ചില്ലറ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയും: ആർ.ബി.ഐ
മുംബൈ • രാജ്യത്തെ ചില്ലറ പണപ്പെരുപ്പം എട്ട് മാസത്തിനുശേഷം അഞ്ച് ശതമാനമായി കുറയുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ.
ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള രാജ്യത്തെ ചില്ലറ പണപ്പെരുപ്പ നിരക്ക് ഏഴു ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ, ജൂൺ എത്തുമ്പോഴേക്ക് അഞ്ച് ശതമാനമായി കുറയുമെന്ന് ആർ.ബി.ഐ പുറത്തിറക്കിയ പ്രതിമാസ ബുള്ളറ്റിനിൽ വ്യക്തമാക്കി.
പ്രതീക്ഷിച്ചപോലെ പണപ്പെരുപ്പം കുറയുകയാണെങ്കിൽ ആർ.ബി.ഐയുടെ ടോളറൻസ് ബാൻഡിനുള്ളിലായിരിക്കും പണപ്പെരുപ്പ നിരക്ക്. അടുത്ത സാമ്പത്തികവർഷം ഏപ്രിൽ-ജൂണിന് ശേഷം പണപ്പെരുപ്പത്തെ നാലു ശതമാനത്തിലേക്ക് എത്തിക്കുകയെന്നതാണ് ആർ.ബി.ഐ പണനയ സമിതി (എം.പി.സി)യുടെ മുന്നിലുള്ള വെല്ലുവിളി.
ഉപഭോക്തൃ വിലസൂചിക അനുസരിച്ചുള്ള ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.71 ശതമാനത്തിലേക്ക് ഇടിഞ്ഞതായി ആർ.ബി.ഐ ഓഗസ്റ്റ് 12ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
ജൂലൈയിൽ പണപ്പെരുപ്പം അഞ്ച് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയെങ്കിലും ആർ.ബി.ഐയുടെ ടോളറൻസ് ബാൻഡിന് പുറത്തായിരുന്നു.
ആർ.ബി.ഐ റിപ്പോ നിരക്കുകൾ ഉയർത്തിയതോടെ രാജ്യത്തെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകൾ നിക്ഷേപ-വായ്പാ പലിശ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."