HOME
DETAILS

ഫേസ്ബുക്ക് കുറിപ്പില്‍ പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് കെ.ടി ജലീല്‍

  
backup
August 12 2022 | 08:08 AM

facebook-post-kt-jaleel-azaad-kashmir748111

തിരുവനന്തപുരം: പാക് അധീന കശ്മീരിനെ 'ആസാദ് കശ്മീര്‍' എന്ന് വിശേഷിപ്പിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍. കശ്മീര്‍ യാത്രയെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് വിവാദ പരാമര്‍ശങ്ങളുള്ളത്.

ചരിത്ര വിരുദ്ധമായ നിരവധി കാര്യങ്ങളാണ് ജലീലിന്റെ എഫ്.ബി പോസ്റ്റിലുള്ളത്. പാകിസ്താനോട് ചേര്‍ക്കപ്പെട്ടകശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍' എന്നറിയപ്പെട്ടു എന്നാണ് ലേഖനത്തിലുള്ളത്ത്. വിഭജന കാലത്ത് കശ്മീരിനെയും രണ്ടായി പകുത്തെന്നും ലേഖനത്തില്‍ ജലീല്‍ പറയുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...


അമൃതസറില്‍ മലയാളി സംഘടനകളുടെ യോഗം കാലത്ത് പത്ത് മണിക്കാണ് നടന്നത്. പഞ്ചാബിലെ വിവിധ പട്ടണങ്ങളിലായി ഏതാണ്ട് പതിനായിരത്തിനടുത്ത് മലയാളികളുണ്ടെന്നാണ് അറിഞ്ഞത്. ചെയര്‍മാന്‍ എ.സി മൊയ്തീന്‍ ആറ്റിക്കുറുക്കി മുഖവുര പറഞ്ഞു. മലയാളി സംഘടനാ പ്രതിനിധികളുടെ ഊഴം അവര്‍ നന്നായി ഉപയോഗിച്ചു. 11.15 നാണ് യോഗം അവസാനിച്ചത്. സമയം കളയാതെ എയര്‍പോട്ടിലേക്ക് വെച്ച്പിടിച്ചു. അമൃതസറിലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അകമഴിഞ്ഞാണ് സഹായിച്ചത്. പഞ്ചാബികളുടെ ജീവിതവും സംസ്‌കാരവും പരസ്പര ബഹുമാനത്തിന്റെതാണ്. ഭക്ഷണമാകട്ടേ ആസ്വാദ്യകരവും. എവിടെച്ചെന്നാലും അവിടുത്തെ ഭക്ഷണമാണ് എനിക്കിഷ്ടം. ഒരു ജനതയുടെ സാംസ്‌കാരിക പൈതൃകങ്ങളില്‍ ആഹാര രീതി പ്രധാനമാണ്. ഒരു നാടിനെ അറിയാന്‍ ആ നാട്ടിലെ ഭക്ഷണം നല്ല ഉരക്കല്ലാണ്. 45 മിനുട്ട് പറന്ന് അമൃതസറില്‍ നിന്ന് ശ്രീനഗറിലെത്തി.
കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. എവിടെ നോക്കിയാലും തോക്കേന്തിയ സൈനികര്‍. പോലീസുകാരുടെ തോളിലും തോക്കുകള്‍ തൂങ്ങിക്കിടപ്പുണ്ട്. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. ഒരോ നൂറു മീറ്ററിലും ആയുധധാരികളായ സൈനികരെ പാതയോരങ്ങളില്‍ കാണാം. സാധാരണക്കാരുടെ മുഖത്ത് അങ്കലാപ്പൊന്നും കണ്ടില്ല. ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയ മട്ടുണ്ട്. പട്ടാള ട്രക്കുകളും സൈനിക സാന്നിദ്ധ്യവും കശ്മീരികളുടെ നിത്യജീവിതത്തിന്റെ ഭാഗമായ പ്രതീതി. രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. രാഷ്ടീയ പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി. മുക്കിലും മൂലയിലും ഒരുതരം നിസ്സംഗത തളംകെട്ടി നില്‍പ്പുണ്ട്. രണ്ടാം മോദി സര്‍ക്കാര്‍ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിന്റെ അമര്‍ഷം ജനങ്ങളുടെ ഭാവത്തില്‍ നിന്ന് വായിച്ചെടുക്കാം. അപരവല്‍ക്കരണത്തിന്റെ വികാരം കാശ്മീരി യുടെ ഹൃദയത്തില്‍ പറ്റിപ്പിടിച്ച് കിടപ്പുണ്ട്. അത് മാറ്റാനുള്ള വ്യവസ്ഥാപിത ശ്രമങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തേണ്ടത്. ആളൊഴിഞ്ഞ ഭൂപ്രദേശങ്ങളല്ല നമുക്ക് വേണ്ടത്. മണ്ണും മനസ്സും നെഞ്ചോട് ചേര്‍ന്നു നില്‍ക്കുന്ന കാശ്മീരാകണം ലക്ഷ്യം.
തെരുവുകള്‍ വൃത്തിഹീനമല്ല. സര്‍ക്കാരിനു വേണ്ടി ലൈസന്‍ ഓഫീസര്‍ സജാദാണ് വിമാനത്താവളത്തില്‍ ഞങ്ങളെ വരവേറ്റ് എം.എല്‍.എ ഹോസ്റ്റലില്‍ എത്തിച്ചത്. വെജിറ്റേറിയന്‍ ഉച്ചയൂണും കഴിച്ച് പ്രകൃതി ഭംഗി ആസ്വദിക്കാന്‍ എല്ലാവരും ധൃതി കൂട്ടി. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് ചിലവില്ലാത്ത നാടാണ് കശ്മീര്‍. മനുഷ്യര്‍ക്കും പ്രകൃതിക്കും വേണ്ടുവോളം ചന്തം ദൈവം കനിഞ്ഞരുളിയ സ്വപ്ന ഭൂമി.
ഏഷ്യയുടെ ഹൃദയഭാഗത്ത് ദക്ഷിണേഷ്യയുടെയും മധ്യേഷ്യയുടെയും നടുക്കാണ് കശ്മീരിന്റെ കിടപ്പ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ചൈനയും കാശ്മീരിനോട് തൊട്ടുരുമ്മി നില്‍ക്കുന്നു. 86,000 ചതുരശ്ര മൈല്‍ ഭൂവിസ്തൃതിയുണ്ട് കശ്മീരിന്. ജനസംഖ്യ 13 ദശലക്ഷം. രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരു കാശ്മീരുകള്‍ക്കും സ്വയം നിര്‍ണ്ണയാവകാശം ബ്രിട്ടീഷുകാര്‍ നല്‍കിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേര്‍ന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവര്‍ക്ക് നല്‍കിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതില്‍ ജനങ്ങള്‍ ദു:ഖിതരാണ്. പ്രതീക്ഷിച്ച ഭൗതിക നേട്ടങ്ങള്‍ കാശ്മീരികള്‍ക്ക് സാദ്ധ്യമാക്കാന്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നൂറ്റി എഴുപതാം വകുപ്പിനായോ? ഈ ചോദ്യത്തിനുത്തരം കിട്ടാന്‍ പഹല്‍ഗാമില്‍ നിന്ന് ബാരാമുള്ള വരെ യാത്ര ചെയ്താല്‍ മതി. ഒരു കാര്യം ഉറപ്പ്. അവരുടെ ഗോത്ര സംസ്‌കാരം അഥവാ കാശ്മീരിയ്യത്ത് സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കാഴ്ചപ്പണ്ടമെങ്കിലും കഴുത്തില്‍ തൂങ്ങിയിരുന്ന അടയാഭരണം ഇരുചെവിയറിയാതെ കേന്ദ്രസര്‍ക്കാര്‍ അടിച്ചുമാറ്റിയതില്‍ നാട്ടുകാര്‍ക്കമര്‍ഷമുണ്ട്. പക്ഷെ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ ഒരുക്കമല്ല.
ലോകോത്തരമെന്ന് വിശേഷിപ്പിക്കാവുന്ന 'ദല്‍' തടാകത്തിലൂടെയുള്ള സന്ധ്യാ സമയത്തെ ബോട്ട് യാത്ര അവിസ്മരണീയമാണ്. ജമ്മു കാശ്മീര്‍ ഭരണകൂടത്തിന്റെ വേനല്‍ക്കാല വിശ്രമ കേന്ദ്രമാണ് ഇവിടം. കാശ്മീര്‍ താഴ് വരയിലെ നിരവധി തടാകങ്ങളുമായി 'ദല്‍' ബന്ധിതമാണ്. വിക്ടോറിയന്‍ കാലഘട്ടത്തിലെ നിര്‍മ്മാണരീതിയില്‍ രൂപകല്‍പ്പന ചെയ്ത ഇവിടെയുള്ള ഹൗസ് ബോട്ടുകള്‍ കണ്ണുകളെ ഇക്കിളിപ്പെടുത്തും. തടാകത്തിന് 18 ചതുരശ്രകിലോമീറ്റര്‍ പരപ്പുണ്ട്. മഞ്ഞുകാലത്ത് ദല്‍ തടാകം മുഴുവന്‍ മരവിച്ച് മഞ്ഞുകട്ടയായി മാറും. അതിലൂടെ ആളുകള്‍ നടക്കുകയും കളിക്കുകയും ചെയ്യുമെത്രെ. പ്രവിശാലമായ തടാകത്തില്‍ അങ്ങിങ്ങായി പരന്ന് കിടക്കുന്ന പായലുകള്‍ എടുത്തു മാറ്റുന്ന യന്ത്രത്തോണി സദാസമയം പ്രവര്‍ത്തന നിരതമാണ്.
'ദല്‍' തടാകത്തിലെ ജലയാത്ര കഴിഞ്ഞ് തൊട്ടടുത്തുള്ള ഷാലിമാര്‍ ഗാര്‍ഡനിലേക്ക് നടന്നു. കശ്മീര്‍ താഴ്വരയിലെ മുഗള്‍ പൂന്തോട്ടമാണ് ഷാലിമാര്‍ബാഗ്. 'ഫറാ ബക്ഷ്', 'ഫൈസ് ബക്ഷ്' എന്നീ പേരുകളിലും ഈ ഉദ്യാനം അറിയപ്പെടും. 1619 ല്‍ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ തന്റെ ഭാര്യ നൂര്‍ജഹാനുവേണ്ടി പണികഴിപ്പിച്ചതാണ് ഷാലിമാര്‍ ബാഗ്. ഭാര്യാഭര്‍തൃ പ്രണയത്തിന്റെ കശ്മീരിയന്‍ മാതൃക! പച്ചപുതച്ച് പൂക്കള്‍ വിരിയിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന പൂങ്കാവനം അക്ഷരാര്‍ത്ഥത്തില്‍ 'ശ്രീനഗറിന്റെ കിരീട'മാണ്.
മെസപ്പെട്ടോമിയയില്‍ നിന്നു വന്ന കാഷ് വര്‍ഗ്ഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിച്ച കാഷിര്‍ പ്രദേശമാണ് കാശ്മീരായി പരിണമിച്ചത്. 1339 മുതല്‍ അഞ്ചു നൂറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഇവിടം ഭരിച്ചത് മുസ്ലിം ചക്രവര്‍ത്തിമാരാണ്. 1819 ല്‍ മഹാരാജാ രഞ്ജിത് സിംഗ് കാശ്മീര്‍ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേര്‍ത്തു. 1846 ലെ ആംഗ്ലോസിഖ് യുദ്ധത്തിനു ശേഷം കാശ്മീര്‍ ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില്‍ നിന്നാണ് ജമ്മുവിലെ രാജാവായ ഗുലാബ്‌സിംഗിന്റെ കൈകളില്‍ താഴ്വരയുടെ ഭരണം എത്തിയത്. 1947 ല്‍ കാശ്മീര്‍ മുഴുവനായി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുവരെ ഗുലാബിന്റെ ഭരണം തുടര്‍ന്നു.
പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.
ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍. കശ്മീരിന്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ വാലിയാണ്. ശ്രീനഗര്‍ കശ്മീര്‍ താഴ്വരയിലെ പ്രധാന പട്ടണവും. മരത്തില്‍ നിര്‍മ്മിച്ച മൂന്നും നാലും നിലയുള്ള കെട്ടിടങ്ങള്‍ ഇവിടെ ധാരാളമുണ്ട്. താഴ്വാരത്തിനു പുറമെ ജനവാസ പ്രദേശങ്ങള്‍ വടക്കുള്ള ഗില്‍ഗിത് വാലിയും സിന്ധൂ ഇടുക്കുമാണ്. വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിക്കാനാവുക. പിര്‍പഞ്ചാല്‍ മലനിരകളിലുള്ള ബനിഹാല്‍ ചുരത്തിലൂടെ ജമ്മുവില്‍ നിന്ന് ഇവിടെയെത്താം. ബാലകോട്ട് ചുരം വഴി പാകിസ്ഥാനില്‍ നിന്നും കാരകോറം ചുരം വഴി ചൈനയില്‍ നിന്നും കശ്മീര്‍ താഴ്വരകളിലെത്താനാകും. തടാകങ്ങളുടെ തൊട്ടില്‍ എന്നും കശ്മീര്‍ കീര്‍ത്തി നേടി. ഇതില്‍ ഏറ്റവും വലുതാണ് ദല്‍ തടാകം.
തണുപ്പുകാലത്ത് കശ്മീര്‍ താഴ്വരയിലെ താപനില മൈനസ് ഒന്ന് ഡിഗ്രിയിലെത്തും. വേനല്‍ക്കാലത്ത് ഊഷ്മാവ് 24 ഡിഗ്രി വരെ ഉയരും. കേരളത്തിലെ കാലാവസ്ഥയാണ് ഇപ്പോള്‍ കാശ്മീരില്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴ. മഞ്ഞുകാലത്തെ ഹിമപാതം കാശ്മീരിനെ അതിസുന്ദരിയാക്കും.
തദ്ദേശവാസികളില്‍ ഭൂരിഭാഗവും കൃഷിക്കാരാണ്. നദികളുടെയും വലിയ അരുവികളുടെയും കരകളില്‍ നെല്‍പ്പാടങ്ങള്‍ വിളഞ്ഞത് കാണാം. കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചെരുവുകള്‍ തട്ടുതട്ടാക്കിയാണ് കര്‍ഷകര്‍ കൃഷി നടത്തുന്നത്. ചോളമാണ് പ്രധാനകൃഷി. ഉയര്‍ന്ന പ്രദേശങ്ങളില്‍ തിബറ്റന്‍ ബാര്‍ലിയുടെ വകഭേദവും വിളയിക്കുന്നു.
അരി, പഴ വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പുകയില തുടങ്ങിയവയും ഇവിടുത്തെ പ്രധാന കൃഷികളാണ്. കുങ്കുമപ്പൂവും ധാരാളം വിളയിക്കുന്നു.
കശ്മീരിന്റെ മാത്രം പ്രത്യേകതയാണ് ഒഴുകുന്ന തോട്ടങ്ങള്‍. ചങ്ങാടം നിര്‍മ്മിച്ച് അതിനു മുകളില്‍ മണ്ണും ചവറും ഇട്ടാണ് ഈ തോട്ടങ്ങള്‍ തയ്യാറാക്കുക. അതിനു മുകളില്‍ തക്കാളി, മത്തന്‍, വെള്ളരി, പുകയില തുടങ്ങിയവ നട്ടു വളര്‍ത്തുന്നു. ചലിക്കുന്ന തോട്ടങ്ങള്‍ തടാകങ്ങളുടെ ആഴം കുറഞ്ഞയിടങ്ങളില്‍ കെട്ടിയിടും.
രുചികരമായ പഴങ്ങളുടെ പറുദീസയാണ് ഭൂമിയിലെ ഈ സ്വര്‍ഗ്ഗം. ആപ്രിക്കോട്ട്, ആപ്പിള്‍, വീഞ്ഞുമുന്തിരി, വാള്‍നട്ട് എന്നിവക്ക് പേരുകേട്ട ഇടവും കാശ്മീര്‍ തന്നെ. വാള്‍നട്ടില്‍ നിന്നും എടുക്കുന്ന എണ്ണ പ്രദേശ വാസികള്‍ വിളക്കുകളില്‍ ഇന്ധനമായും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കുന്നു.
കശ്മീരികള്‍ ക്രൊകൂസില്‍ (ഇൃീരൗലെ) നിന്ന് ചായത്തിനായുള്ള കുങ്കുമമുണ്ടാക്കും. ആടുമാടുകളെ വളര്‍ത്തിയും ജനങ്ങള്‍ ഉപജീവനത്തിന് വഴി തേടുന്നു. തണുപ്പുകാലത്ത് മൃഗങ്ങള്‍ വീടിനടിയിലുള്ള തൊഴുത്തുകളിലായിരിക്കും വസിക്കുക. തണുപ്പില്‍ നിന്നും ഇത് മൃഗങ്ങളെ രക്ഷിക്കും. മുകളില്‍ വസിക്കുന്ന ഉടമക്ക് ചൂട് പകരുകയും ചെയ്യും. വേനല്‍ക്കാലങ്ങളില്‍ ആടുമാടുകളെ പുറത്ത് മേയാന്‍വിടും.
കമ്പിളി നിര്‍മ്മാണമാണ് കശ്മീരിലെ പ്രധാന വ്യവസായം. ഏതാണ്ട് രണ്ടര ലക്ഷം ആളുകളാണ് ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്നത്. പുതപ്പുകള്‍, പരവതാനികള്‍, ഷോളുകള്‍ തുടങ്ങിയവ ശ്രീനഗറിന് ചുറ്റുമുള്ള വീടുകളിലാണ് ഉണ്ടാക്കുന്നത്. കശ്മീരിലെ കനമുള്ള കൈത്തറിപ്പരവതാനികള്‍ ഗുണത്തിലും ചിത്രപ്പണിയിലും പൊലിമയിലും പേര്‍ഷ്യന്‍ പരവതാനികളോട് കിടപിടിക്കും. ഇതിനുപയോഗിക്കുന്ന നിറങ്ങള്‍ ചെടികളില്‍ നിന്നും മറ്റും പ്രകൃതിദത്തമായാണ് രൂപപ്പെടുത്തുന്നത്. കാശ്മീരില്‍ ഉല്‍പ്പാദിപ്പിക്കുന്ന 'ഗഭ' എന്ന തുണി പരവതാനി നെയ്ത്തില്‍ മിച്ചം വരുന്ന കമ്പിളി ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ്. കനം കുറഞ്ഞതും ആകര്‍ഷണീയവുമാണവ. കശ്മീരികള്‍ കിടപ്പുമുറികളില്‍ നിലത്തു വിരിക്കാനാണ് ഇതുപയോഗിക്കുക.
മഞ്ഞുമലകളുടെ നാട്ടിലെ തുകലും തുകലുല്‍പ്പന്നങ്ങളും പേരുകേട്ടതാണ്. പട്ട്, കരകൌശല വസ്തുക്കള്‍, മരത്തിലുള്ള കൊത്തുപണികള്‍ തുടങ്ങിയവയും കാശ്മീരിന്റെ മൊഞ്ചേറ്റുന്ന ജീവനോപാധികളാണ്. ടൂറിസമാണ് ഈ താഴ്വരയുടെ ജീവനാഢി. ലക്ഷോപലക്ഷം സന്ദര്‍ശകരാണ് കശ്മീരില്‍ ഓരോ വര്‍ഷവും എത്തുന്നത്.
സമാധാന പ്രിയരായ സുന്ദരികളെയും സുന്ദരന്‍മാരെയും വറുതിയുടെ ഇരുട്ടിലേക്ക് തള്ളിവിട്ടത് തീവ്രവാദ ചിന്തകളാണ്. പാകിസ്ഥാന്റെ പ്രേരണയില്‍ മുളപൊട്ടിയ വികാരം ഒരു ന്യൂനാല്‍ ന്യൂനപക്ഷത്തെ സ്വാധീനിച്ചു. മഹാഭൂരിഭാഗം കാശ്മീരികളും അതിനോട് വിയോജിച്ചു. രാജ്യാതിര്‍ത്തി സംഘര്‍ഷഭരിതമായി. ഇന്ത്യാപാക്ക് സൈന്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ഇരുഭാഗത്തും കനത്ത ആള്‍നഷ്ടങ്ങളുണ്ടായി. ഭൂമിയിലെ സ്വര്‍ഗ്ഗമായ കശ്മീര്‍ നരകമായി മാറി. ജനജീവിതം ദുസ്സഹമായി. പട്ടാളം പട്ടണങ്ങളിലും നാട്ടിന്‍ പുറങ്ങളിലും വിന്യസിക്കപ്പെട്ടു. നുഴഞ്ഞു കയറ്റക്കാര്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളുടെ പ്രാരംഭ കാലത്ത് സിവിലിയന്‍സും സൈനികരും ശത്രുതയില്‍ വര്‍ത്തിച്ചു. കാലം മുറിവുണക്കവെയാണ് ശനിപാതം പോലെ പുതിയ നിയമം നിപതിച്ചത്. കാശ്മീര്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ വെമ്പുന്നുണ്ട്. ആത്മവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കാശ്മീര്‍. ഭീതി പൂര്‍ണ്ണമായും വിട്ടുമാറിയതിന്റെ ലക്ഷണങ്ങളല്ല അങ്ങാടികളിലും തെരുവുകളിലും കണ്ടത്. പഴയ സന്തോഷവും ചൈതന്യവും ജനങ്ങള്‍ വീണ്ടെടുക്കാന്‍ നോക്കുന്നുണ്ട്. ഇന്ത്യന്‍ പട്ടാളം സൗഹൃദത്തോടെയാണ് ഇപ്പോള്‍ ജനങ്ങളോട് പെരുമാറുന്നതെന്ന് ഞങ്ങളെ അനുഗമിച്ച ഒരാള്‍ അഭിപ്രായപ്പെട്ടു. തൊണ്ണൂറുകള്‍ മുതല്‍ക്കേ (1990) ഇത്തരമൊരു സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ കാശ്മീര്‍ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാശ്മീരി അവന്റെ പഴയ ജീവിതം തിരിച്ചു പിടിക്കണം. വിനോദ സഞ്ചാരികളുടെ തിരക്കേറിയ ദര്‍ബാറായി കാശ്മീര്‍ വീണ്ടും മാറണം. ജനമനസ്സുകള്‍ കിഴടക്കാന്‍ യന്ത്രത്തോക്കുകള്‍ക്കാവില്ലെന്ന് ഭരണകൂടവും ഭീകരവാതികളും തിരിച്ചറിയണം. സ്‌നേഹവും സഹിഷ്ണുതയും ഐക്യവും ഇനിയും കളിയാടണം.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  22 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  22 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  22 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  22 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  22 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  22 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago