ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; ആക്രമണത്തില്‍ ഒരു ജവാന് പരുക്ക്
ന്യുഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സി.ആര്‍.പി.എഫ് സംഘത്തിന് നേരെ ഭീകരര്‍ വെടിവെച്ചു. അനന്ത്‌നാഗിലാണ് സംഭവം. ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തില്‍ ഒരു ജവാന് പരുക്കേറ്റു. രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണമാണിത്.
കഴിഞ്ഞ ദിവസമാണ് രജൗരിയില്‍ ചാവേറാക്രമണം ചെറുക്കുന്നതിനിടെ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആണ് രജൗരിയിലെ പാര്‍ഗല്‍ സൈനിക ക്യാമ്പില്‍ ആക്രമണമുണ്ടായത്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.
ഭീകരര്‍ സേനാ ക്യാമ്പിന്റെ സുരക്ഷാ വേലി മറികടക്കാന്‍ ശ്രമിക്കുകയും വെടിവയ്പ്പ് നടത്തുകയുമായിരുന്നുവെന്ന് എഡിജിപി മുകേഷ് സിങ് വ്യക്തമാക്കി.ഇതോടെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."