കൊച്ചിയിലെ ഫ്‌ലാറ്റിലെ കൊലപാതകം; മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് പൈപ്പ് ഡക്ടില്‍; സുഹൃത്തിനെ കാണാനില്ല
കൊച്ചി: കൊച്ചിയില്‍ ഫ്‌ലാറ്റില്‍ യുവാവിനെ കൊല്ലപെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയെയാണ് കാക്കനാട് ഇടച്ചിറയിലെ ഓക്‌സോണിയ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാനില്ലെന്ന് പൊലിസ് പറഞ്ഞു. ഫ്‌ലാറ്റിലെ പൈപ്പ് ഡെക്റ്റിനിടയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു.
ഇന്നലെ വൈകിട്ട് മലപ്പുറത്ത് തെഞ്ഞിപ്പാലത്തിനു സമീപമാണ് അര്‍ഷാദിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. ഇയാള്‍ കോഴിക്കോടേക്ക് രക്ഷപ്പെട്ടതായാണ് പൊലീസ് സംശയിക്കുന്നത്.
കോഴിക്കോട് പയ്യോളി സ്വദേശിയായ ഇയാള്‍ക്കുവേണ്ടി വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചില്‍ നടത്തി. കൊലപാതകം നടന്നത് 12ാം തിയതിക്കും 16ാം തിയതിക്കും ഇടയിലാണെന്നും എഫ്‌ഐആറില്‍ പറയുന്നത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുക.
രണ്ടുദിവസമായി സജീവിനെ ഫോണില്‍ കിട്ടാതായതോടെ ഫ്‌ലാറ്റിലെ സഹതാമസക്കാര്‍ വന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ലാറ്റ് പുറത്തേക്ക് പൂട്ടിയ നിലയില്‍ കണ്ടതോടെ സെക്യൂരിറ്റിയെ വിവരം അറിയിക്കുകയും പൊലീസ് എത്തിയ ശേഷം മറ്റൊരു താക്കോല്‍ ഉണ്ടാക്കി ഫ്‌ലാറ്റ് തുറക്കുകയും ആയിരുന്നു. മുറിയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സജീവിന്റെ മൃതദേഹം കവറും ബെഡ്ഷീറ്റും ഉപയോഗിച്ച് പൊതിഞ്ഞ നിലയില്‍ കണ്ടത്.
കൊലപാതകി എന്ന് സംശയിക്കുന്ന അര്‍ഷാദ് ഈ ഫ്‌ലാറ്റിലെ സ്ഥിരതാമസക്കാരന്‍ ആയിരുന്നില്ല. സ്ഥിരതാമസക്കാരന്‍ ആയിരുന്ന അംജാദ് എന്നയാളുടെ സുഹൃത്താണ് അര്‍ഷാദ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍ഷാദ് ഇവിടെ താമസിക്കാനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."