവര്‍ വെളിപ്പെടുത്തി.
കര്‍ണാടക കണ്ട്രോള് ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിനായുള്ള പ്രത്യേക കോടതിയിലായിരുന്നു കേസ് പരിഗണിച്ചത്.
കേസില്‍ സെപ്തംബര്‍ അഞ്ചുമുതല്‍ വിചാരണ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."