ജോർദാൻ കിരീടവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ ഇനി സഊദിയുടെ മരുമകൻ
റിയാദ്: ജോർദാൻ കിരീടവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹ നിശ്ചയം റിയാദിൽ നടന്നു. റിയാദിലെ റജ്‌വ ഖാലിദ് ബിൻ മുസൈദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫ് ആണ് വധു. ഇരുവരുടെയും മോതിരം കൈമാറ്റ ചടങ്ങും പൂർത്തിയായതായും ജോർദാൻ റോയൽ കോർട്ട് അറിയിച്ചു.
ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈന്റെയും മാതാവ് റാനിയ അൽ അബ്ദുള്ള രാജ്ഞിയുടെയും സാന്നിധ്യത്തിലാണ് കിരീടാവകാശിയായ അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ രാജകുമാരന്റെ വിവാഹനിശ്ചയം നടന്നത്. റിയാദിലെ റജ്‌വയുടെ പിതാവിന്റെ വസതിയിൽ ഹാഷിം ബിൻ അബ്ദുല്ല രണ്ടാമൻ, പ്രിൻസ് അലി ബിൻ അൽ ഹുസൈൻ, പ്രിൻസ് ഹാഷിം ബിൻ അൽ സൈഫ്, പ്രിൻസ് ഗാസി ബിൻ മുഹമ്മദ്, പ്രിൻസ് റാഷിദ് ബിൻ അൽ ഹസൻ, അൽ സെയ്ഫ് കുടുംബത്തിലെ നിരവധി അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
28 കാരനായ ഹുസൈന്‍ രാജകുമാരന്‍ അമ്മാനിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 2016 ൽ അമേരിക്കയിലെ ജോർജ്ജ്ടൗൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ഹിസ്റ്ററിയിൽ ബിരുദം നേടി. ശേഷം ബ്രിട്ടീഷ് മിലിട്ടറി അക്കാദമി സാൻഡ്‌ഹർസ്റ്റിൽ നിന്നും ബിരുദം നേടി ഇപ്പോൾ കിരീടവകാശി സ്ഥാനത്തോടൊപ്പം ജോർദാനിയൻ സായുധ സേനയിൽ ക്യാപ്റ്റൻ പദവിയും വഹിക്കുന്നു.
1994 ഏപ്രിൽ 28 ന് റിയാദിൽ ഖാലിദ് ബിൻ മുസാഇദ് ബിൻ സെയ്ഫ് ബിൻ അബ്ദുൽ അസീസ് അൽ സെയ്ഫ്, അസ്സ ബിൻത് നായിഫ് അബ്ദുൽ അസീസ് അഹമ്മദ് അൽ സുദൈരി ദമ്പതികളുടെ മകളായാണ് റജ്‌വയുടെ ജനനം. ഫൈസൽ, നായിഫ്, ദാന എന്നിവർ സഹോദരങ്ങളാണ്. സഊദി അറേബ്യയിൽ സെക്കൻഡറി വിദ്യാഭ്യാസം നേടിയ ശേഷം യുഎസിലെ ന്യൂയോർക്കിലെ സിറാക്കൂസ് യൂണിവേഴ്സിറ്റിയിലെ ആർക്കിടെക്ചർ ഫാക്കൽറ്റിയിൽ ഉന്നത വിദ്യാഭ്യാസം നേടി.
അൽ സെയ്ഫ് കുടുംബത്തിന്റെ ഉത്ഭവം സുബൈ ഗോത്രത്തിൽ നിന്നാണ്. അവർ അബ്ദുൽ അസീസ് അൽ സഊദ് രാജാവിന്റെ ഭരണത്തിന്റെ തുടക്കം മുതൽ നജ്ദിലെ സുദൈറിലെ അൽ അതാർ പട്ടണത്തിലെ ശൈഖുമാരായി വാഴുന്നവരാണ്. ജോര്‍ദാന്‍ രാജകുമാരി ഇമാന്‍ ബിന്‍ത് അബ്‍ദുല്ലയും ന്യൂയോര്‍ക്ക് സ്വദേശി ജമീല്‍ അലക്സാണ്ടറും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ മാസം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."