അല്‍വാറില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ അടിച്ചു കൊന്നു
ജയ്പൂര്‍: അല്‍വാറില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. 45 കാരനായ ചിരഞ്ജിലാല്‍ ആണ് കൊല്ലപ്പെട്ടത്. അല്‍വാര്‍ ജില്ലയിലെ ഗോവിന്ദ്ഗഢ് പട്ടണത്തിലെ രാംബാസ് ഗ്രാമത്തിലാണ് ക്രൂര സംഭവം.
മോഷണക്കുറ്റം ആരോപിച്ച് 20-25 പേരടങ്ങുന്ന സംഘം ചിരഞ്ജിലാലിനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇയാളുടെ നിലവിളി കേട്ട് പാടത്തേക്ക് ഓടിയെത്തിയ ആളുകള്‍ ചിരഞ്ജിലാല്‍ ബോധരഹിതനായി നിലത്ത് കിടക്കുന്നതാണ് കണ്ടത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിസര്‍ജ്ജനം ചെയ്യുന്നതിനായി തന്റെ പാടത്തേക്ക് പോയതായിരുന്നു ഇയാള്‍.
ചിരഞ്ജിലാല്‍ ട്രാക്ടര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു എന്നാണ് കൊലപാതകികള്‍ പറയുന്നത്. ഇവര്‍ തന്നെ പൊലിസിനെ വിളിച്ചുവരുത്തുകയായിരുന്നു. രാവിലെ 6.30 ഓടെ ഗോവിന്ദ്ഗഡ് പൊലിസ് എത്തിയപ്പോള്‍ അക്രമികളും ഗ്രാമവാസികളും തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. പൊലിസ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ചിരഞ്ജിലാല്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ പ്രകോപിതരായ കുടുംബാംഗങ്ങളും ഗ്രാമത്തിലെ ജനങ്ങളും രാംഗഡ്‌ഗോവിന്ദ്ഗഡ് റോഡ് തടയുകയും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബാംഗത്തിന് ജോലി നല്‍കണമെന്നും പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മൂന്ന് ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തില്ലെന്ന നിലപാടിലായിരുന്നു കുടുംബം. തുടര്‍ന്ന് സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചക്ക് തയ്യാറായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."