ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് കാറ്ററിങ് മാനേജരെ തല്ലി ശിവസേനാ നേതാവ്
മുംബൈ: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിളമ്പിയതിന് കാറ്ററിംഗ് സര്‍വീസ് മാനേജരെ തല്ലി ശിവ സേനാ നേതാവ്. ഏകനാഥ് ഷിന്‍ഡെ വിഭാഗം ശിവസേന എം.എല്‍.എ സന്തോഷ് ബംഗാര്‍ കാറ്ററിങ് മാനേജരെ മര്‍ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ ഹിംഗോലി ജില്ലയില്‍ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് നല്കുന്ന ഭക്ഷണം ഗുണനിലവാരമില്ലാത്തതിന്റെ പേരിലാണ് എം.എല്‍.എ സന്തോഷ് ബംഗാര്‍ മാനേജരെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്യുന്നത്. ഭക്ഷണത്തിന്റെ ഗുണനിലവാരത്തക്കുറിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ അവിടേക്ക് പോയതെന്നാണ് ബംഗാര്‍ നല്കിയ വിശദീകരണം.
ജൂലൈയില്‍ മഹാരാഷ്ട്ര നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിന് മിനിറ്റുകള്‍ക്ക് മുമ്പാണ് ഹിംഗോളിയില്‍ നിന്നുള്ള ശിവസേന എം.എല്‍.എ സന്തോഷ് ബംഗാര്‍ ഷിന്‍ഡെയുടെ ക്യാമ്പില്‍ ചേര്‍ന്നത്. തുടര്‍ന്ന് സേന നേതൃത്വം ഹിംഗോലി ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്ന് ബംഗാറിനെ നീക്കിയിരുന്നു.
2019ലെ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഹിംഗോളിയിലെ കലംനൂരിയില് നിന്ന് വിജയിച്ച ബംഗാര്‍, മഹാരാഷ്ട്രയിലെ പരിസ്ഥിതി മോശമായെന്നും, ഷിന്‍ഡെയുടെ ക്യാമ്പിലുള്ള എല്ലാ എം.എല്‍.എമാരും ശിവസേനയിലേക്ക് മടങ്ങിവരണമെന്നും ഉദ്ധവ് താക്കറെ അവരോട് ക്ഷമിക്കുമെന്നും കരഞ്ഞുക്കൊണ്ട് പറയുന്ന ബംഗാറിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."