പാലക്കാട് ഷാജഹാന് വധം: രണ്ടു പേര് പിടിയില്‍, ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു
പാലക്കാട്: സി.പി.എം പാലക്കാട് മരുതറോഡ് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഷാജഹാന്റെ വധത്തില്‍ രണ്ടുപേര്‍ പിടിയില്‍. ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. കേസ് അന്വേഷിക്കാന്‍ പാലക്കാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഇന്നലെ നിയമിച്ചിരുന്നു.
പിടിയിലായവരെ പൊലിസ് ചോദ്യം ചെയ്യുകയാണ്. ഒരാളെ പട്ടാമ്പിയില്‍ നിന്നും മറ്റൊരാളെ പൊള്ളാച്ചിയില്‍ നിന്നുമാണ് പിടികൂടിയത്.
പാലക്കാട് ഡിവൈ.എസ്.പി വി.കെ രാജുവാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. സംഘത്തില്‍ 20 പേരുണ്ട്. കേസില്‍ എട്ടു പ്രതികളാണുള്ളത്. ഇതില്‍ രണ്ടുപേരെ മാത്രമാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ ശക്തമാണ്. പ്രതികള്‍ ബി.ജെ.പി അനുഭാവികളാണെന്നാണ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്.
ഞായറാഴ്ച രാത്രിയാണ് ഷാജഹാനെ വീടിന് മുന്നില്‍വച്ച് ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. തലയ്ക്കും കഴുത്തിനും വെട്ടേറ്റ ഷാജഹാനെ ശബ്ദംകേട്ട് ഓടിയെത്തിയ പരിസരവാസികളും ബന്ധുക്കളും ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."