ആകാശത്ത് കിണർ കുഴിക്കുന്ന പരുന്തുകൾ
പുസ്തകപ്പാത
വി. മുസഫര് അഹമ്മദ്
ലോകമെങ്ങും കവിതകൂടി എഴുതുന്ന ചിത്രകാരൻമാരുണ്ട്. ചിത്രം വര തന്നെയാണ് ഇവർക്കെല്ലാം മുഖ്യം. എന്നാലവർക്ക് കവിതയും പ്രധാനപ്പെട്ടതുതന്നെ. ആർട്ടിസ്റ്റ് കെ. ഷെരീഫ് രേഖാചിത്രകാരൻ എന്ന നിലയിൽ പ്രശസ്തനാണ്. ഈ ചിത്രകാരൻ കവി കൂടിയാണെന്ന് ഒരുപക്ഷേ പലർക്കുമറിയില്ല. അദ്ദേഹത്തിന്റെ കവിതാ സമാഹാരം ‘തിളങ്ങുന്ന ഇളംമഞ്ഞ’ (പ്രസാധനം: ഹാർമോണിയം പബ്ലിക്ക) കുറച്ചു മാസങ്ങൾക്കു മുമ്പ് പുറത്തിറങ്ങി. എല്ലാം ചെറുകവിതകളാണ്. പ്രകൃതിയനുഭവങ്ങളുടെ തിളക്കം ഭാഷയിലേക്കു പകർത്തുന്ന കവിതകൾ എന്ന് ഈ സമാഹാരത്തിലെ കവിതകളെ എളുപ്പം വിളിക്കാം. പ്രകൃതിയിലേക്ക് നോക്കി നോക്കി അതിന്റെ ഭാഗമായി മാറുന്ന, അതു തന്നെയായി പകർന്നാടുന്ന മൊഴിയാണ് ഈ കവിയുടെ നിക്ഷേപം. കടലിനെക്കുറിച്ചുള്ള സമാഹാരത്തിലെ ഈ കവിത വായിച്ചാൽ ഇപ്പറഞ്ഞ കാര്യം എളുപ്പത്തിൽ മനസിലാക്കാം.
ആദ്യം കാണുമ്പോൾ
കടൽ എനിക്ക്
ഇളകുന്ന
ചുമരായിരുന്നു.
പിന്നെയത്
പതുക്കെ
ചാഞ്ഞുകിടന്ന്
തിരയടിച്ചു.
ഈ വരികൾ വായിച്ചതിനു ശേഷം കടൽ കാണാൻ പോകുമ്പോൾ ഇതിനു മുമ്പൊരിക്കലും കാണാത്ത ഒരു കടൽ, ആദ്യം ചുമരായും പിന്നീട് ചാഞ്ഞുകിടന്ന് തിരയടിക്കാനും തുടങ്ങും തീർച്ച. ഈ കവിതയിൽ (മറ്റെല്ലാത്തിലുമെന്ന പോലെ) തീർച്ചയായും ഒരു ചിത്രഭാഷയുണ്ട്. അത്രതന്നെ കാവ്യഭാഷയുമുണ്ട്. ഇവ രണ്ടും ചേരുമ്പോൾ ഒരാളുടെ ഭാവന എങ്ങനെയാണ് പ്രവർത്തിക്കുക എന്നറിയാനുള്ള വഴി ഈ സമാഹാരത്തിലെ കവിതകൾ വായിക്കലാണ്.
ഒരു വായനക്കാരൻ എന്ന നിലയിൽ എന്നെ ഏറ്റവും ആകർഷിച്ചത് ‘കിണറ് ’ എന്ന കവിതയാണ്. നാലു വരികളിൽ ഷെരീഫ് സൃഷ്ടിച്ചെടുക്കുന്ന ലോകം നോക്കൂ:
പരുന്തുകൾ
ചുറ്റിച്ചുറ്റി
കിണർ കുഴിച്ചു
ആകാശത്ത്.
ആകാശത്ത് കിണറുകളുണ്ടോ? ഉണ്ടെങ്കിൽ അത് ഈ കവിയുടെ പരുന്തുകൾ കുഴിച്ചതാണ്. ഒന്നോ അതിലധികമോ കിണറുകളുടെ വാവട്ടത്തിലാണ് പരുന്തുകൾ പറക്കുന്നതെന്ന് ഈ വരികൾ വായിച്ചപ്പോൾ മാത്രമാണ് മനസ്സിലായത്. ഭൂമിയിൽ കിണർ കുഴിക്കാൻ പരുന്തുകളുടെ ഭാഷയറിയണമെന്നുപോലും തോന്നും ഈ ചെറുകവിത വായിക്കുമ്പോൾ.
മറ്റൊരു കടൽക്കാഴ്ച്ച ഷെരീഫ് ‘കല്ലുമ്മക്കായ’ എന്ന രണ്ടുവരി കവിതയിൽ അവതരിപ്പിക്കുന്നു:
ഒരൊറ്റ കല്ലുമ്മക്കായിൽ നിന്നും
ഒരു കടൽ ഇളകി വരുന്നു.
കടലിൽ എത്ര കല്ലുമ്മക്കായ, കല്ലുമ്മക്കായയിൽ എത്ര കടൽ? അതി സങ്കീർണ്ണമായ ഈ ചോദ്യത്തിന് കണക്ക് പണ്ഡിതരെപ്പോലെ കവി ഒട്ടും തല പുകക്കുന്നില്ല. കാരണം ഈ കണക്ക്, അല്ലെങ്കിൽ ഉത്തരം ഒരു കവിയുടേതാണ്, ചിത്രകാരന്റേതാണ്, ശാസ്ത്രജ്ഞന്റേതല്ല. അരിയും നാളികേരവും പോലെ കല്ലുമ്മക്കായയും അയാളുുടെ പരിചയക്കാരൻ. ആ പരിചയം രണ്ടു വരിയിൽ മഹാകാവ്യം തീർക്കാൻ ഈ കവിയെ സഹായിച്ചിരിക്കുന്നു.
‘മരം’ എന്ന കവിതയിലും ഈ പ്രകൃതി പാഠം തിളങ്ങുന്നു:
അവിടെ
ഒരു മരം മാത്രം
ഇളകുന്നു
ഉള്ളിൽ
ആളുള്ളതുപോലെ.
ഉള്ളിൽ ആളുള്ള മരങ്ങളെ ഈ കവിക്ക് കാണാൻ കഴിയുണ്ട്. നമുക്കെല്ലാവർക്കും അതു സാധിച്ചു കൊള്ളണമെന്നില്ല.
ഈ സമാഹാരത്തിലെ കവിതകളുടെ സ്വഭാവത്തിൽനിന്ന് പാടെ മാറിനിൽക്കുന്ന കവിതയാണ് 'റോഹിംഗ്യ എന്നാൽ':
റോഹിംഗ്യ എന്നാൽ
പലായനം
റോഹിംഗ്യ എന്നാൽ
വെന്തപുര
റോഹിംഗ്യ എന്നാൽ
ആളുന്ന വിശപ്പ്
റോഹിംഗ്യ എന്നാൽ
ഉടലില്ലാത്ത നിലവിളി
നിലയില്ലാത്ത പാതാളം.
റോഹിംഗ്യകളെക്കുറിച്ച് ഇത്രയും ശക്തിയിലെഴുതപ്പെട്ട കവിതകൾ അധികമുണ്ടാകാനിടയില്ല, മലയാളത്തിൽ തീർച്ചയായും. നിലയില്ലാത്ത ആ പാതാളം ആവിഷ്‌ക്കരിക്കുക അത്ര എളുപ്പമല്ല.
‘ചൊവ്വയിൽ ജീവനുണ്ടോ’ എന്ന കവിത ഭൂമിയെക്കുറിച്ചുള്ള ഒരു രോദനമായി അവശേഷിക്കുന്നു. കവിത ഇങ്ങനെ:
ചോര തുരുമ്പിച്ച
വാളുകൾ
വരണ്ട ഒച്ചയിൽ വിളിച്ചു പറഞ്ഞു;
ഭൂമിയിൽ ജീവനുണ്ടായിരുന്നു:
‘കുളക്കോഴിയുടെ കുറുകൽ’ ഭൂമിയിലേക്ക് ജീവൻ വരുന്ന വഴിയെക്കുറിച്ച് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു.
മറഞ്ഞിരിക്കുന്ന
കുളക്കോഴിയുടെ
ഒരേയൊരു കുറുകൽ മതി
മറന്നു പോയ പുഴ
ഒഴുകിയെത്തും.
ഈ പ്രകൃതി ലയം കവിയുടെ മഴത്തോട്ടത്തിൽ സൃഷ്ടിക്കുന്ന വെളിച്ചത്തിര ‘ജൂൺ’ എന്ന നാലുവരി കവിതയിലുണ്ട്:
പകലിരുട്ടുള്ള
മഴത്തോട്ടത്തിൽ
പഴുത്ത പേരക്കകൾ മാത്രം
പ്രകാശിക്കുന്നു.
പേരക്കകൾ പ്രകാശിക്കുന്ന മഴത്തോട്ടത്തിലുലാത്തുന്ന കവിയുടെ പ്രകാശമത്രയും ഈ വരികളിലൂടെ തിളങ്ങിയുദിക്കുന്നു. അസ്മതിക്കാത്ത പ്രകൃതിയുടെ ഉൾവെളിച്ചത്തെ വായനക്കാരനിലേക്കും പകരുന്നു.
കവി എന്ന നിലയിലുള്ള തന്റെ ജീവിത സമീപനം ഷെരീഫ് ഇങ്ങനെ വ്യക്തമാക്കുന്നു:
കവിത വിരുന്നു വരുകയല്ല, ഇവിടെത്തന്നെ സ്ഥിരതാമസമാണെന്ന് കരുതാനാണ് എനിക്കിഷ്ടം. ജീവിതത്തിന്റെ എല്ലാ സ്പന്ദനങ്ങളിലും എല്ലാ നിശ്ചലതകളിലും കവിതയുണ്ട് എന്ന് വിശ്വസിക്കാനും...
മഞ്ഞുകാലങ്ങളിൽ കരിയിലകളിലെ തീനാളത്തിന്റെ നൃത്തം, ചേമ്പുവിത്തുകളിലെ മുളപൊട്ടൽ, പ്ലാവുകളിൽ ചക്കക്കുഞ്ഞുങ്ങളുടെ കൺതുറക്കൽ... തുടങ്ങിയ കവിതകൾ ആസ്വദിക്കാൻ ‘പരിശീലിപ്പിച്ച’ ഉമ്മ തന്നെയാണ് എന്റെ ആദ്യ ഗുരു: ഈ വരികൾ എല്ലാം പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇനി അതിനെക്കുറിച്ച് വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നത് ആവർത്തനമോ പാഴ് വേലയോ മാത്രമായി തീരും.
പുസ്തകത്തിൽ കവിതകൾക്കൊപ്പം ഷെരീഫ് വരച്ച ചിത്രങ്ങളുമുണ്ട്. ചിത്രത്തേയും കവിതയെയും ഷെരീഫ് ‘പച്ച’ എന്ന നാലുവരിക്കവിതയിൽ നിർവചിക്കുകയാണെന്ന് തോന്നി. ആ വരികൾ ഇങ്ങിനെ:
പറക്കുമ്പോൾ
പക്ഷി.
പതുങ്ങുമ്പോൾ
ഇല.
കവിതയാണോ പക്ഷി, ചിത്രമാണോ ഇല? അതോ തിരിച്ചാണോ?
ഈ വരികൾ എഴുതിക്കഴിഞ്ഞ ഒരാൾക്ക് മനുഷ്യനെ ഇങ്ങനെ നിർവചിക്കാൻ എളുപ്പമായിരിക്കും, അത്ഭുതപ്പെടാനില്ല:
മനുഷ്യൻ
ഓർമകൾ നിർമ്മിക്കുന്ന
ഒരു യന്ത്രം.
ഉപയോഗം തീർന്നാൽ
മണ്ണിലോ
തീയിലോ
വെള്ളത്തിലോ
ഉപേക്ഷിക്കാം
ഈ ജൈവയന്ത്രം (ഓർമയന്ത്രം).
12 വർഷം മുമ്പിറങ്ങിയ ഷെരീഫിന്റെ ചെറുലേഖനങ്ങളും ചിത്രങ്ങളുമുള്ള പുസ്തകം ‘നരിപ്പുള്ളിച്ചി’ (പ്രസാധനം: ഒലീവ്) ഈ കവിതകൾ വായിക്കുമ്പോൾ പെട്ടെന്ന് ഓർമയിലേക്കു വന്നു. അതിലെ മൂന്നാമത്തെ അധ്യായത്തിന്റെ തലക്കെട്ട് ‘മഴകൊണ്ട് പൊതിയിട്ട മലയാള പാഠാവലി’ എന്നാണ്. സ്‌കൂൾ പാഠപുസ്തകത്തെക്കുറിച്ച് ഇത്തരത്തിലൊരു ലേഖനം മലയാളത്തിൽ വന്നിരിക്കാനിടയുണ്ടോ എന്ന് സംശയമാണ്. ആ ലേഖനം ഇങ്ങനെ ആരംഭിക്കുന്നു: ഒരു പാട് പൊടിപ്പുകളുള്ള, ഓർമ്മകളുടെ ഒരു മഴ വിത്താണ് എനിക്ക് ഈ പുസ്തകം. 1985ലെ കേരള പാഠാവലി മലയാളം. ഞങ്ങളുടെ ഏഴാം ക്ലാസിലെ മലയാള പാഠപുസ്തകം. ഏഴാം ക്ലാസ് ജയിച്ചപ്പോൾ ഉപേക്ഷിച്ച ആ പുസ്തകത്തിന്റെ വേറൊരു കോപ്പി കുറേ കൊല്ലങ്ങൾക്കു ശേഷം എനിക്ക് വീണു കിട്ടുന്നത് അങ്ങാടിയിലെ ആക്രി പീടികയ്ക്ക് മുമ്പിലെ തുലാവർഷം നനഞ്ഞ നിരത്തിൽ നിന്നാണ്.
ഈ പുസ്തക വിത്തിന്റെ ഓരോ പൊടിപ്പിൽ നിന്നും മഴപ്പൂപ്പൽ മുറ്റിയ തളിർപ്പച്ച നിറമുള്ള ഓരോ വഴികൾ പുറപ്പെട്ടു നീളുന്നു. കുട്ടിക്കാലത്തിന്റെ പൊന്തകളിലേക്കും മൈതാനങ്ങളിലേക്കും മഴമൂലകളിലേക്കും അവ നീണ്ടു ചെല്ലുന്നു.
ഷെരീഫിന്റെ കവിതകളും ഇതേ പുസ്തക വിത്ത് എന്ന ആശയത്തിൽ നിന്നു തന്നെ രൂപം കൊണ്ടതാണ്. ആ വിത്ത് മുളച്ച് വളർന്നു വലുതാകാനുള്ള മഴയെ ഈ കവി, ചിത്രകാരൻ, എഴുത്തുകാരൻ തന്റെ ഭാവനയിലൂടെ ഒഴുക്കിക്കൊണ്ടുവരുന്നു. കവിതയുടെയും ചിത്രത്തിന്റെയും വിത്തുകളും അയാൾ മറ്റൊരിടത്തു നിന്നല്ല കൊണ്ടുവരുന്നത്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."