തിരുവനന്തപുരം: കശ്മിരുമായി ബന്ധപ്പെട്ട പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിശദീകരണവുമായി കെ.ടി ജലീല്‍ എം.എല്‍.എ. ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ ആസാദ് കശ്മീര്‍ എന്നെഴുതിയാല്‍ അതിന്റെ അര്‍ഥം മാനസ്സിലാകാത്തവരോട് സഹതാപം മാത്രമാണെന്ന് കെ.ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കശ്മിര്‍ യാത്രയെക്കുറിച്ചുള്ള നീണ്ട വിവരണത്തിനൊടുവിലാണ് ആസാദ് കശ്മിരിനെ ന്യായീകരിച്ച് കെ.ടി ജലീല്‍ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
പാക് അധീന കശ്മീരിനെ ആസാദ് കശ്മീരെന്ന് വിശേഷിപ്പിച്ചതായിരുന്നു വിവാദം. 'ജമ്മുവും കശ്മീര്‍ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് അറിയപ്പെടുന്നുവെന്നാണ് ജലീല്‍ നേരത്തെ കുറിച്ചിരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ ജലീലിനെതിരേ ബി.ജെ.പി അടക്കമുള്ളവര്‍ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കാശ്മീരിൻ്റെ ശക്തിയും ദൗർബല്യവും അതിൻ്റെ സൗന്ദര്യമാണ്. കശ്മീരിൻ്റെ അനുഗ്രഹവും ശാപവും അതിൻ്റെ മനോഹാര്യതയാണ്. ആരെയും മോഹിപ്പിക്കുന്ന വശ്യതയാണ് കാശ്മീരിൻ്റെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനഗറിൽ നിന്ന് 96 കിലോമീറ്റർ യാത്ര ചെയ്താണ് 11.30 ന് പഹൽഗാമിലെത്തിയത്. 'പഹൽ' എന്ന വാക്കിൻ്റെ അർത്ഥം ആട്ടിടയൻ എന്നാണ്. 'ഗാം' എന്നാൽ ഗ്രാമമെന്നും. "ഇടയഗ്രാമ"ത്തിൽ ഞങ്ങൾ അധികവും കണ്ടത് പക്ഷെ, കുതിരകളെയാണ്. വിനോദ സഞ്ചാരികൾ കുതിര സവാരിക്ക് തെരഞ്ഞെടുക്കുന്ന സ്ഥലമാണിത്. അനന്ത് നാഗ് ജില്ലയിലാണ് പഹൽഗാം സ്ഥിതിചെയ്യുന്നത്. കശ്മീരിലെ അത്യാകർഷണീയ ടൂറിസ്റ്റ് കേന്ദ്രമാണിവിടം. താഴ്വാരങ്ങളുടെ പട്ടണവും കൂടിയാണിത്. ആകാശത്തോളം ഉയർന്ന് നിൽക്കുന്ന മല നിരകളിൽ നിന്ന് ഉറവപൊട്ടി പാലാഴി തീർത്തൊഴുകുന്ന ലിഡെർ നദിയുടെ തീരത്താണ് പഹൽഗാം നീണ്ടു നിവർന്ന് നിൽക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലാണീ പട്ടണം. എല്ലാ വർഷവും ജൂലായ്-ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന അമർനാഥ് യാത്രയുടെ തുടക്കം പഹൽഗാാമിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ചന്ദൻ വാരിയിൽ നിന്നാണ്.
ജമ്മു കശ്മീരിൽ ഒരു ഗുഹയിൽ സ്ഥാപിതമായ ഹൈന്ദവ ദേവാലയമാണ് അമർനാഥ് ഗുഹാക്ഷേത്രം. ശ്രീനഗറിൽ നിന്ന് 136 കിലോമീറ്റർ വടക്കുകിഴക്കു ഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ലോക പ്രശസ്തമായ ഗുഹാക്ഷേത്രം നിലകൊള്ളുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രതിഷ്ഠ. ഹിമലിംഗം എന്നാണ് ഹൈന്ദവ വിശ്വാസികൾ ഇതിനെ വിളിക്കുന്നത്. ഗുഹയിൽ ജലം ഇറ്റുവീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തിൽ പരിണമിച്ചുവെന്നാണ് ഐതിഹ്യം. വേനൽക്കാലത്ത് മഞ്ഞുരുകി ശിവലിംഗം അപ്രത്യക്ഷമാകും. നൂറ്റാണ്ടുകൾക്ക് മുമ്പാണ് ഈ ഗുഹയും ഹിമ ലിംഗവും ആളുകളുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ആരാധനയും തുടങ്ങി. അമർനാഥ് ക്ഷേത്രത്തിൽ എത്തിപ്പെടുക എളുപ്പമല്ല. ജീവൻ പണയപ്പെടുത്തി വേണം ഹിമലിംഗ ദർശനത്തിനുള്ള യാത്ര. മണ്ണിടിച്ചിലും പ്രകൃതി ദുരന്തവും പതിവാണ്. വിശ്വാസം ആഴത്തിൽ വേരൂന്നിയവർക്കേ ഗുഹാക്ഷേത്ര സന്ദർശനം സാദ്ധ്യമാകൂ. എൺപതാം വയസ്സിൽ അവർനാഥ് യാത്ര നടത്തിയ എടപ്പാൾ സ്വദേശി കുട്ടികൃഷ്ണൻ നായരെ എനിക്ക് നേരിട്ടറിയാം. ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹത്തിൻ്റെ നൂറ്റി ഒന്നാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്.
പഹൽഗാമിൽ നിന്ന് മടങ്ങവെ "ആകാംക്ഷയുടെ താഴ്വരയിലും"(ബേതാ വാലി) ഒരോട്ടപ്രദക്ഷിണം നടത്തി. പർവ്വതങ്ങളുടെ മടിത്തട്ടിലിലാണ് 'ബേതാ വാലി' പണിതിരിക്കുന്നത്. മലമുകളിലെ ഇട തൂർന്ന കാടുകളിലേക്ക് വേണ്ടവർക്ക് പോകാം. കുതിരപ്പുറത്ത് നദി മുറിച്ചു കടക്കാം. താഴ്വാരത്തിലൂടെ ഒഴുകുന്ന അരുവിയിലിറങ്ങി ഉല്ലസിക്കാം. അരമണിക്കൂർ കൊണ്ട് എല്ലാം കണ്ടെന്ന് വരുത്തി ശ്രീനഗറിലേക്ക് മടങ്ങി. യാത്രക്കിടെ ഒരാപ്പിൾ തോട്ടത്തിലും കയറി. രണ്ട് മണിക്കൂർ മുമ്പ് പറിച്ചെടുത്ത ജീവൻ തുടിക്കുന്ന ആപ്പിൾ കഴിച്ചു. മിനിവാനിൽ കയറുന്നതിന് തൊട്ടു മുമ്പ് രണ്ടരയേക്കർ ആപ്പിൾ തോട്ടം പരിപാലിക്കുന്ന ഊർജ്ജസ്വലയായ സഹോദരി എവിടെ നിന്നാണെന്ന് ചോദിച്ചു. കേരളത്തിൽ നിന്നാണെന്ന് ഞാൻ മറുപടി നൽകി. ഷക്കീലാ ഭട്ടിന് ആവേശം വർധിച്ചു. തിരുവനന്തപുരത്ത് ട്രേഡ് യൂണിയൻ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നിട്ടുണ്ടെന്ന് അവർ മൊഴിഞ്ഞു. 'ട്രേഡ് യൂണിയന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടോ?' ഞാൻ തിരക്കി. നിറഞ്ഞ ചിരിയോടെ 'സി.പി.ഐ (എം)' എന്ന് ബട്ട് മറുപടി പറഞ്ഞു. ഞങ്ങളും സി.പി.ഐ (എം) കാരാണെന്നറിഞ്ഞപ്പോൾ അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം അനൽപ്പമാണ്. ചെയർമാൻ എ.സി മൊയ്തീനും ഞങ്ങളുടെ സംഭാഷണത്തിൽ പങ്ക് ചേർന്നു. മുഹമ്മദ് തരിഗാമി എം.എൽ.എയെ അടുത്ത പരിചയമാണെന്നും അവർ പറഞ്ഞു. "കോംറേഡ്" എന്നു വിളിച്ച് ആഹ്ളാദത്തോടെ അവരും സഹോദരിയും മക്കളും ഗുഡ്ബൈ പറഞ്ഞ് ഞങ്ങളെ യാത്രയാക്കി.
വൈകുന്നേരം ഏഴരയോടെ ശ്രീനഗറിലെ എം.എൽ.എ ക്വോർട്ടേഴ്സിലെ താമസ സ്ഥലത്തെത്തി. നീണ്ട യാത്ര കഴിഞ്ഞ് എല്ലാവരും ക്ഷീണിച്ചിരുന്നു. ലൈസൺ ഓഫീസർ സജാതിനെയും കൂട്ടി ചരിത്ര പ്രസിദ്ധമായ "ഹസ്റത്ത് ബാൽ" പള്ളിയിലേക്ക് പുറപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബിയുടെ തിരുശേഷിപ്പെന്ന് കരുതപ്പെടുന്ന "വിശുദ്ധ കേശം" സൂക്ഷിക്കുന്ന പ്രമുഖ കേന്ദ്രമാണ് ശ്രീനഗറിലെ 'ഹസ്‌റത്ത് ബാല്' മസ്ജിദ്.
ഹസ്‌റത് എന്നാൽ ആദരണീയം എന്നാണ് ഉർദു ഭാഷയിൽ അർത്ഥം. 'ബാല്' എന്നാൽ കേശമെന്നും. അങ്ങിനെയാണ് പ്രസ്തുത കേന്ദ്രം ഹസ്റത്ത് ബാലായത്.
"ആസാറെ ശരീഫ് " (തിരുശേഷിപ്പ്), "അല് മദീനത്തുസ്സാനിയ" (രണ്ടാം മദീന) എന്നീ പേരുകളിലും ഹസ്റത്ത്ബാൽ അറിയപ്പെടുന്നു.
ഈ മസ്ജിദ് നര്മിക്കപ്പെട്ടത് പതിനേഴാം നൂറ്റാണ്ടിലാണ്. മുഗള് ചക്രവര്ത്തി ഷാജഹാന്റെ സൈനിക ഉദ്യോഗസ്ഥനായ സ്വാദിഖ് ഖാന് 1623 ല് ഭംഗിയുള്ള പൂന്തോട്ടവും നടുവില് ഒരു മനോഹരമായ വിശ്രമകേന്ദ്രവും പണിതു. 1634ല് ഇവിടം സന്ദര്ശിച്ച ഷാജഹാന് ചക്രവര്ത്തി വിശ്രമ കേന്ദ്രത്തിൻ്റെ സൗകുമാര്യം കണ്ട് അത് മസ്ജിദാക്കി മാറ്റി. മുഗള് ചക്രവര്ത്തി ഔറംഗസീബിന്റെ കാലത്താണ് ഹസ്രത്ത് ബാലില് സൂക്ഷിച്ച തിരുകേശം കാശ്മീരിലെത്തിയത്. 1635 ല് മദീനയില് നിന്നുവന്ന് ബീജാപൂരില് താമസമാക്കിയ സയ്യിദ് അബ്ദുല്ലയാണ് തിരുശേഷിപ്പ് ഇന്ത്യയിലെത്തിച്ചത്. അദ്ദേഹത്തിന്റെ മരണ ശേഷം മകന് സയ്യിദ് ഹാമിദ് ഈ തിരുകേശം കാശ്മീരിലെ അക്കാലത്തെ വ്യാപാരിയും സമ്പന്നനുമായ ഒരാള്ക്ക് കൈമാറിയെന്നാണ് പരമ്പരാഗത വിശ്വാസം.
ഔറംഗസീബിന്റെ കാലത്ത് കാശ്മീരില് എത്തിയ തിരുകേശം ആദ്യം സൂക്ഷിച്ചത് നഗരത്തിലെ തന്നെ പ്രമുഖ തീര്ഥാടന കേന്ദ്രമായ "നഖ്ശബന്ത് സാഹിബ്" ദര്ഗയിലാണ്. തിരുശേഷിപ്പ് കാണാന് ദിനേന ഒഴുകിയെത്തിയ ജനസഞ്ചയത്തെ ഉള്ക്കൊള്ളാന് ഇവിടം കഴിയാതെ വന്നു. ലാല് തടാകത്തിനു സമീപം ഷാജഹാന് പണികഴിപ്പിച്ച വിശാലമായ വിശ്രമ കേന്ദ്രത്തിലേക്ക് തിരുകേശം മാറ്റാന് ഔറംഗസീബ് നിര്ദേശിച്ചു. വെള്ള മാർബിളിൽ പണിത ഹസ്റത്ത് ബാൽ മസ്ജിദ് അങ്ങിനെ ലോക ശ്രദ്ധ നേടി. 1980 ൽ അന്നത്തെ കാശ്മീര് മുഖ്യമന്ത്രിയായിരുന്ന ശൈഖ് അബ്ദുല്ല ഹസ്‌റത്ത് ബാല് ഇന്നു കാണും വിധം പുതുക്കിപ്പണിതു.
കശ്മീരിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്നാണ് തിരുകേശ പ്രദര്ശനം. 1963 ഡിസംബറില് തിരുകേശം അപ്രത്യക്ഷമായത്രെ. വാർത്ത നാട്ടിൽ കാട്ടുതീ പോലെ പരന്നു. ജനങ്ങള് കൂട്ടത്തോടെ തെരുവിലിറങ്ങി. അവാമി ആക്ഷന് കമ്മിറ്റി എന്ന പേരില് ഒരു സമര സമിതി രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭം കലാപത്തിലേക്ക് നീങ്ങുമെന്ന് വന്നു. പന്തിയല്ലെന്നു കണ്ട
പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്ലാല് നഹ്‌റു പ്രശ്നത്തിൽ ഇടപെട്ടു. 1963 ഡിസംബര് 31 ന് അദ്ദേഹം രാജ്യത്തെ പ്രത്യേകമായി അഭിസംബോധന ചെയ്തു. എന്തുവിലകൊടുത്തും കാണാതായ തിരുകേശം തിരിച്ചെത്തിക്കുമെന്ന് നഹ്റു രാജ്യത്തിന് ഉറപ്പ് നൽകി. അതോടെ ജനം ശാന്തമായി. നിയമപാലകരുടെ ശക്തമായ തിരച്ചിലിനൊടുവില് 1964 ജനുവരി നാലിന് കാണാതായ തിരുകേശം കണ്ടെത്തി. ബന്ധപ്പെട്ടവർ ആധികാരികത സ്ഥിരീകരിച്ചു. നഷ്ടപ്പെട്ടുവെന്ന് കരുതിയ തിരുകേശം ''ഹസ്‌റത് ബാല്" മസ്ജിദില് തിരിച്ചെത്തിച്ചു. ഹസ്റത്ത് ബാൽ പള്ളിയിൽ തിരുകേശം വലിയ അടച്ചുറപ്പിൽ മുകൾ ഭാഗത്ത് സൂക്ഷിച്ചിട്ടുണ്ടെന്ന് ഒരു പ്രദേശവാസി ചോദ്യത്തിനുത്തരമായി പറഞ്ഞു. രാപ്പകൽ ഭേദമില്ലാതെ സജീവമാണ് ഹസ്റത്ത് ബാൽ മസ്ജിദ്.
വാൽക്കഷ്ണം: ഡബിൾ ഇൻവർട്ടഡ് കോമയിൽ "ആസാദ് കാശ്മീർ"എന്നെഴുതിയാൽ അതിൻ്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം.